ആട് ഒരു ഭീകരജീവിയല്ല. ശുദ്ധ വെജിറ്റേറിയൻ. പച്ചപ്ലാവിലയും വെള്ളവും മതി ആടിന്. മഹാസാധു പിണറായി സഖാവ് സുവോളജിയിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ എടുത്തയാളൊന്നുമല്ല. ആള് തലശ്ശേരി ബ്രണ്ണൻ കോളേജിൽ നിന്ന് ചരിത്രം പഠിച്ചയാളാണെങ്കിലും ആടിന്റെ ജീവശാസ്ത്രപരമായ പ്രത്യേകത തൊട്ട് ചരിത്രപരമായ പ്രാധാന്യം വരെ നല്ലപോലെ തിരിച്ചറിയാൻ ശേഷിയും ശേമുഷിയുമുള്ള സഖാവാണ്. സഖാവിന്റേത് ആളുവില കല്ലുവിലയാണ്.
പച്ചപ്ലാവില ചവച്ചരച്ച് ഭക്ഷിക്കുന്ന ശുദ്ധവെജിറ്റേറിയനാണ് ആട് എന്ന് പറഞ്ഞല്ലോ. പ്ലാവിലയെ പോലെ ഔഷധമൂല്യമുള്ള പച്ചില വേറൊന്നില്ല ഈ ഭൂമുഖത്ത്. ആ പച്ചില ഭക്ഷിച്ച് കഴിയുന്ന ആടിനുമുണ്ട് ഔഷധമൂല്യം എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. ആട്ടിൻസൂപ്പ് കഴിച്ചും അജമാംസരസായനം സേവിച്ചും തടി നന്നാക്കാൻ പിണറായി സഖാവ് പലരോടും ഉപദേശിക്കാറുണ്ട്. അത് ആടിന്റെ ഈ ഔഷധമൂല്യം തിരിച്ചറിയുന്നത് കൊണ്ടാണ്.
പച്ചപ്ലാവില കഴിച്ചില്ലെങ്കിലും പച്ചവെള്ളം ചവച്ചരച്ച് കുടിക്കുന്ന, ഏഴര വെളുപ്പിനെഴുന്നേറ്റ് രഘുപതി രാഘവ പാടി, ചർക്കയിൽ നൂല് നൂറ്റ് ജീവിതമാരംഭിക്കുന്ന ചേർത്തലഗാന്ധി എ.കെ. ആന്റണിജി തൊട്ട് പയ്യന്നൂർ മാതമംഗലത്ത് ഗാന്ധി വേണുഗോപാൽജി വരെയുള്ളവർ ആടിനേക്കാൾ മഹാസാധുക്കളാണ് എന്നും പിണറായി സഖാവിന് ബോദ്ധ്യമുള്ളതായിരുന്നു.
സ്ഥിതിഗതികൾ ഇതൊക്കെയായിരിക്കെ, പാത്തുമ്മയുടെ ആട് തൊട്ട് കർണാടക ഗാന്ധിമാർ വരെയുള്ള അജഗണം സാധുക്കളായി വിരാജിക്കുകയാണെന്ന് ഉത്തമബോദ്ധ്യമുണ്ടായിട്ടും ആടുകളെ അധിക്ഷേപിച്ച ആ ശൈലി ഒട്ടും ശരിയായില്ല. ശൈലി മാറണം, ശൈലി മാറണം എന്ന് മുല്ലപ്പള്ളി ഗാന്ധിയും മറ്റും വിളിച്ചു പറയുന്നത് ഇതുപോലുള്ള ചില വിക്രിയകൾ കണ്ടിട്ടാണ്.
പ്ലാവില കാണിച്ചാൽ നാക്കുംനീട്ടി പിന്നാലെ പോകുന്ന ഐറ്റംസാണ് എന്ന് അധിക്ഷേപിച്ചതിന് ആടുകൾ സത്യം പറഞ്ഞാൽ പിണറായി സഖാവിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യാൻ ആലോചിച്ചതായിരുന്നു. വേണ്ടെന്ന് വച്ചത് വല്ല പ്ലാവിലയും കണ്ടാൽ സ്വയമറിയാതെ നമുക്ക് പിന്നാലെ പോവേണ്ടി വരില്ലേ എന്ന് ചിന്തിച്ചതുകൊണ്ട് മാത്രമായിരുന്നു. എടുത്തുചാടി ഏടാകൂടം വരുത്തിവയ്ക്കേണ്ടെന്ന് കരുതി.
