വിഴിഞ്ഞം: അദാനി വിദ്യാമന്ദിറിന് സാമൂഹിക നന്മയ്ക്കായി പ്രവർത്തിക്കുന്ന സ്കൂളുകൾക്കുള്ള അസോച്ചെം വിദ്യാഭ്യാസ എക്സലൻസ് അവാർഡ് ലഭിച്ചു. അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള അഹമ്മദാബാദിലെ അദാനി വിദ്യാമന്ദിർ സ്കൂളാണ് അസോസിയേറ്റഡ് ചേംബർ ഒഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ഒഫ് ഇന്ത്യ (അസോച്ചെം) ഏർപ്പെടുത്തിയ 2019ലെ വിദ്യാഭ്യാസ എക്സലൻസ് അവാർഡിന് അർഹമായത്. വിദ്യാഭ്യാസ രംഗത്ത് നൽകുന്ന മികച്ച സംഭാവനകൾക്കും വിദ്യാഭ്യാസ പ്രവർത്തനങ്ങളെ മികവുറ്റതാക്കുന്നതിനും അദാനി വിദ്യാമന്ദിർ നടത്തുന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായിട്ടാണ് ഈ അവാർഡ് ലഭിച്ചതെന്ന് സംഘാടകർ അറിയിച്ചു.
കൊൽക്കത്തയിൽ നടന്ന എഡ്യു 2019 വിദ്യാഭ്യാസ എക്സലൻസ് അവാർഡ് ദാന ചടങ്ങിൽ അദാനി വിദ്യാമന്ദിറിന് അവാർഡ് കൈമാറി. ക്വാളിറ്റി കൗൺസിൽ ഒഫ് ഇന്ത്യയുടെ കീഴിൽ എൻ.എ.ബി.ഇ.ടി അക്രഡിറ്റേഷൻ നേടിയ ഇന്ത്യയിലെ ആദ്യ സൗജന്യ വിദ്യാഭ്യാസ സ്ഥാപനമാണ് അദാനി വിദ്യാമന്ദിർ. കൂടാതെ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസുമായി സഹകരിച്ച് "കോഡിംഗ് സാൻഡ്പിറ്റ് " കരിക്കുലത്തിന്റെ ഭാഗമായിട്ടുള്ള ഇന്ത്യയിലെ ആദ്യ സ്കൂളും അദാനി വിദ്യാമന്ദിറാണ്.