വൈകുന്നേരത്ത് ഒന്നു നടക്കാനിറങ്ങിയതാണ്. അപ്പോഴുണ്ട് ഒരു സന്ദർശകൻ. ഒരു ഡോക്ടറാണ്. അദ്ദേഹം പറഞ്ഞു, ''ഞാനും വരാം നടക്കാൻ."
റോഡിലെ വാഹനങ്ങളും പൊടിയും പുകയും ഒഴിവാക്കാനായി, ശിവഗിരി ഹയർ സെക്കൻഡറി സ്കൂളിന്റെ നീണ്ട വരാന്തയിലാണ് നടത്തം. സ്കൂളിൽ കുട്ടികൾ നല്ല പച്ചക്കറിത്തോട്ടം ഉണ്ടാക്കിയിരിക്കുന്നു. വിളവെടുക്കാറായ കോളിഫ്ളവർ തഴച്ചു നില്ക്കുന്നു. ഡോക്ടർ പറഞ്ഞു, ''നല്ല പോഷകാംശമുള്ള ആഹാരമാണിത്. പക്ഷേ ഉള്ളിൽ പുഴുവുണ്ടായിരിക്കും. മഞ്ഞൾ വെള്ളത്തിൽ ഒരു മണിക്കൂർ ഇട്ടിരുന്നാൽ പുഴുക്കൾ വെളിയിൽ ചാടും. പിന്നീടേ ഉപയോഗിക്കാവൂ."
''എങ്ങനെയാണ് ഡോക്ടർ ഈ വസ്തു ശരീരത്തെ പോഷിപ്പിക്കുന്നത്?"
''അതു പാകം ചെയ്തു കഴിക്കുമ്പോൾ ശരീരം അതിനെ ആഗിരണം ചെയ്തുകൊള്ളും."
''ആഹാരമൊന്നും കഴിക്കാതിരുന്നാൽ എന്തു സംഭവിക്കും?"
''ധാതുക്ഷയമുണ്ടാകും."
''എത്ര ധാതുക്കളുണ്ട്?"
''ഏഴ്. രസം, രക്തം, മാംസം, മേദസ്, അസ്ഥി, മജ്ജ, ശുക്ളം എന്നിങ്ങനെ."
''ആഹാരം കഴിക്കുമ്പോൾ ധാതുപുഷ്ടിയുണ്ടാകും. അല്ലേ?"
''അതേ."
''ഇരിക്കട്ടെ, ആമാശയത്തിലൂടെയും കുടലിലൂടെയും കടന്നു പോകുന്ന ഈ ആഹാരസാധനങ്ങൾ ഈ ഏഴു ധാതുക്കളുമായി രൂപാന്തരപ്പെട്ടതെങ്ങനെയാണ്? ഇതിൽ ഓരോ ധാതുവും വ്യത്യസ്തഗുണങ്ങളും ധർമ്മങ്ങളും ഉള്ളതുമാണ്. അവയോടു നേരിട്ടൊരു ബന്ധവുമില്ലാത്തതാണ് ഈ ആഹാരപദാർത്ഥങ്ങൾ. ആ ധാതുക്കളുമായി ഈ ആഹാരം രൂപാന്തരപ്പെട്ടതെങ്ങനെയാണ്?"
''അത് മെഡിക്കൽ സയൻസ് പഠിപ്പിക്കുന്നില്ല; പഠിപ്പിക്കാനാവുമെന്നു തോന്നുന്നതുമില്ല."
''അതിലൊരു നിഗൂഢതയില്ലേ?"
''ഉണ്ട്."
''അതുപോലെ, ഡോക്ടർമാർ രോഗികൾക്കു കൊടുക്കുന്ന മരുന്നുകൾ വെറും രാസവസ്തുക്കളാണ്. അതു കഴിച്ചാൽ രോഗിക്കുണ്ടാകുന്ന ആശ്വാസം രാസസ്വഭാവമുള്ളതേയല്ല. രോഗി ഉള്ളിൽ കഴിച്ച മരുന്ന് അയാളിൽ ആശ്വാസാനുഭവമുണ്ടാക്കുന്നത് എങ്ങനെയാണെന്നു ഡോക്ടർമാർക്കു പറയാനാകുമോ?"
''ഇല്ല."
''ആർക്കും അറിഞ്ഞെത്താനാകാത്ത ഒരു പ്രതിഭാസമല്ലേ അത്? ഇമ്മാതിരി അത്ഭുതപരത നമുക്ക് പ്രകൃതിയിൽ എവിടെയും കാണാം. ആ നിഗൂഢതയുടെ തലത്തിലേക്കു കടന്നുകയറാനുള്ള കഴിവ് ആധുനിക ശാസ്ത്രത്തിനില്ല. ഈ ശാസ്ത്രങ്ങൾ ഇപ്പോൾ ചെയ്യുന്നത് ഇങ്ങനെയൊരു നിഗൂഢതയുണ്ടെന്നതറിയാതെ തന്നെ അതിനെ ഒരു വസ്തുവായി അംഗീകരിച്ചുകൊണ്ട് അതിന്മേൽ ശാസ്ത്രചിന്ത പടുത്തുയർത്തുകയാണ്. സത്യത്തെ അനാവരണം ചെയ്യുന്ന ഒരു സമഗ്രശാസ്ത്രമുണ്ടെങ്കിൽ, അതിൽ സത്യത്തിന്റെ ഈ നിഗൂഢതയ്ക്കുകൂടി സ്ഥാനം നല്കേണ്ടേ?
''വേണം. അത്രത്തോളം നമ്മുടെ ശാസ്ത്രം വളർന്നിട്ടില്ല."