rly-gate

വർക്കല: വർക്കല മേഖലയിലെ അഞ്ച് റെയിൽവേ ഗേറ്റുകൾ വഴിമുടക്കികളാകുന്നു. റെയിൽവേ ഗേറ്റുകളിൽ മണിക്കൂറുകളോളം വാഹനങ്ങൾ പിടിച്ചിടുന്നതിനാൽ പൊതുജനങ്ങൾ അനുഭവിക്കുന്ന ദുരിതം ചില്ലറയൊന്നുമല്ല.

ഫയർഫോഴ്സിന്റെ കൃത്യ നിർവഹണത്തിന് തടസം നേരിടുന്നതിനും രോഗികളുടെ ജീവൻ പോലും അപകടത്തിലാവുന്നതിനും റേയിൽവേ ഗേറ്റുകൾ കാരണമായിട്ടുണ്ട്.

വർക്കല ശിവഗിരി സ്റ്റേഷൻ കഴിഞ്ഞാൽ തൊട്ടടുത്ത് കണ്ണമ്പ റോഡിലേക്കുള്ള റെയിൽവേ ക്രോസാണ്. ഇവിടെ ഇരുവശത്തുമുളള റോഡുകളുടെ വീതിക്കുറവ് പലപ്പോഴും മണിക്കൂറുകളോളമാണ് മറ്റ് റൂട്ടുകളെക്കൂടി ഗതാഗതക്കുരുക്കിലാക്കുന്നത്. തൊട്ടടുത്തത് പുന്നമൂട് ഗേറ്റാണ്. ഒന്നിലേറെ റോഡുകൾ സന്ധിക്കുന്ന ഇവിടെ ഗതാഗതക്കുരുക്കിന് സമീപത്തെ പബ്ളിക്ക് മാർക്കറ്റ് കൂടി സാക്ഷിയാകുകയാണ്. ഇടവ പഞ്ചായത്തിലേക്കുള്ള പ്രവേശനകവാടം ജനതാ മുക്ക് ഗേറ്റാണ്. മണിക്കൂറുകളോളമാണ് പലപ്പോഴും ഇവിടെയും വാഹനങ്ങളും യാത്രക്കാരും കാത്തുകിടക്കുന്നത്. തൊട്ടടുത്തുളള ഇടവ എച്ച്.എസ് ജംഗ്ഷനിലെ ഗേറ്റിന്റെയും അവസ്ഥ മറ്റൊന്നല്ല. ഈ റൂട്ടിലെ അടുത്ത വഴിമുടക്കി ഇടവ സ്റ്റേഷനോട് ചേർന്നുകിടക്കുന്ന ഇടവ ജംഗ്ഷനിലെ ഗേറ്റാണ്. ഇടമില്ലാത്ത ജംഗ്ഷനും വീതിയില്ലാത്ത റോഡും കുറച്ചൊന്നുമല്ല നാട്ടുകാരെ വലയ്ക്കുന്നത്. കാപ്പിൽ,ഇടവ, പ്രദേശത്ത് നിന്നും മെഡിക്കൽ കോളേജിലടക്കം രോഗികളെ എത്തിക്കാൻ കൊണ്ടുവന്ന നിരവധി വാഹനങ്ങളാണ് ഇവിടത്തെ ഗേറ്റിൽ പലപ്പോഴായി കുടുങ്ങുന്നത്. തിരക്കൊഴിഞ്ഞ് ആശുപത്രി തിണ്ണയിൽ എത്തിയപ്പോഴേക്കും മരണത്തിന് കീഴടങ്ങിയവർ ഏറെയാണ്. വർക്കലയിൽ ട്രെയിൻ നിർത്തിക്കഴിഞ്ഞാൽ സമീപത്തെ ഗേറ്റുകൾ തുറക്കുന്നത് ഏറെ നേരം കഴിഞ്ഞാണ് . രാവിലെയും വൈകുന്നേരങ്ങളിലുമാണ് ട്രയിനുകളുടെ തിരക്ക് . ചില നേരങ്ങളിൽ മൂന്ന് ട്രെയിനുകൾ കടന്നുപോയ ശേഷമാകും ഗേറ്റുതുറക്കുക .വർക്കലയ്ക്കും - ഇടവ ക്കുമിടയിൽ 5 ഗേറ്റുകൾ ഉളളതിനാൽ മേൽപാലം നിർമ്മിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് പതിറ്റാണ്ടിന്റെ പഴക്കമുണ്ട്.