കാൻബെറ: ഒരുവിധപ്പെട്ട മൃഗങ്ങൾക്കൊക്കെ മുതലകളെ പേടിയാണ്. കൂറ്റൻ മാനിനെയും കാട്ടുപോത്തിനെയുമൊക്കെ ഇൗസിയായി മുതലകൾ വിഴുങ്ങുന്ന രംഗങ്ങൾ ഇഷ്ടംപോലെ കണ്ടിട്ടുണ്ടാവും. എന്നാൽ മുതലയെ ജീവനോടെ വിഴുങ്ങുന്ന പാമ്പിനെയോ?. ആസ്ട്രേലിയയിൽ നിന്ന് പകർത്തിയ അത്തരമൊരു ചിത്രം സോഷ്യൽ മീഡിയയിൽ ഇപ്പോൾ തകർത്തോടുകയാണ്. ക്വീൻസ് ലാൻഡിലാണ് സംഭവം. ആസ്ട്രേലിയയിലെ പടുകൂറ്റൻ പാമ്പിനങ്ങളിൽ ഒന്നായ ഒലീവ് പൈത്തണാണ് മുതലയെ ഒറ്റയടിക്ക് വിഴുങ്ങിയത്.
കയാക്കിംഗ് നടത്തുന്നതിനിടെ മാർട്ടിൻ മുള്ളർ എന്നയാൾക്കാണ് ഈ അപൂർവ ദൃശ്യങ്ങൾ പകർത്താനുള്ള സുവർണാവസരം കൈവന്നത്. ഒരുതടാകത്തിൽ നിന്നാണ് പാമ്പ് മുതലയെ പിടികൂടിയത്. രക്ഷപ്പെടാൻ പതിനെട്ടവടവും പയറ്റിയെങ്കിലും പാമ്പ് വിട്ടില്ല. ഏറെ സമയമെടുത്ത് സാവധാനത്തിൽ മുതലയെ മുഴുവൻ വിഴുങ്ങി. അതിനുശേഷം ഞാനൊന്നുമറിഞ്ഞില്ലേ എന്നമട്ടിൽ സ്ഥലം കാലിയാക്കുകയും ചെയ്തു.
ജി.ജി വൈൽഡ് ലൈഫ് റെസ്‌ക്യു തങ്ങളുടെ ഫേയ്‌സ്ബു്ക്ക് പേജിലൂടെയാണ് ചിത്രങ്ങൾ പങ്കുവച്ചത്. സംഭവം വിശ്വസിക്കാനാവുന്നില്ലെന്നായിരുന്നു ഭൂരിപക്ഷത്തിന്റെയും കമന്റ്.
താടിയെല്ല് തലയോട്ടിയിൽ നിന്ന് വേർപെട്ട് നിൽക്കുന്നത് കൊണ്ടാണ് സ്വന്തം ശരീരത്തിനേക്കാളും തലയേക്കാളും വലുപ്പമുള്ള ഇരയെ വിഴുങ്ങാൻ പെരുമ്പാമ്പുകൾക്ക് കഴിയുന്നത്. സാധാരഗതിയിൽ ഒലീവ് പാമ്പുകൾക്ക് 13 അടി വരെ നീളമുണ്ടാകും.