വിതുര: പൊൻമുടി- വിതുര- നെടുമങ്ങാട് സംസ്ഥാനപാതയിൽ യാത്രാക്ലേശം രൂക്ഷമായതായി പരാതി. വിതുര നെടുമങ്ങാട് ഡിപ്പോകളിൽ നിന്നും ഇപ്പോൾ നാമമാത്രമായ സർവീസുകളാണ് പൊൻമുടി റൂട്ടിൽ ഉള്ളത്. പ്രധാന കേന്ദ്രങ്ങളിൽ നിന്നു തന്നെ നിറയെ യാത്രക്കാരുമായി എത്തുന്ന പൊൻമുടി ബസിൽ വഴി മദ്ധ്യേ ആർക്കും കയറാൻ പോലും കഴിയില്ല. യാത്രാ ദുരിതം ചൂണ്ടിക്കാട്ടി അനവധി തവണ കെ.എസ്.ആർ.ടി.സി അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടികൾ സ്വീകരിക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധവും ഉയർന്നിട്ടുണ്ട്. മുൻപ് തിരുവനന്തപുരം, നെയ്യാറ്റിൻകര, കാട്ടാക്കട, വിഴിഞ്ഞം ഡിപ്പോകളിൽ നിന്നും പൊൻമുടിയിലേക്ക് സർവീസ് നടത്തിയിരുന്ന ബസുകളൊക്കെ കാരണംകൂടാതെയും മുന്നറിയിപ്പില്ലാതെയും നിറുത്തലാക്കുകയായിരുന്നു.

ജൂൺ -ജൂലായ് മാസത്തിൽ ഇതുവരെ കാണാത്ത തിരക്കാണ് പൊൻമുടിയിൽ ഉള്ളത്. ഇതിൽ മിക്ക സഞ്ചാരികളും എത്തുന്നത് ബസിലാണ്. അതുകാരണം ഇവിടേക്കുള്ള യാത്ര തിങ്ങിനിറഞ്ഞാണ്.

തൊളിക്കോടേ, വിതുര, ആനപ്പാറ, കല്ലാർ പൊൻമുടി എന്നിവിടങ്ങളിലെ ജനങ്ങൾ സ്വന്തം വീടുകളിൽ എത്താൻ പലപ്പോഴും വാഹനം കിട്ടാറില്ല.

ക്ലാസ് കഴിഞ്ഞ് വീടുകളിലേക്ക് മടങ്ങുന്ന വിദ്യാർത്ഥികളാണ് ഏറ്റവും ബുദ്ധിമുട്ടുന്നത്. ബസുകളിൽ തിരക്കുള്ളതിനാൽ പല ബസുകളും ഇവർക്കുമുന്നിൽ നിറുത്താറില്ലെന്നും പരാതിയുണ്ട്.

പൊൻമുടിയിലേക്കുള്ള യാത്രക്കാർ നേരിടുന്ന യാത്രാദുരിതത്തിന് പരിഹാരം കാണാൻ കൂടുതൽ സർവീസുകൾ ആരംഭിക്കണമെന്നാണ് ഇവിടുത്തെ നാട്ടുകാരുടെ ആവശ്യം.

വിതുര, നെടുമങ്ങാട്, തിരുവനന്തപുരം ഡിപ്പോകളിൽ നിന്നും കൂടുതൽ ബസ് സർവീസുകൾ പൊൻമുടി റൂട്ടിൽ അയയ്ക്കുമെന്ന് ഇടയ്ക്ക് ട്രാൻസ്പോർട്ട് മേധാവികൾ പ്രഖ്യാപനം നടത്തിയെങ്കിലും യാഥാർത്ഥ്യമായില്ല. മാത്രമല്ല യാത്രാക്ലേശം പരിഹരിക്കണമെന്നാവശ്യപ്പെട്ട് അനവധി സമരങ്ങളും അരങ്ങേറി. എന്നിട്ടും ഫലം കണ്ടില്ലെന്നും പരാതിയുണ്ട്.