തിരുവനന്തപുരം: സ്‌കൂൾ വിട്ടുവരുന്നതിനിടെ ഫുട്പാത്തിലെ പൊട്ടിയ സ്ലാബിനിടയിൽ കാൽ കുടുങ്ങി വിദ്യാർത്ഥിക്ക് പരിക്ക്. മണക്കാട് ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ്‌വൺ വിദ്യാർത്ഥിനി ആദിത്യ മുരളിയുടെ (16) വലതുകാലിനാണ് പരിക്കേറ്റത്. കാലിൽ 22 തുന്നലുണ്ട്. ഇന്നലെ വൈകിട്ട് 4.30ഓടെയായിരുന്നു സംഭവം. ഫോർട്ട് പൊലീസ് സ്റ്റേഷന് സമീപത്തെ ഫുട്പാത്തിലെ പൊട്ടിയ സ്ലാബിനിടയിൽ കാൽ കുടുങ്ങുകയായിരുന്നു. ഓടയിലേക്ക് താഴ്ന്ന കാൽ സ്ലാബിന്റെ കമ്പിയിൽ തറച്ചാണ് മുറിഞ്ഞത്. അദ്ധ്യാപകരും മറ്റ് വിദ്യാർത്ഥികളും ചേർന്ന് ആദിത്യയെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.