സാഹസികനായ ബാഹുബലി കൂറ്റൻ ശിവലിംഗമാണ് കൈകളിൽ ഉയർത്തിയതെങ്കിൽ ഇന്ന് ഇരുട്ടിവെളുക്കുന്നതിന് മുമ്പേ നാലായിരം കിലോഗ്രാം ഭാരമുള്ള ചാന്ദ്രപേടകത്തെ ഉയർത്തി ബഹിരാകാശത്തേക്ക് കുതിക്കുന്നത് ഐ.എസ്.ആർ.ഒയുടെ ബാഹുബലി എന്നറിയപ്പെടുന്ന ജി.എസ്.എൽ.വി.മാർക്ക് 3 എന്ന കൂറ്റൻ വിക്ഷേപണ റോക്കറ്റാണ്. പന്ത്രണ്ട് നില കെട്ടിടത്തിന്റെയത്രയും പൊക്കവും നാലുമീറ്ററിലേറെ വ്യാസവുമുള്ള പടുകൂറ്റൻ റോക്കറ്റാണ് ബാഹുബലി.ഐ.എസ്.ആർ.ഒയ്ക്ക് ഉള്ളതിൽ ഏറ്റവും കൂടുതൽ ഭാരം വഹിച്ച് ഭൂസ്ഥിര ഭ്രമണപഥത്തിലെത്തിക്കാൻ കെൽപുള്ളതും ഇതിനാണ്. നാലായിരം ടൺ അനായാസം പൊക്കും. ഇതിനകം രണ്ട് തവണ അത് തെളിയിച്ചു. പത്തായിരം കിലോ വരെ ഉയർത്താനുള്ള ശേഷിയോടെയാണിത് രൂപകല്പന ചെയ്തിരിക്കുന്നത്.
143 അടിയാണ് ബാഹുബലിയുടെ ഉയരം. ഭാരം 6,40,000 കിലോഗ്രാം (640 ടൺ). ഒന്നാംഘട്ടത്തിൽ 86 അടി ഉയരത്തിൽ രണ്ട് സ്ട്രാപ്പോണുകൾ. ഇതിൽ ഖര ഇന്ധനമാണ്. രണ്ടാംഘട്ടത്തിൽ ദ്രവ ഇന്ധനമുള്ള ഭാഗം. മൂന്നാമത് ഇന്ത്യയിൽ തന്നെ വികസിപ്പിച്ച ക്രയോജനിക് എൻജിൻ പിടിപ്പിച്ച അവസാനഭാഗം. ഇതിനോട് ചേർന്നാണ് ചന്ദ്രയാൻ 2 കയറ്റിവയ്ക്കാനുളള നൂറ് ഘനമീറ്റർ വ്യാസമുള്ള അറ. 22 ലക്ഷം പൗണ്ടാണ് കുതിപ്പിന്റെ ആക്കം. ഒറ്റക്കുതിപ്പിൽ പതിനഞ്ച് നിമിഷങ്ങൾക്കകം ബഹിരാകാശത്തെത്തും.
ഇന്ത്യയുടെ ഒന്നാം ചന്ദ്രയാനിലും പിന്നീട് നടത്തിയ മംഗൾയാൻ ചൊവ്വാപേടകത്തിലും വിക്ഷേപണത്തിനുപയോഗിച്ചത് പി.എസ്. എൽ. വി എന്ന പടക്കുതിരയെയായിരുന്നു. പി.എസ്. എൽ.വിക്ക് ഭൂമിയിൽ നിന്ന് അധികം ഉയരത്തിൽ പോകാനുള്ള ശേഷിയില്ല. രണ്ടായിരം കിലോയിൽ കൂടുതൽ ഭാരം പൊക്കാനുമാവില്ല. ഒന്നാം ചന്ദ്രയാനെ 22860 കിലോമീറ്ററിലെ ഭ്രമണപഥത്തിലാണ് വിക്ഷേപിച്ചത്. എന്നാൽ രണ്ടാം ചന്ദ്രയാനെ 40000 കിലോമീറ്റർ ഉയരത്തിലുള്ള പഥത്തിലാണ് ബാഹുബലി എത്തിക്കുന്നത്. ഇവിടെ നിന്ന് ചാന്ദ്രപഥത്തിലേക്ക് എത്താൻ ചന്ദ്രയാന് അധികം ഇന്ധനം ചെലവാക്കേണ്ടി വരില്ലെന്ന നേട്ടവുമുണ്ട്. ജി.എസ്.എൽ.വി. ശ്രേണിയിലെ ഏറ്റവും പുതിയ റോക്കറ്റാണ് ചന്ദ്രയാൻ വിക്ഷേപണത്തിന് ഉപയോഗിക്കുന്നത്. തിരുവനന്തപുരം വി.എസ്.എസ്.സിയിലാണിത് നിർമ്മിച്ചത്. ഡയറക്ടർ എസ്. സോമനാഥ് മേൽനോട്ടം വഹിച്ചു. ഇന്ധനം വികസിപ്പിച്ചത് തിരുവനന്തപുരം വട്ടിയൂർകാവിലെ എൽ.പി.എസ്.സിയിൽ.
