തിരുവനന്തപുരം: ഇനി നഗരം ചുറ്റാൻ റെന്റ് എ ബൈക്കും.
. സംസ്ഥാനത്ത് ബൈക്ക് വാടകയ്ക്ക് നൽകുന്നതിന് അനുമതി നൽകാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചു. ആദ്യഘട്ടമായി രണ്ടു പേർക്ക് ലൈസൻസ് നൽകി പ്രവർത്തനം നിരീക്ഷിച്ചിരുന്നു. കുഴപ്പമില്ലെന്നു കണ്ടാണ് റെന്റ് എ കാർ മാതൃകയിൽ ബൈക്കിനും ലൈസൻസ് നൽകുന്നത്.

ബൈക്കുകൾ വാടകയ്ക്കു നൽകുന്നത് സ്വയം തൊഴിലായി അംഗീകരിച്ച് ലൈസൻസ് നൽകാനാണ് പദ്ധതി. വാടക ബൈക്കുകളുടെ ലൊക്കേഷൻ തിരിച്ചറിയാൻ ജി.പി.എസ് സംവിധാനം നിർബന്ധം. ജി.പി.എസ് ഘടിപ്പിച്ച ഇരുചക്ര വാഹനങ്ങൾക്കേ അനുമതി കിട്ടൂ. അപേക്ഷകർക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടോ എന്ന് പൊലീസ് അന്വേഷണമുണ്ടാകും. നിലവിൽ അഞ്ച് അപേക്ഷകൾ പരിഗണനയിലാണ്. ഇരുചക്രവാഹനങ്ങൾക്ക് നിരക്ക് 24 മണിക്കൂറിന് 350 മുതൽ 700 രൂപ വരെ ആയിരിക്കും.

ഒരു വർഷം മുമ്പാണ് സംസ്ഥാനത്ത് റെന്റ് എ കാർ സംവിധാനത്തിന് അനുമതി നൽകിയത്. ഇപ്പോൾ അഞ്ചു കമ്പനികൾ രംഗത്തുണ്ട്. ജി.പി.എസ് ഉള്ളവയാണ് എല്ലാം. ഓൺലൈൻ വഴി തുക അടച്ച്, ആവശ്യമായ രേഖകൾ നൽകിക്കഴിഞ്ഞാൽ ആവശ്യക്കാരൻ നിർദ്ദേശിക്കുന്ന സ്ഥലത്ത് കാറുണ്ടാകും. ഡ്രൈവിംഗ് ലൈസൻസ്, തിരിച്ചറിയൽ രേഖയുടെ പകർപ്പ് എന്നിവയാണ് നൽകേണ്ടത്.

എയർപോർട്ടിലോ റെയിൽവേ സ്റ്റേഷനിലോ എത്തുമ്പോൾ കാർ റെഡി. ബുക്ക് ചെയ്ത വാഹനം നമ്പർ പ്ളേറ്റ് നോക്കി തിരിച്ചറിയാം. കമ്പനിയുടെ കസ്റ്റമർ കെയർ നമ്പറിൽ വിളിച്ചാൽ ഡോർ അൺലോക്ക് ആകും.താക്കോൽ അകത്തുണ്ടാകും.ഇന്ധനം ആവശ്യത്തിന് നിറയ്ക്കണം. ഉപയോഗം കഴിഞ്ഞ് കാർ നിശ്ചിത സ്ഥലത്ത് പാർക്ക് ചെയ്ത് പോവുകയും ചെയ്യാം. ബി.എം.ഡബ്ലിയു ഉൾപ്പെടെ ആഡംബരക്കാറുകളും ഇങ്ങനെ വിളിപ്പുറത്തെത്തും. വാടക കാറുകൾക്ക് അഞ്ചു മണിക്കൂറിന് 500- 600 രൂപ, ഒരു ദിവസത്തേക്ക് 2200- 2750 രൂപ ആണ് നിരക്ക്.

റെന്റ് എ ബൈക്കിന് വേണ്ടത്

 ഒരു ചെറു ഓഫീസ്

 ബൈക്ക് പാർക്ക് ചെയ്യാനുള്ള സ്ഥലം

 കുറഞ്ഞത് ജി.പി.എസ് ഉള്ള അഞ്ച് ബൈക്കുകൾ


''തൊഴിൽരഹിതർക്ക് ഉപജീവനമാർഗമാക്കാവുന്ന പുതിയ സംരംഭമാണ് ഇത്. യാത്രക്കാരനെ സംബന്ധിച്ച്, സ്വകാര്യത നഷ്ടമാകാതെ കുറഞ്ഞ നിരക്കിൽ യാത്ര ആസ്വദിക്കാം."

- രാജീവ് പുത്തലത്ത്, എ.ടി.ഒ