speaker-university-colleg
speaker university college issue

 മാപ്പപേക്ഷിക്കാൻ അക്രമികളോട് ആഹ്വാനം

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ കഴിഞ്ഞ ദിവസം അരങ്ങേറിയ നിഷ്ഠൂര സംഭവത്തിൽ കോളേജിലെ എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. നിങ്ങളുടെ ദുർഗന്ധം ചരിത്രത്തിലെ അക്ഷരത്തെറ്റാണെന്നും മനം മടുപ്പിക്കുന്ന നാറ്റത്തിന്റെ സ്വർഗം വേണ്ടെന്നും 'അഖിൽ" എന്ന തലക്കെട്ടോടെ അവതരിപ്പിച്ച പോസ്റ്റിൽ സ്പീക്കർ പറഞ്ഞു.

സ്പീക്കറുടെ പോസ്റ്റ്:

'അഖിൽ, എന്റെ ഹൃദയം നുറുങ്ങുന്നു, കരൾ പിടയുന്ന വേദനകൊണ്ട് തേങ്ങുന്നു. ലജ്ജാഭാരം കൊണ്ട് ശിരസ് പാതാളത്തോളം താഴുന്നു. ഓർമ്മകളിൽ മാവുകൾ മരതകപ്പച്ച വിരിച്ച മനോഹരമായ എന്റെ കലാലയം. സ്നേഹസുരഭിലമായ ഓർമ്മകളുടെ ആ പൂക്കാലം. "എന്റെ, എന്റെ "എന്ന് ഓരോരുത്തരും വിങ്ങുന്ന തേങ്ങലോടെ ഓർത്തെടുക്കുന്ന വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ സ്നേഹനിലാവ്. യുവ ലക്ഷങ്ങളുടെ ആ സ്നേഹ നിലാവിലേക്കാണ് നിങ്ങൾ കഠാരയുടെ കൂരിരുട്ട് ചീറ്റിത്തെറിപ്പിച്ചത്. ഈ നാടിന്റെ സർഗാത്‌മക യൗവ്വനത്തെയാണ് നിങ്ങൾ ചവിട്ടിത്താഴ്ത്തിയത്.

നിങ്ങൾ ഏതു തരക്കാരാണ്? എന്താണ് നിങ്ങളെ നയിക്കുന്ന തീജ്വാല? ഏതു പ്രത്യയശാസ്ത്രമാണ് നിങ്ങൾക്ക് തണൽ? നിങ്ങളുടെ ഈ ദുർഗന്ധം ചരിത്രത്തിലെ അക്ഷരത്തെറ്റ് തന്നെയാണ്. മനം മടുപ്പിക്കുന്ന നാറ്റത്തിന്റെ ഈ സ്വർഗം നമുക്ക് വേണ്ട. ഇതിനെക്കാൾ നല്ലത് സമ്പൂർണ പരാജയത്തിന്റെ നരകമാണ്. തെറ്റുകൾക്കുമുമ്പിൽ രണ്ടു വഴികളില്ല, ശിരസു കുനിച്ചു മാപ്പപേക്ഷിക്കുക. നാറ്റം പേറി സ്വയം നാറാതെ സ്വബുദ്ധി കാണിക്കുക. കാലം കാത്തുവച്ച രക്തനക്ഷത്രങ്ങളുടെ ഓർമ്മകൾ മറക്കാതിരിക്കുക. ഓർമ്മകളുണ്ടായിരിക്കണം, അവിടെ ഞങ്ങളുടെ ജീവന്റെ ചൈതന്യമുണ്ട്. ചിന്തയും വിയർപ്പും, ചോരയും കണ്ണുനീരുമുണ്ട്.'