കാട്ടാക്കട: പ്രഖ്യാപനത്തിൽ ഇത് കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ, എന്നാൽ പ്രവർത്തനം പ്രൈമറി ഹെൽത്ത് സെന്ററിനും താഴെ. ആവശ്യത്തിന് ഡോക്ടറും അടിസ്ഥാന വികസനവും ഇവിടെ അന്യമാണ്.

മിക്കപ്പോഴും ഒ.പിയിൽ ഒന്നോ രണ്ടോ ഡോക്ടർമാർ മാത്രമാണുള്ളത്. ദിനം പ്രതി 600ൽപ്പരം രോഗികൾ ഒ.പിയിൽ എത്തുമ്പോൾ രോഗികൾക്ക് യഥാസമയം ചികിത്സ നൽകാൻ പോലും കഴിയുന്നില്ല. എമർജൻസിയായി ആരെങ്കിലും വന്നാൽപ്പോലും മണിക്കൂറുകളോളം ക്യൂവിൽ നിന്നാലേ ഡോക്ടറെ കാണാൻ കഴിയൂ. ഡോക്ടർമാരുടെ കുറവുകാരണം രോഗികളെ മറ്റ് സ്വകാര്യ ആശുപത്രിയിൽ എത്തിക്കേണ്ട ഗതികേടാണിപ്പോൾ.

കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ അവസാന ഘട്ടത്തിലാണ് സി.എച്ചി.സിയായി പ്രഖ്യാപനം നടത്തിയത്. അതിന് ശേഷവും, പൂവച്ചൽ ഗ്രാമപഞ്ചായത്തിന്റെ കീഴിൽ തുടർന്നു കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി, ബ്ലോക്ക് പഞ്ചായത്തിന് കൈമാറി. സ്ഥലസൗകര്യം കുറവെന്ന കാരണത്താൽ പൂവച്ചൽ ഗ്രാമ പഞ്ചായത്ത് വസ്തു വാങ്ങുന്നതിന് 50 ലക്ഷം നീക്കിവച്ചെങ്കിലും ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലായതിനാൽ അംഗീകാരം കിട്ടിയില്ല. ഒരേക്കർ ഭൂമിയോളം ഇപ്പോൾ ആശുപത്രിക്കുണ്ട്. മുൻപ് ഉച്ചവരെ മാത്രം പ്രവർത്തിച്ചിരുന്ന ആശുപത്രിയെ അന്നത്തെ പഞ്ചായത്തിന്റെ ഇടപെടൽ കാരണം മുഴുവൻ സമയ ആശുപത്രിയാക്കുകയായിരുന്നു. താലൂക്ക് ആശുപത്രി ആക്കിയില്ലെങ്കിലും ഉള്ള ആശുപത്രിയിൽ സൗകര്യങ്ങൾ വർദ്ധിപ്പിച്ച്, ചികിത്സാ സൗകര്യം ഏർപ്പെടുത്തണമെന്ന ആവശ്യവും ശക്തമാണ്.