തിരുവനന്തപുരം: എല്ലാ കോളേജുകളിലും റാഗിംഗ് വിരുദ്ധ സമിതി വേണമെന്ന യു.ജി.സിയുടെ നിർദ്ദേശം പോലും യൂണിവേഴ്സിറ്റി കോളേജ് അധികൃതർ വകവച്ചില്ല.
പ്രിൻസിപ്പലും അദ്ധ്യാപകരും വിദ്യാർത്ഥി പ്രതിനിധികളും കന്റോൺമെന്റ് സ്റ്റേഷനിലെ എസ്.എച്ച്.ഒയും അടങ്ങിയ സമിതിയാണ് രൂപീകരിക്കേണ്ടിയിരുന്നത്. മാസത്തിലൊരിക്കൽ സമിതി യോഗം ചേർന്ന് വിദ്യാർത്ഥികളുടെ പരാതികൾ പരിഗണിക്കണം. ഗുരുതരമായ പരാതികൾ കോളേജ് അധികൃതർ പൊലീസിന് കൈമാറുകയും വേണം. ഇതൊഴിവാക്കാനാണ് റാഗിംഗ് വിരുദ്ധ സമിതി വേണ്ടെന്നു വച്ചത്.
ഒരു മാസം മുമ്പ് ഒന്നാം വർഷ വിദ്യാർത്ഥിനിയുടെ ആത്മഹത്യാശ്രമമുണ്ടായ ശേഷം, കോളേജിൽ റാഗിംഗ് വിരുദ്ധ സമിതി രൂപീകരിച്ചിട്ടില്ലെന്ന് കാട്ടി കന്റോൺമെന്റ് സി.ഐ, യു.ജി.സിക്ക് കത്ത് നൽകിയിരുന്നു. . വെള്ളിയാഴ്ച കോളേജിനുള്ളിൽ വിദ്യാർത്ഥിക്ക് കുത്തേറ്റിട്ടും പ്രിൻസിപ്പൽ പൊലീസിനെ വിവരമറിയിക്കാതിരുന്നത് ഗുരുതരമായ വീഴ്ചയാണെന്ന് പൊലീസ് പറയുന്നു. കുത്തേറ്റ അഖിൽ, പൊലീസ് കോളേജിലെത്തിയപ്പോൾ രക്തത്തിൽ കുളിച്ചു കിടക്കുകയായിരുന്നു. പൊലീസാണ് അഖിലിനെ ആശുപത്രിയിലേക്ക് മാറ്റിയത്.
എസ്.എഫ്.ഐയുടെ
റാഗിംഗ് മുമ്പും
കേരള സർവകലാശാലയിൽ എസ്.എഫ്.ഐയുടെ റാഗിംഗ് നേരത്തെയും ഉണ്ടായിട്ടുണ്ട്. ബയോഇൻഫോർമാറ്റിക്സ് പഠിക്കാനെത്തിയ തന്നെ റാഗിംഗെന്നപേരിൽ ശാരീരിക-മാനസിക പീഡനത്തിനിരയാക്കിയതായി കാര്യവട്ടം കാമ്പസിലെ ഒന്നാംവർഷ എംഎസ്.സി വിദ്യാർത്ഥി രാജേഷ്ബാബു യു.ജി.സിയുടെ ഹെൽപ്പ്ലൈനിൽ പരാതിപ്പെട്ടിരുന്നു. രജിസ്ട്രാർ നടത്തിയ അന്വേഷണത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ എം.എ.ലിംഗ്വസ്റ്രിക് വിദ്യാർത്ഥി രാഹുൽ ജി.ദേവിനെ വൈസ്ചാൻസലർ സസ്പെൻഡ് ചെയ്തിരുന്നു. പരാതി കഴക്കൂട്ടം അസി.കമ്മിഷണർക്ക് കൈമാറിയെങ്കിലും ഒതുക്കപ്പെട്ടു.
