ഭിന്ന ആശയഗതിക്കാരായ വിദ്യാർത്ഥികൾ തമ്മിൽ കോളേജ് കാമ്പസിൽ തർക്കങ്ങളും ഏറ്റുമുട്ടലുകളും സാധാരണമാണ്. അടിപിടി മുതൽ കത്തിക്കുത്തിൽ വരെ അത് എത്തുന്നതും അപൂർവമല്ല. എന്നാൽ ഒരേ പാർട്ടിയിൽപ്പെട്ടവർ തന്നെ പരസ്പരം സംഘർഷത്തിലേർപ്പെടുന്നതും സ്വന്തം സംഘടനയിൽപ്പെട്ട വിദ്യാർത്ഥിയെ കുത്തിമലർത്തുന്നതും അത്യപൂർവമാണ്. നൂറ്റാണ്ടിന്റെ പാരമ്പര്യവും ഔന്നത്യവും ഉള്ള തലസ്ഥാനത്തെ യൂണിവേഴ്സിറ്റി കോളേജിൽ വെള്ളിയാഴ്ച ഉണ്ടായ സംഭവങ്ങൾ എസ്.എഫ്.ഐ എന്ന വിദ്യാർത്ഥി സംഘടനയ്ക്ക് തീർത്താൽ തീരാത്ത കളങ്കമാണ് വരുത്തി വച്ചിരിക്കുന്നത്.
വിദ്യാർത്ഥി രാഷ്ട്രീയത്തിന് എക്കാലത്തും വളക്കൂറുള്ള മണ്ണായ ഈ രാജകീയ കലാലയത്തിൽ നിന്ന് ഏറെനാളായി കേട്ടുകൊണ്ടിരിക്കുന്ന കാര്യങ്ങൾ അത്രയൊന്നും സുഖമുള്ളതല്ല. തങ്ങളുടെ ആധിപത്യം ഊട്ടിയുറപ്പിക്കാൻ ഏതറ്റം വരെയും പോകാൻ മടിയില്ലാത്തവരുടെ കേന്ദ്രമായി ഈ കലാലയം മാറിയിട്ട് അനവധി നാളായി. എതിർക്കുന്നവരെ കായികമായിത്തന്നെ നേരിട്ടും നാനാവിധത്തിലും പീഡിപ്പിച്ചുമാണ് ഇവിടെ യൂണിയൻ പ്രവർത്തനം അരങ്ങുതകർക്കുന്നത്. കുപ്രസിദ്ധിയാർജ്ജിച്ച ചില പൊലീസ് സ്റ്റേഷനുകളെ അനുസ്മരിപ്പിക്കും വിധം എസ്.എഫ്.ഐ യൂണിറ്റിന് ഇവിടെ സ്വന്തമായി 'ഇടിമുറി" പോലും ഉണ്ടെന്ന വസ്തുത അറിയുമ്പോൾ അവിടെ സംഘടനയുടെ പേരിൽ നടക്കുന്ന അഴിഞ്ഞാട്ടവും അരാജകത്വവും മനസിലാകും. ആരോഗ്യകരമായ വിദ്യാർത്ഥി രാഷ്ട്രീയത്തിന് അരങ്ങാകേണ്ട കാമ്പസ് ഒരുപിടി മുഷ്കന്മാരായ സംഘടനാ പ്രവർത്തകരുടെ വിഹാരരംഗമായി മാറിയത് ഇന്നോ ഇന്നലെയോ അല്ല. ഉന്നത രാഷ്ട്രീയ നേതൃത്വത്തിന്റെ തണലും താങ്ങും ഒരു ലോപവുമില്ലാതെ ലഭിക്കുന്നതിന്റെ ഹുങ്കിലാണ് ഈ കാട്ടിക്കൂട്ടുന്ന കൊള്ളരുതായ്മകളത്രയും.
സഭ്യതയുടെയും മര്യാദയുടെയും സർവസീമകളും ലംഘിക്കുന്ന വിദ്യാർത്ഥികളെ നിയന്ത്രിക്കാനും നേരായ വഴിയേ നടത്താനും ചുമതലപ്പെട്ട കലാലയ മേധാവിയും അദ്ധ്യാപകരും എന്തു അരുതാത്തതു നടന്നാലും സ്വന്തം മേനി സുരക്ഷയെക്കരുതി അക്ഷരാർത്ഥത്തിൽ ഒഴിഞ്ഞുമാറുകയാണു പതിവ്. ഒന്നിനും കൊള്ളാത്ത ഈ കൊഞ്ഞാണന്മാരുടെ ഭരണമാണ് യൂണിവേഴ്സിറ്റി കോളേജ് ഇപ്പോഴത്തെ പതനത്തിലെത്താൻ പ്രധാന കാരണം. വെള്ളിയാഴ്ച കാമ്പസിൽ സംഘർഷമുണ്ടാകുകയും അഖിൽ എന്ന വിദ്യാർത്ഥിക്കു കുത്തേൽക്കുകയും ചെയ്തപ്പോഴും കോളേജ് പ്രിൻസിപ്പൽ പറഞ്ഞത് താൻ ഒന്നും അറിഞ്ഞില്ലെന്നാണ്.
