തിരുവനന്തപുരം: സംസ്ഥാന പൊലീസിൽ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ജീവനൊടുക്കിയത് അമ്പതിലധികം പൊലീസുകാർ. സംസ്ഥാന ക്രൈം റെക്കാഡ്സ് ബ്യൂറോയുടെ 2018 മാർച്ച് വരെയുള്ള കണക്ക് പ്രകാരം 45 പൊലീസുകാരാണ് ആത്മഹത്യ ചെയ്തത്. അതിനുശേഷമുള്ള കണക്കുകൂടി നോക്കിയാൽ അമ്പതിലധികം വരുമെന്നാണ് അധികൃതർ പറയുന്നത്. ജോലിയിലുള്ള സമ്മർദ്ദവും കുടുംബപ്രശ്നങ്ങളും ഉൾപ്പെടെയുള്ള കാരണങ്ങളാണ് ആത്മഹത്യയ്ക്ക് പിന്നിൽ. കഴിഞ്ഞ ദിവസം കൊട്ടിയം സ്റ്റേഷനിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥ കുണ്ടറ സ്വദേശി വസന്തകുമാരി (44) ജീവനൊടുക്കിയതാണ് ഒടുവിലത്തെ സംഭവം.
ജോലി സമ്മർദ്ദമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് റിപ്പോർട്ട്. മുമ്പ് എറണാകുളത്ത് എസ്.ഐ ആത്മഹത്യ ചെയ്ത സംഭവം വിവാദമായതിനെത്തുടർന്ന് ഉദ്യോഗസ്ഥരുടെ ജോലി സമ്മർദ്ദത്തെക്കുറിച്ച് പഠിക്കാൻ ഡി.ജി.പി സമിതിയെ നിയോഗിച്ചിരുന്നു. എന്നാൽ, സമിതി റിപ്പോർട്ട് സമർപ്പിച്ചിട്ടും തുടർനടപടികൾ ഉണ്ടായില്ല.
വാക്കുതർക്കത്തിനിടെ യുവാവിനെ കാറിന് മുന്നിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഡിവൈ.എസ്.പി ഹരികുമാറുൾപ്പെടെ ഈ കാലയളവിൽ തലസ്ഥാനത്തുമാത്രം അരഡസനിലധികം പൊലീസുകാർ ജീവനൊടുക്കിയിട്ടുണ്ട്. ആലപ്പുഴയിൽ പൊലീസുകാരിയെ കൊലപ്പെടുത്തുന്നതിനിടെ പൊള്ളലേറ്റ പൊലീസുകാരൻ മരിക്കാനിടായ സംഭവവും അടുത്തകാലത്ത് ഉണ്ടായി.
ജോലി സമ്മർദ്ദം കുറയ്ക്കാനും പ്രശ്നങ്ങൾ പരിഹരിക്കാനും പൊലീസുകാർക്ക് യോഗയും കൗൺസലിംഗും നിർബന്ധമാക്കാൻ നിർദേശമുണ്ടായെങ്കിലും ഇതൊന്നും ഫലപ്രദമല്ലെന്നതിന്റെ തെളിവാണ് ആവർത്തിക്കുന്ന സംഭവങ്ങൾ. അച്ചടക്കത്തിന്റെയും കാര്യക്ഷമതയുടെയും കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്തതിനാൽ വളരെയധികം സമ്മർദ്ദങ്ങൾ നേരിടേണ്ടിവരുന്ന വിഭാഗമാണ് പൊലീസ് സേന. വർദ്ധിച്ച ജോലിഭാരവും കുടുംബപ്രശ്നങ്ങളും ആരോഗ്യപരമായ കാരണങ്ങളും താങ്ങാനാകാതെ ചിലർ മദ്യത്തിനും മറ്ര് ലഹരി വസ്തുക്കൾക്കും അടിമകളാകുന്നുണ്ട്. ഇത് ശാരീരിക ആരോഗ്യത്തിനൊപ്പം മാനസികനിലയും സാമ്പത്തിക സ്ഥിതിയും തകർക്കുന്നതോടെ പലരും ആത്മഹത്യയിൽ അഭയം തേടുന്നതായാണ് കണ്ടുവരുന്നത്.
ലോക്കൽ സ്റ്റേഷനുകളിലെ പൊലീസുകാരാണ് ആത്മഹത്യ ചെയ്തവരിൽ അധികവും. ആത്മഹത്യകളുടെ എണ്ണം കൂടുന്നെങ്കിലും പൊലീസുകാരുടെ ജോലിഭാരവും അവർ നേരിടുന്ന ആരോഗ്യ, മാനസിക പ്രശ്നങ്ങളും ശാസ്ത്രീയമായി പഠിക്കാനുള്ള സംവിധാനം സേനയിൽ ഇല്ലെന്നാണ് ആക്ഷേപം.
ജീവനൊടുക്കിയവർ
2014 - 9
2015 - 6
2016 - 13
2017 - 14
2018 - മാർച്ച് വരെ -3
''
ജോലി സ്ഥലത്തിന് പുറത്തെ സമ്മർദ്ദം അതിജീവിക്കാൻ പൊലീസ് ഉദ്യോഗസ്ഥന് കഴിയുമെങ്കിലും ജോലി സ്ഥലത്തെ സമ്മർദ്ദം ഒഴിവാക്കാൻ നടപടികൾ ഉണ്ടാകണം. ജനസംഖ്യാ വർദ്ധനവിനും പദ്ധതികൾക്കുമനുസരിച്ച് സേനയിലെ അംഗബലംകൂടി കൂട്ടിയാൽ ജോലിഭാരവും സമ്മർദ്ദവും കുറയ്ക്കാൻ കഴിയും.