പി.ജി മെൻസ് ഹോസ്റ്റലിൽ ലുങ്കി ധരിച്ചു മാത്രമേ നിൽക്കാവൂ എന്നാണ് മുതിർന്ന വിദ്യാർത്ഥികൾ പറയുന്നതെന്നും ലുങ്കി ഉടുക്കാനറിയാത്ത തന്നെ അടിവസ്ത്രം ധരിപ്പിച്ച് നിറുത്തുന്നുവെന്നും രാജേഷിന്റെ പരാതിയിലുണ്ട്. ഹോസ്റ്റലിലെ മെസ് നടത്തുന്നത് എസ്.എഫ്.ഐയാണ്. ഭക്ഷണം വേണമെങ്കിൽ കാമ്പസിൽ പോയി വിറക് ശേഖരിച്ചുവരാനാണ് നിർദ്ദേശം. വിറകൊടിക്കാൻ പോയ തന്റെ കൈയിൽ മുള്ളുകൊണ്ട് മുറിവുണ്ടായി. ഹോസ്റ്റലിൽ ഒറ്റമുറി തനിക്കായി അനുവദിച്ചിട്ടുണ്ടെങ്കിലും രാത്രിയിൽ ഒരുസംഘമെത്തി മുറിയിൽ കിടക്കും. മലയാളമറിയാത്ത തന്നെ പച്ചത്തെറി വിളിക്കുന്നതായി മറ്റു വിദ്യാർത്ഥികൾ പറഞ്ഞറിഞ്ഞു. റാഗിംഗ് ഭയന്ന് സഹപാഠികൾ ഹോസ്റ്റലിൽ നിൽക്കുന്നില്ല. സർവകലാശാലയ്ക്ക് പരാതി നൽകും മുൻപ് യു.ജി.സിക്കാണ് രാജേഷ് പരാതി അയച്ചത്. പരാതിയുടെ പകർപ്പ് സഹിതം, സ്വീകരിച്ച നടപടികൾ അറിയിക്കാൻ യു.ജി.സി രജിസ്ട്രാറോട് നിർദ്ദേശിക്കുകയായിരുന്നു. കാര്യവട്ടത്തെ പി.ജി.മെൻസ് ഹോസ്റ്റലിൽ പി.ജിവിദ്യാർത്ഥികളുടെ മുറി മറ്റൊരു സംഘം അർദ്ധരാത്രിയിൽ പൂട്ടിയിട്ടതും വിവാദമായിരുന്നു.
എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും റാഗിംഗിനോട് സന്ധിയില്ല നയം നടപ്പാക്കണമെന്നാണ് യു.ജി.സി നിർദ്ദേശം. കാമ്പസുകളിൽ ലൈംഗികചൂഷണമോ ജാതി, മത, ഗോത്ര വിവേചനമോ പാടില്ല. കേരളസർവകലാശാലയിലെ റാഗിംഗ് കേസിൽ സുപ്രീംകോടതി നിർദ്ദേശപ്രകാരം രൂപീകരിച്ച നാലംഗ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിർദ്ദേശം.
യു.ജി.സിയുടെ കർശന
നിർദ്ദേശങ്ങൾ
വിദ്യാർത്ഥികളുടെ പരാതികൾ കേൾക്കാനുള്ള സംവിധാനം എല്ലാ കോളേജുകളിലും വേണം.
പരാതിക്കാരുടെ വിവരങ്ങൾ സ്ഥാപന മേധാവി രഹസ്യമായി സൂക്ഷിക്കണം. പരാതിക്കാർക്ക് മനശാസ്ത്രപരവും സാമൂഹ്യവുമായ പിന്തുണയും കൗൺസലിംഗും നൽകണം.
കാമ്പസുകളിൽ എല്ലായിടത്തും സിസി.ടിവി കാമറകൾ വേണം. വാർഡർമാർ, മെന്റർമാർ എന്നിവരെ ഉൾപ്പെടുത്തി നിരീക്ഷണ സംവിധാനമൊരുക്കണം.
കോളേജിലെ സാമൂഹ്യാവസ്ഥയെക്കുറിച്ച് മനസിലാക്കാൻ കുട്ടികൾക്കും ജീവനക്കാർക്കുമിടയിൽ ഇടയ്ക്കിടെ സർവേ നടത്തണം.
ഗെയിംസ്, സ്പോർട്സ്, പാഠ്യേതരപ്രവർത്തനം എന്നിവയിൽ കുട്ടികളുടെ പങ്കാളിത്തം കൂട്ടണം.