തിരുവനന്തപുരം: ഇന്ത്യൻ കൗൺസിൽ ഒഫ് ആർക്കിടെക്ചറിന്റെ ഉയർന്ന റേറ്റിംഗും പ്രത്യേക പരാമർശവും ടി.കെ.എം എൻജിനിയറിംഗ് കോളേജിലെ ആർക്കിടെക്ചർ വിഭാഗത്തിന് ലഭിച്ചു. 96 ശതമാനം സ്കോറാണ് കൗൺസിൽ ഒഫ് ആർക്കിടെക്ചറിന്റെ വിദഗ്ദ്ധ സമിതി ടി.കെ.എമ്മിന് നൽകിയത്.
1985 ൽ ആരംഭിച്ച ആർക്കിടെക്ചർ വിഭാഗം തുടർച്ചയായ വളർച്ചയിലൂടെ പൂർണതയിലെത്തിയതായും രാജ്യത്തെ ആർക്കിടെക്ചർ വിദ്യാലയങ്ങളുടെ ശ്രേണിയിലേക്ക് ഉയർന്നതായും വിദഗ്ദ്ധ സമിതി വിലയിരുത്തി.
നിലവാരമുള്ള പരിശീലനം, ഉന്നത വിദ്യാഭ്യാസവും പ്രവൃത്തി പരിചയവുമുള്ള അദ്ധ്യാപകർ, അയ്യായിരത്തിലധികം പുസ്തകങ്ങളുള്ള ലൈബ്രറി, സ്മാർട്ട് ക്ലാസ്‌റൂം - ഡിജിറ്റൽ ലൈബ്രറി, ഡിസൈൻ സ്റ്റുഡിയോകൾ, കൺസ്ട്രക്ഷൻ യാർഡ്, വിവിധതരം വർക്ക് ഷോപ് സൗകര്യങ്ങൾ തുടങ്ങിയവയും സമിതി വിലയിരുത്തി.
പ്രൊഫഷണലുകളായ ആർക്കിടെക്ടുകളാണ് കുട്ടികളുടെ പ്രോജക്ടുകൾ വിലയിരുത്തി മാർഗനിർദ്ദേശം നൽകുന്നത്. ഇവരുടെ സേവനം ഡിസൈൻ സ്റ്റുഡിയോയിൽ ലഭ്യമാക്കാറുണ്ടെന്നും ആർക്കിടെക്ചർ വകുപ്പ് മേധാവി ഡോ. എ.എസ്. ദിലി പറഞ്ഞു.
പാഠ്യ- പാഠ്യേതര വിഷയങ്ങളിലും മികച്ച വിജയമാണ് വിദ്യാർത്ഥികൾ കരസ്ഥമാക്കുന്നത്. സംസ്ഥാനത്തെ മികച്ച ആർക്കിടെക്ചർ പ്രൊഫഷണൽ കൺസൾട്ടൻസി സ്ഥാപനവും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. മറ്റു കോളേജിലെ കുട്ടികൾ അവരുടെ ഇന്റേൺഷിപ്പിനുള്ള ട്രെയിനിംഗ് സെന്ററായും ഇവിടം പ്രയോജനപ്പെടുത്താറുണ്ട്. കേരള സാങ്കേതിക സർവകലാശാല ആർക്കിടെക്ചർ മേഖലയിലെ ഗവേഷണ കേന്ദ്രമായ ഇവിടെ നിരവധി പേർ റിസർച്ച് ചെയ്യുന്നുണ്ട്.
മഹാപ്രളയത്തിൽ കെടുതികൾ നേരിട്ട ആലപ്പുഴ പാണ്ടനാട് -ബുധനൂർ പഞ്ചായത്തുകൾക്ക് അതിജീവനത്തിനു വേണ്ട മാസ്റ്റർ പ്ലാൻ തയാറാക്കി സർക്കാരിന് സമർപ്പിച്ചത് ഇവിടത്തെ അദ്ധ്യാപകരും വിദ്യാർത്ഥികളുമാണ്. ജനാബ് ഷഹാൽ ഹസ്സൻ മുസലിയാരുടെ നേതൃത്വത്തിലുള്ള ടി.കെ.എം ട്രസ്റ്റിന്റെ അനുസ്യൂതമായ പിൻബലം കേരളത്തിലെ ആദ്യത്തെ എയ്ഡഡ് എൻജിനിയറിംഗ് കോളേജിലെ ആർക്കിടെക്ചർ വിഭാഗത്തിനുണ്ട്.