തിരുവനന്തപുരം: രാഷ്ട്രീയ ഗുണ്ടായിസത്തെത്തുടർന്ന് വിദ്യാർത്ഥിയായ അഖിലിന് കുത്തേറ്റ യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥികളുടെ പേടി സ്വപ്നമായ ഇടിമുറിയിൽ കയറാൻ പൊലീസിനും പേടി. സ്വന്തം പ്രവർത്തകന്റെ നെഞ്ചിൽ കഠാര കുത്തിയിറക്കുകയും പെൺകുട്ടികളുൾപ്പെടെയുളളവർ പ്രതിഷേധവുമായി നടുറോഡിലിറങ്ങുകയും കാമ്പസും പരിസരവും സംഘർഷഭരിതമാകുകയും ചെയ്തിട്ടും കോളേജിൽ ഇടിമുറി എന്നറിയപ്പെടുന്ന സ്ഥലം പിരശോധിക്കാൻ പൊലീസ് തയാറാവുന്നില്ലെന്ന ആക്ഷേപം ശക്തമായി. ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ അക്രമിച്ച കേസിൽ പ്രതിയായ എസ്.എഫ്.ഐ നേതാവ് നസീമിന്റെ നേതൃത്വത്തിലാണ് ഇന്നലെയും കോളേജ് വളപ്പിൽ അക്രമമുണ്ടായത്. മണക്കാട് സ്വദേശി നസിം, ആറ്റുകാൽ സ്വദേശി ശിവരഞ്ജിത്ത്, എസ്.എഫ്.ഐ പ്രവർത്തകരായ അമർ,അദ്വൈത് , ആദിൽ,ആരോമൽ, ഇബ്രാഹിം എന്നീ ഏഴംഗ സംഘമാണ് അഖിലിനെയും ആക്രമിച്ചത്. ഇവർക്കെതിരെ വധശ്രമത്തിന് കേസെടുത്തെങ്കിലും ഒരാളെപ്പോലും അറസ്റ്റ് ചെയ്യാൻ പൊലീസിനായിട്ടില്ല. പ്രതികൾ ഒളിവിലാണെന്നും ഉടൻ പിടകൂടുമെന്നുമാണ് പൊലീസ് ഭാഷ്യം.
അതേസമയം സംഭവത്തിലെ ജനരോഷവും പാർട്ടിയ്ക്കും എസ്.എഫ്.ഐയ്ക്കുമുള്ള പേരുദോഷവും ഒഴിവാക്കാൻ പ്രതികളെ എത്രയും പെട്ടെന്ന് കീഴടക്കി സംഭവത്തിൽ നിന്ന് തലയൂരാനുള്ള ശ്രമങ്ങൾ അണിയറയിൽ പുരോഗമിക്കുന്നുണ്ട്. കുത്തേറ്റ അഖിൽ അപ്പോഴും മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് ആരോഗ്യനിലയിൽ പുരോഗതിയുണ്ടെങ്കിലും ശസ്ത്രക്രിയക്കുശേഷം അഖിൽ ഇപ്പോഴും ഐ.സി.യുവിൽ നിരീക്ഷണത്തിലാണ്. അതേസമയം പാർട്ടി നേതൃത്വത്തിലെ ചിലർ അഖിലിന്റെ പിതാവും സിപി.എം അംഗവുമായ ചന്ദ്രനെ ബന്ധപ്പെട്ട് കേസൊതുക്കാൻ ശ്രമിക്കുന്നതായും അഭ്യൂഹങ്ങളുണ്ട്. എന്നാൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും ചന്ദ്രൻ വെളിപ്പെടുത്തിയിട്ടുണ്ട്. മുമ്പ് അഖിലിനെതിരെ വധശ്രമമുണ്ടായപ്പോൾ പാർട്ടി നേതൃത്വത്തിന് പരാതി നൽകിയിരുന്നെങ്കിലും പാർട്ടിയിൽ നിന്ന് യാതൊരു നടപടിയുമുണ്ടായില്ല. വീണ്ടും അഖിലിനെതിരെ വധശ്രമമുണ്ടായതിന്റെ ആശങ്കയിലാണ് കുടുംബം. ഉറച്ച പാർട്ടി അനുഭാവിയാണ് താനും കുടുംബവുമെന്ന് ചന്ദ്രൻ വ്യക്തമാക്കുമ്പോഴും ദേശീയ പവ്വർലിഫ്റ്റിംഗ് ചാമ്പ്യൻകൂടിയായ അഖിലിന്റെ പരിക്ക് കുടുംബത്തെ ആശങ്കയിലാക്കിയിരിക്കുകയാണ്.
കോളേജിൽ മുമ്പ് പലപ്പോഴും അക്രമം ഉണ്ടാകുകയും വിദ്യാർത്ഥികൾ പരാതിപ്പെടുകയും ചെയ്തെങ്കിലും സർക്കാരോ പൊലീസോ അനങ്ങിയിട്ടില്ല. അഖിൽ വധശ്രമക്കേസിൽ പ്രതിയായ എ.എൻ. നസീം പൊലീസ് നിയമനത്തിനുളള റാങ്ക് പട്ടികയിലുള്ളതിനാൽ ഇയാളെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കാൻ പൊലീസിനു മേൽ കടുത്ത രാഷ്ട്രീയ സമ്മർദമുണ്ട്.ആൺ സുഹൃത്തുമായി 2 വിദ്യാർത്ഥിനികൾ കോളജിനുള്ളിൽ സംസാരിച്ചതിന്റെ പേരിൽ 2 വർഷം മുമ്പും എസ്.എഫ്.ഐ കാമ്പസിൽ അക്രമം അഴിച്ചുവിട്ടിട്ടുണ്ട്. കോളേജ് തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാനെത്തിയ എ.ഐ.എസ്.എഫ് ജോയിന്റ് സെക്രട്ടറിയെ ഈയിടെ മുണ്ടുരിഞ്ഞ് ഓടിച്ചുവിട്ടു. കഴിഞ്ഞ ഫെബ്രുവരിയിൽ കാമ്പസിൽ പണപ്പിരിവ് ചോദ്യം ചെയ്ത അന്ധവിദ്യാർത്ഥിക്കു നേരെയും ഭീഷണിയുണ്ടായി. കഴിഞ്ഞദിവസത്തെ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച കോളേജ് തുറക്കുമ്പോഴും സംഘർഷസാദ്ധ്യത നിലനിൽക്കുന്നുണ്ട്. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് കോളേജിന് അവധി പ്രഖ്യാപിക്കുമോയെന്നും വ്യക്തമല്ല.