ഏറ്റവും ചെലവ് കുറഞ്ഞ ചാന്ദ്രപേടക ദൗത്യം
ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ ഏറ്റവും ചെലവ് കുറഞ്ഞതും ഏറ്റവും അത്യാധുനികവുമായ ചാന്ദ്രദൗത്യത്തിനാണ് നാളെ ഇന്ത്യ തുടക്കമിടുന്നത്. വിജയിച്ചാൽ അത് ശാസ്ത്രലോകത്ത് അത്ഭുതമായിരിക്കും. അമേരിക്കയ്ക്ക് 2500 ദശലക്ഷം ഡോളറും റഷ്യയ്ക്ക് 2000 ദശലക്ഷം ഡോളറും ചൈനയ്ക്ക് 840 ദശലക്ഷം ഡോളറുമാണ് ചാന്ദ്രയാത്രയ്ക്ക് ചെലവായത്. എന്നാൽ ഇന്ത്യ ഇത് സാദ്ധ്യമാക്കുന്നത് കേവലം 140 ദശലക്ഷം ഡോളറിലാണ്.
ഭൂമിവിട്ടാൽ കാത്തിരിക്കുന്നത് വെല്ലുവിളികൾ
ചെലവ് കുറവാണെങ്കിലും ദൗത്യത്തിൽ കാത്തിരിക്കുന്ന അപകടങ്ങൾക്ക് കുറവൊന്നുമില്ല. ശാസ്ത്രജ്ഞർക്ക് ഉത്കണ്ഠയുണ്ടാക്കുന്നതും അതാണ്. ഏറ്റവും വലിയ പ്രശ്നം ചന്ദ്രയാൻ 2 ഇറങ്ങാൻ ലക്ഷ്യമിടുന്നത് ചന്ദ്രനിലെ തെക്കേ ധ്രുവത്തിലാണ്. ആരും പോയിട്ടില്ലാത്ത, കണ്ടിട്ടില്ലാത്ത, അറിഞ്ഞിട്ടില്ലാത്ത സ്ഥലമാണത്. അവിടെ വെളിച്ചം കുറവാണ്. എന്നാൽ ചന്ദ്രയാനിലെ ഉപകരണങ്ങൾക്കാവശ്യമായ വൈദ്യുതി ലഭ്യമാക്കുന്നത് സൂര്യപ്രകാശത്തിൽ നിന്നാണ്. അതിൽ ഉൗർജ്ജം ശേഖരിക്കാനുള്ള സംവിധാനമൊരുക്കിയിട്ടുണ്ടെങ്കിലും വെളിച്ചക്കുറവ് പ്രശ്നമുണ്ടാക്കിയേക്കുമെന്ന് ആശങ്കയുണ്ട്.
ചന്ദ്രനിൽ ലാൻഡർ ഇറങ്ങുന്നതാണ് പിന്നത്തെ വെല്ലുവിളി. സാധാരണ ബഹിരാകാശ പേടകങ്ങൾ ഇടിച്ചിറക്കുകയോ, അല്ലെങ്കിൽ പാരച്യൂട്ട് ഉപയോഗിച്ച് ഇറക്കുകയോ ആണ് പതിവ്. എന്നാൽ ചന്ദ്രനിൽ ഇതിനാവില്ല. ഇടിച്ചിറക്കിയാൽ ഉപകരണങ്ങൾക്ക് കേടുപറ്റാം. മാത്രമല്ല ചന്ദ്രനിലെ ഗുരുത്വാകർഷണത്തിലെ വ്യത്യാസം കണക്കുകൂട്ടലുകൾ തെറ്റിക്കാനുമിടയുണ്ട്. അതിനാൽ പേടകത്തിലെ ചക്രം വിപരീതദിശയിൽ തിരിച്ച് വേഗം കുറച്ച് ഒരു പമ്പരം പോലെയാണ് ലാൻഡർ ചന്ദ്രന്റെ മണ്ണിലിറങ്ങുക. ഇതിന് വിനിമയ സംവിധാനം കൃത്യമായി പ്രവർത്തിക്കേണ്ടതുണ്ട്. വിനിമയം കാര്യക്ഷമമാക്കാൻ വൈദ്യുതി വേണം. വൈദ്യുതി കിട്ടുന്നത് സൂര്യനിൽ നിന്നാണ്. സൂര്യരശ്മി തെക്കേ ധ്രുവത്തിൽ കുറവുമാണ്. ഇതിന് പുറമെ ഭൂമിയിലെ പതിനാല് ദിവസമാണ് ചന്ദ്രനിലെ ഒരു പകൽ. ഒരു രാത്രിയുമതേ. ഇത് ഉപകരണങ്ങളിലെ വൈദ്യുതി ശേഖരണത്തെ എങ്ങിനെ ബാധിക്കുമെന്ന് ആശങ്കയുണ്ട്. വൈദ്യുതി ലാഭിക്കാൻ ചന്ദ്രനിൽ നടക്കുന്ന റോവറിൽ നിന്ന് ഡാറ്റാകളും ഫോട്ടോകളും ഭൂമിയിലേക്ക് നേരിട്ട് അയയ്ക്കില്ല. പകരം റോവറിൽ നിന്നുള്ള ഫോട്ടോയും ഡാറ്റായും ഒാർബിറ്ററിലും ലാൻഡറിലും വഴിയാണ് ബാംഗ്ളൂരിലെ കേന്ദ്രത്തിലേക്ക് അയയ്ക്കുക. ഭൂമിയിൽ നിന്ന് 3.80 ലക്ഷം കിലോമീറ്റർ അകലെയാണ് ചന്ദ്രൻ. ഇത്രയും ദൂരത്തിൽ വിനിമയ സംവിധാനങ്ങൾ മുറിയാതെ നിലനിറുത്തേണ്ടതുണ്ട്. അതും കടുത്ത വെല്ലുവിളി തന്നെയാണ്.
(തുടരും)