കർണാടക ഗാന്ധിമാർ ഏതാണ്ട് പ്ലാവില കണ്ട് പോകുന്ന അജഗണത്തെ പോലെയാണെന്ന് ലക്ഷണം നോക്കി പിണറായി സഖാവ് പറയുന്നു. പ്ലാവില ഇട്ട് കൊടുത്ത് ബ്ബ, ബ്ബ, ബ്ബ എന്ന് നീട്ടി വിളിക്കുന്ന ദേഹി കാണാമറയത്താണെന്ന് പിണറായി സഖാവ് പറഞ്ഞിട്ടില്ല. ഇനി അങ്ങനെയാരെങ്കിലുമുണ്ടോ എന്ന് സഖാവ് സംശയിക്കുന്നുണ്ടോയെന്നും അറിയില്ല. ആട്ടിൻസൂപ്പും അജമാംസരസായനവും സേവിച്ചത് പോലെ ഒത്ത തടിയും താടിയും കഷണ്ടിയുമൊക്കെയായി പുരുഷലക്ഷണം തികഞ്ഞൊരു ദേഹി ബംഗലുരു വിധാൻസൗധത്തിന്റെ കാണാമറയത്തുണ്ടെന്ന് ചില അശരീരികളൊക്കെയുണ്ട്. അത് നമ്മുടെ അമിത് ഷാജിയാണോ എന്നൊന്നും ചോദിച്ചാൽ ഉത്തരം പറയാൻ ദ്റോണർ അശക്തനാണ്. ഷാജി മാനായും മാരീചനായും വന്ന് ചിലപ്പോൾ സീതയെയെന്ന പോലെ ഗാന്ധിമാരെയും കൊത്തിക്കൊണ്ട് പോയാൽ ആർക്കാണ് ചേതം!
പെട്രോളിന്റെയും ഡീസലിന്റെയും വിലനിയന്ത്രണം ന.മോ.ജി നേരത്തേ തന്നെ എടുത്തുകളഞ്ഞതായിരുന്നു. ചില നേരങ്ങളിൽ വിലനിയന്ത്രണങ്ങൾ എടുത്തുകളയുന്നതൊക്കെ ന.മോ.ജി- അമിത് ഷാജി സഖ്യത്തിനൊരു ഹോബിയാണ്. ഗോവയിലും കർണാടകയിലും ചില സുപ്രധാന ഇനങ്ങൾക്ക് വിലനിയന്ത്രണം പൂർണ്ണമായി എടുത്തുകളഞ്ഞത് ആ വിനോദത്തിന്റെ ഭാഗമായിട്ടായിരുന്നു. എം.എൽ.എ ഏതായാലും വില നിയന്ത്രണം വേണ്ടെന്നായിരുന്നു കല്പന. കർണാടകത്തിലും ഗോവയിലുമൊക്കെ വില കുത്തനെ ഇടിഞ്ഞിട്ടും ജനാധിപത്യം പുഷ്ടിപ്പെടുന്നത് ഈ വിലനിയന്ത്രണമൊഴിവാക്കൽ തിയറി ഒന്ന് കൊണ്ട് മാത്രമാണ്.
ചോര വീണ മണ്ണിൽ നിന്നുയർന്നുവന്ന പൂമരം പോലെ, സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവും പടർന്നുപന്തലിച്ച് നില്പുള്ള ഒരേയൊരു സൂപ്പർ സ്പെഷ്യാലിറ്റിക്ലിനിക് മാത്രമേയുള്ളൂ ഈ ഭൂമുഖത്ത്. സത്യം പറയണമല്ലോ, അത് നമ്മുടെ യൂണിവേഴ്സിറ്റി കോളേജാണ്.
ഇരുത്തിച്ചികിത്സയും കിടത്തിച്ചികിത്സയും ഇവിടെ ലഭ്യമാക്കാൻ സ്പെഷ്യലിസ്റ്റ് വൈദ്യന്മാരെ നിയോഗിച്ചിട്ടുണ്ട്. വേണ്ടിവന്നാൽ ഏത് പൊലീസുകാരനും, അത് ട്രാഫിക് വാർഡനായാലും, ഇവിടെ ചികിത്സ നൽകാൻ മഹാകാരുണ്യവാന്മാരായ മുറിവൈദ്യന്മാർ സജ്ജരായി നില്പുണ്ട്. കാരുണ്യ ബെനവലന്റ് സ്കീം ഏറ്റവും ഫലപ്രദമായി വിനിയോഗിക്കുന്നതും ഇവിടെയാണത്രെ. ഐസക് സഖാവ് അത് നിറുത്തിയിട്ട് പോലും ആ സ്കീമിൽ പെടുത്തിയാണ് ഒരു ബിരുദവിദ്യാർത്ഥിക്ക് കഴിഞ്ഞദിവസം ഫലപ്രദമായ ചികിത്സ ലഭ്യമാക്കിയത്. ആനാവൂർ നാഗപ്പൻ സഖാവ് തൊട്ട് ശിവൻകുട്ടി സഖാവ് വരെയുള്ളവർ ഈ വൈദ്യന്മാർക്ക് സംസ്ഥാനസർക്കാരിന്റെ ഭിഷഗ്വര പുരസ്കാരം ഏർപ്പാടാക്കിക്കൊടുക്കാൻ പിണറായി സഖാവിനോട് അഭ്യർത്ഥിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഇല്ലെങ്കിലതൊരു കുറച്ചിലായിപ്പോകുമെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ!
ഇ-മെയിൽ: dronar.keralakaumudi@gmail.com