തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ അക്രമം നടത്തിയവർ കടിച്ചുകീറാൻ തക്കം പാർത്തിരുന്നവർക്കിടയിലേക്ക് എസ്.എഫ്.ഐയെ ഇട്ടുകൊടുത്ത ഒറ്റുകാരെന്ന് ദേശീയ പ്രസിഡന്റ് വി.പി. സാനു. സംഭവത്തിൽ ലജ്ജിച്ച് തല താഴ്ത്തി, കേരളജനതയോട് മാപ്പ് ചോദിക്കുന്നുവെന്നും സാനു ഫേസ്ബുക്ക് കുറിപ്പിൽ എഴുതി. മഹാരാജാസ് കോളേജിൽ കൊല്ലപ്പെട്ട അഭിമന്യു എഴുതിവച്ച മുദ്രാവാക്യം ആയുധമാക്കിയവരാണ് എസ്.എഫ്.ഐക്കാർ. അല്ലാത്തവർ ഒറ്റുകാരാണ്. യഥാർത്ഥ എസ്.എഫ്.ഐക്കാർ വർഷങ്ങളെടുത്ത് നിറം കൊടുത്ത സ്വപ്നങ്ങളെയും കാലങ്ങളായി നയിച്ച പോരാട്ടങ്ങളെയുമാണ് കുറഞ്ഞ മണിക്കൂറുകളിൽ, ഒരു കലാലയത്തിനകത്ത് കുറച്ചാളുകൾ ചേർന്ന് ഒറ്റുകൊടുത്തത്. ഒരു വ്യക്തിയുടെയും പ്രവൃത്തികൾ പാർട്ടി ഉയർത്തുന്ന മുദ്രാവാക്യങ്ങൾക്ക് മങ്ങലേൽപ്പിച്ചുകൂടെന്നും സാനു കുറിച്ചു.