ilankam-road

പാറശാല: പാറശാല ഗ്രാമപഞ്ചായത്തിന് എതിർവശത്തായി റയിൽവേ ലൈനിന് സമാന്തരമായി കടന്നുപോകുന്ന ഇലങ്കം ക്ഷേത്ര റോഡ് നിർമ്മാണം കാത്ത് കിടക്കാൻ തുടങ്ങിയിട്ട് കാലങ്ങൾ കഴിഞ്ഞു. തിരുവനന്തപുരം- കന്യാകുമാരി റെയിൽവേ ലൈൻ നിലവിൽ വന്നതോടെ റെയിൽവേ തന്നെ നിർമ്മിച്ചതാണ് ഈ റോഡ്. ഇതിന്റെ പ്രയോജനമാകട്ടെ സമീപത്തെ നൂറോളം കുടുംബങ്ങൾക്കും. 35 വർഷങ്ങൾക്ക് മുൻപാണ് 500 മീറ്റർ നീളമുള്ള ഈ റോഡ് നിർമ്മിക്കുന്നത്. എന്നാൽ ഈ റോഡിന്റെ അറ്റകുറ്റപ്പണികൾ നടത്തിയിട്ട് 15 വർഷത്തോളമായി. വർഷങ്ങൾ കഴിയുംതോറും ടാർ ഇളകി മെറ്റലുകളും ചെമ്മണ്ണും പുറത്തുവന്ന നിലയിലാണ്. റോഡിന്റെ ശോചനീയാവസ്ഥകാരണം കാൽനടയാത്രപോലും ദുഃസഹമാണ്. ഇതുവഴി യാത്രചെയ്യുന്ന ഇരുചക്രവാഹന യാത്രക്കാർ അപകടത്തിൽ പെടുന്നതും ഇവിടുത്തെ പതിവ് കാഴ്ചയാണ്.

റോഡിന്റെ ഒരുവശത്ത് ഓടയും മറുവശത്ത് 25 അടിയോളം താഴ്ചയിൽ റയിൽവേ പാതയുമാണ്. റോഡിന് സമീപത്ത് കൂടെ റെയിവേ ഇരുമ്പ് പാലങ്ങൾ കൊണ്ട് കൈവരി സ്ഥാപിച്ചിട്ടുണ്ടെങ്കിലും ചില സ്ഥലങ്ങളിൽ ഒന്നര അടിയോളമേ ഉള്ളൂ. റോഡിന്റെ കുണ്ടും കുഴിയും കാരണം പൊറുതിമുട്ടിയ നാട്ടുകാർ റോഡ് നന്നാക്കണമെന്ന ആവശ്യവുമായി അധികൃതരെ സമീപിക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി.