നേമം: മദ്യ ലഹരിയിൽ കെ.എസ്.ആർ.ടി.സി ബസ് യാത്രക്കാരൻ കണ്ടക്ടറെ മർദ്ദിച്ച് അവശനാക്കി. സംഭവത്തിന് ശേഷം ബസിൽ നിന്ന് ഇറങ്ങിയോടിയ ഇയാളെ കരമന പൊലീസ് ഒാടിച്ചിട്ട് പിടികൂടി. നെയ്യാറ്റിൻകര തൊഴുക്കൽ സ്വദേശിയും തിരുവനന്തപുരത്തുളള ഒരു സർക്കാർ സ്ഥാപനത്തിലെ ലിഫ്റ്റ് ഓപ്പറേറ്ററുമായ പ്രേംകുമാർ (29) ആണ് പിടിയിലായത്. കഴിഞ്ഞദിവസം വൈകിട്ട് 6 മണിക്കായിരുന്നു സംഭവം. കെ.എസ്.ആർ.ടി.സി നെയ്യാറ്റിൻകര ഡിപ്പോയിലെ കണ്ടക്ടറും പെരുങ്കടവിള സ്വദേശിയുമായ ഗോഡ്‌വിനാണ് (49) മർദ്ദനമേറ്റത്. മെഡിക്കൽ കോളേജിൽ നിന്ന് കരമന വഴി നെയ്യാറ്റിൻകരയിലേക്ക് സർവീസ് നടത്തുകയായിരുന്ന ബസിലെ യാത്രക്കാരനായിരുന്നു പ്രേംകുമാർ. ബസ് കൈമനത്തെത്തിയപ്പോഴായിരുന്നു കണ്ടക്ടറുടെ നേരെയുളള ആക്രമണം. നെയ്യാറ്റിൻകരയ്ക്ക് ടിക്കറ്റെടുത്ത പ്രേംകുമാറിന് ബാലൻസ് നൽകിയില്ല എന്നാരോപിച്ചായിരുന്നു മർദ്ദനം. ശരീരമാസകലം മർദ്ദനമേൽക്കുകയും മുഖത്തേറ്റ ഇടിയിൽ പല്ലുകൾക്ക് ബലക്ഷയം സംഭവിക്കുകയും ചെയ്തു. മർദ്ദനമേറ്റ ഗോഡ്‌വിൻ ആദ്യം നേമം ശാന്തിവിള താലൂക്കാശുപത്രിയിലും തുടർന്ന് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും ചികിത്സ തേടുകയായിരുന്നു. സംഭവത്തിന് ശേഷം ബസിൽ നിന്ന് ഇറങ്ങിയോടിയ പ്രേംകുമാറിനെ പൊലീസുകാർ കീഴ്പ്പെടുത്താൻ ശ്രമിച്ചെങ്കിലും ഇയാൾ പൊലീസുകാരെ ആക്രമിക്കാൻ മുതിരുകയായിരുന്നു. പ്രതിയെ ഇന്നലെ കോടതിയിൽ ഹാജരാക്കി.