നെടുമങ്ങാട്: ചെങ്കോട്ട റോഡിൽ പഴകുറ്റിക്കു സമീപം കല്ലമ്പാറയിൽ പൊലീസിന്റെ വാഹനപരിശോധന ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും ഇടയാക്കുന്നതായി പരാതി. രാവിലെയും വൈകിട്ടും റോഡിൽ നിലയുറപ്പിക്കുന്ന പൊലീസ് സംഘം ടിപ്പർ ലോറികളും പാറപ്പൊടിയുമായി നിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്ന ലോറികളും കച്ചവട സാമഗ്രികൾ കയറ്റി പോകുന്ന മിനി ലോറികളും തടി കയറ്റി വരുന്ന ലോറികളും തടഞ്ഞു നിറുത്തി പരിശോധിക്കുകയാണ് പതിവ്. ഇതിനിടയ്ക്കാണ് ഇരുചക്ര വാഹന യാത്രക്കാരെ തടഞ്ഞു നിറുത്തി ഹെൽമെറ്റ് പരിശോധന. പൊലീസിനെ കണ്ട് വാഹനങ്ങൾ തിരിച്ചു ഇടറോഡുകളിലൂടെ തടി തപ്പാൻ ശ്രമിക്കുന്നവരാണ് അപകടങ്ങളിൽ പെടുന്നത്. വാഹന പരിശോധന നടക്കുന്നതിനു തൊട്ടടുത്ത് റോഡ് കൈയേറിയാണ് പൊലീസിന്റെ തൊണ്ടി വാഹനങ്ങൾ സൂക്ഷിക്കുന്നത്. വാഹന പരിശോധന നടക്കുന്ന സമയം ഇവിടെ രൂക്ഷമായ ഗതാഗതക്കുരുക്ക് ഉടലെടുക്കും. കഴിഞ്ഞ ദിവസം പുത്തൻപാലത്ത് പച്ചക്കറിക്കടയിലേക്ക് ഇടിച്ചു കയറി ഒരാളിന്റെ മരണത്തിന് ഇടയാക്കിയ കെ.എസ്.ആർ.ടി.സി ബസും പൊലീസ് ഇട്ടിരിക്കുന്നത് റോഡ് കൈയേറിയാണ്. ഇതു ഗതാഗതക്കുരുക്ക് ഇരട്ടിക്കാൻ കാരണമായിട്ടുണ്ട്. വാളിക്കോട് പാലം നിർമ്മാണം നടക്കുന്നതിനാൽ കല്ലമ്പാറ വഴിയാണ് വട്ടപ്പാറ റോഡിലേക്കുള്ള വാഹനങ്ങൾ കടന്നു പോകുന്നത്. ഈ വാഹനങ്ങൾ തിരിഞ്ഞു പോകുന്ന ജനത്തിരക്കേറിയ സ്ഥലത്താണ് യാത്രക്കാരെ ബുദ്ധിമുട്ടിച്ചുള്ള വാഹന പരിശോധന.
ഇവിടെയുണ്ട് കാടുകയറുന്ന നടപ്പാത വെയിറ്റിംഗ് ഷെഡ് നിർമ്മാണം പാതിവഴിയിൽ
നെടുമങ്ങാട്: ജില്ലാ ആശുപത്രിക്ക് മുന്നിൽ തിരക്കിൽപ്പെട്ട് കാൽനടക്കാർ വലയുമ്പോൾ, ലക്ഷങ്ങൾ ചെലവഴിച്ചു നിർമ്മിച്ച നടപ്പാത കാടുകയറി നശിക്കുന്നു. ആശുപത്രിയുടെ ചുറ്റുമതിലിനോട് ചേർന്ന് റോഡ് വക്കിൽ തറയോട് പാകി നിർമ്മിച്ച നടപ്പാത കാൽനടക്കാർ പ്രവേശിക്കാതിരിക്കാൻ ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് കെട്ടിയടച്ച് ഗേറ്റ് സ്ഥാപിച്ചിരിക്കുകയാണ് അധികൃതർ. നടപ്പാത അടച്ചതിനെതിരെ നാട്ടുകാർ രംഗത്ത് വന്നപ്പോൾ വഴിയടച്ച് വെയിറ്റിംഗ് ഷെഡ് നിർമ്മാണം തുടങ്ങിയെങ്കിലും അതും പാതിവഴിയിൽ ഉപേക്ഷിച്ചു. ഈ സ്ഥലത്തിപ്പോൾ മാലിന്യ കൂമ്പാരമാണ്. സ്വകാര്യ ആംബുലൻസുകൾ ആശുപത്രി നടയിൽ പാർക്ക് ചെയ്യാൻ ഇടമില്ലാതെ നടപ്പാതയിലും റോഡ് പുറമ്പോക്കിലും പാർക്ക് ചെയ്യേണ്ട അവസ്ഥയാണ്. ബസ് കാത്തിരിപ്പു കേന്ദ്രം ഇവിടെ നിലവിലില്ല. ഉപയോഗ ശൂന്യമായ നിലയിലുള്ള നടപ്പാത തുറന്ന് വെയിറ്റിംഗ് ഷെഡ് നിർമ്മാണം പൂർത്തിയാക്കിയാൽ ആശുപത്രി ജംഗ്‌ഷനിലെ ഗതാഗതക്കുരുക്കും അപകടങ്ങളും ഒഴിവാക്കാൻ കഴിയുമെന്നാണ് നാട്ടുകാർ പറയുന്നത്. ഇതുസംബന്ധിച്ച് അധികാരികൾക്ക് നിവേദനം നൽകുമെന്ന് നഗരസഭ കൗൺസിലർ ടി.അർജുനൻ പറഞ്ഞു.