നെയ്യാറ്റിൻകര: കൊടങ്ങാവിള പറമ്പുവിളയിൽ വളർത്തുമൃഗങ്ങളെ കൊന്നൊടുക്കിയത് പുലിയാണെന്ന് സംശയത്തെ തുടർന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പ്രദേശത്ത് പുലിക്കൂട് സ്ഥാപിച്ചു. ഇന്നലെ ഉച്ചയോടെയാണ് നഗരസഭാ വൈസ് ചെയർമാർ കെ.കെ. ഷിബുവിന്റെ നേതൃത്വത്തിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ പുലിക്കൂട് സ്ഥാപിച്ചത്. ജനവാസം കുറഞ്ഞ പ്രദേശത്താണ് കോഴിയെ ഇരയാക്കി ആദ്യഘട്ടം കെണി സജ്ജീകരിച്ചിരിക്കുന്നത്. ഇത് ഫലം കണ്ടില്ലങ്കിൽ പട്ടിയെയോ ആടിനെയോ ഇരയാക്കി ഇന്ന് കെണി സജ്ജീകരിക്കും. കഴിഞ്ഞ കുറച്ചുനാളുകളായി പ്രദേശത്ത് ആട്, പട്ടി, കോഴി തുടങ്ങിയവയെ രാത്രികാലങ്ങളിൽ അജ്ഞാത ജീവി കൊന്നൊടുക്കിയിരുന്നു. സംഭവം പതിവായതോടെയാണ് ഇതിന് പിന്നിൽ പുലിയാണോ എന്ന സംശയമുണ്ടായത്. പരുത്തിപ്പള്ളി ഫോറസ്റ്റ് റേഞ്ച് ഡെപ്യൂട്ടി ഓഫീസർ അഭിലാഷിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം സന്ദർശിച്ചിരുന്നു. പരിശോധനയിൽ പുലിയുടെതെന്ന് സംശയിക്കുന്ന കാൽപ്പാടുകൾ ലഭിച്ചിരുന്നു. ഇത് കൂടുതൽ പരിശോധനയ്‌ക്ക് വിധേയമാക്കുമെന്ന് ഫോറസ്റ്റ് അധികൃതർ അറിയിച്ചു. എന്നാൽ പുലിപ്പേടിക്ക് പിന്നിൽ സാമൂഹ്യവിരുദ്ധരാണെന്ന് നാട്ടുകാരിൽ ചിലരുടെ ആരോപണം.