കോളേജ് കാന്റീനിലിരുന്ന് വിദ്യാർത്ഥികളിൽ ചിലർ പാട്ടുപാടിയതിനെച്ചൊല്ലിയുണ്ടായ കശപിശയാണ് സംഘർഷമായി വളർന്നതെന്നാണ് റിപ്പോർട്ട്. എന്നാൽ സ്വന്തം സംഘടനയിൽപ്പെട്ടയാളുടെ നെഞ്ചിൽ കത്തി കുത്തിയിറക്കുന്നിടം വരെ അത് വളർന്നു വലുതാകണമെങ്കിൽ അതിനു പിന്നിൽ നല്ല രീതിയിലുള്ള ആസൂത്രണമുണ്ടാകണം. കോളേജിലെ എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ് ഉൾപ്പെടെ ഏഴുപേർക്കെതിരെ വധശ്രമത്തിനു കേസെടുത്ത് പതിവുപോലെ പൊലീസ് 'മുകളിൽ" നിന്നുള്ള നിർദ്ദേശത്തിനായി കാത്തിരിക്കുകയാണ്. പ്രതികളിലൊരാൾ മുൻപ് പാളയത്ത് ട്രാഫിക് പൊലീസുകാരനെ പട്ടാപ്പകൽ നടുറോഡിലിട്ട് മർദ്ദിച്ചവശനാക്കിയ കേസിലെ പ്രതി കൂടിയാണ്.
എസ്.എഫ്.ഐക്കാരുടെ ശല്യം സഹിക്കവയ്യാതെ ഒരു വിദ്യാർത്ഥിനി കോളേജിൽ വച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച സംഭവം അടുത്ത കാലത്ത് ഏറെ ഒച്ചപ്പാടു സൃഷ്ടിച്ചിരുന്നു. ഒടുവിൽ വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങി വേറെ കോളേജിൽ പ്രവേശനം നേടുകയായിരുന്നു. കഴിഞ്ഞ ഏതാനും വർഷത്തിനിടെ കോളേജ് അന്തരീക്ഷത്തിൽ മനം മടുത്ത് മാറ്റം വാങ്ങിപ്പോയ വിദ്യാർത്ഥികളുടെ സംഖ്യ 180-ലേറെയാണ്. കോളേജിൽ നടമാടുന്ന അരാജകത്വത്തിന് ഇതിൽ കൂടുതൽ തെളിവു വേണ്ട. ഏറ്റവും മിടുക്കരായ കുട്ടികളാണ് യൂണിവേഴ്സിറ്റി കോളേജിൽ ഉപരിപഠനത്തിനായി എത്തുന്നത്. എന്നാൽ പഠനാന്തരീക്ഷം സദാ കലുഷമാകയാൽ അധികം കുട്ടികളും പ്രവേശനം നേടി ഏറെ കഴിയും മുമ്പേ നിരാശരാകും. വിദ്യാർത്ഥി സംഘടനയുടെ പേരിൽ അവിടെ നടക്കുന്നത് ഗുണ്ടായിസം പോലുമല്ല, തനി കൂളിത്തരമാണെന്നു പറയേണ്ടിവരും.
ഭരണസിരാകേന്ദ്രത്തിനു വിളിപ്പാടകലെ മാത്രം സ്ഥിതിചെയ്യുന്ന യൂണിവേഴ്സിറ്റി കോളേജിനെ ഇന്നത്തെ അതിന്റെ ജീർണതയിൽ നിന്ന് രക്ഷിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടേണ്ടിയിരിക്കുന്നു. പഠിക്കാൻ വേണ്ടി മാത്രമായി കോളേജിലെത്തുന്നവരാണ് വിദ്യാർത്ഥികളിൽ ഭൂരിപക്ഷവും. അതിനാവശ്യമായ അന്തരീക്ഷവും സൗകര്യവും ഒരുക്കാൻ സർക്കാർ ബാദ്ധ്യസ്ഥമാണ്. വെള്ളിയാഴ്ചത്തെ സംഭവങ്ങളുടെ പേരിൽ കാമ്പസിലെ എസ്.എഫ്.ഐ യൂണിറ്റ് പിരിച്ചുവിട്ടു. ഇവിടെ മാത്രമല്ല, കീഴ് ഘടകങ്ങൾ അതിരുവിടുന്ന മറ്റിടങ്ങളിലും നേതൃത്വം ഇടപെടുക തന്നെ വേണം.