തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ പ്രിൻസിപ്പലും അദ്ധ്യാപകരും ഒരു വിഭാഗം എസ്.എഫ്.ഐക്കാരുടെ പാവകളായിട്ടാണ് പ്രവർത്തിക്കുന്നതെന്നും വിവിധ കേസുകളിലെ പ്രതികൾക്ക് ഒളിച്ചിരിക്കാനുള്ള താവളമാക്കിയിരിക്കുകയാണ് കാമ്പസെന്നും ആത്മഹത്യയ്ക്കു ശ്രമിച്ച് കോളേജിൽ നിന്ന് പഠനമുപേക്ഷിച്ചുപോകേണ്ടിവന്ന വിദ്യാർത്ഥിനി നിഖില വെളിപ്പെടുത്തി.
കാമ്പസിനകത്ത് മദ്യവും മയക്കുമരുന്നുമുണ്ട്. ചില ക്രിമിനലുകളും വിവിധ കേസുകളിലുൾപ്പെട്ട എസ്.എഫ്.ഐ പ്രവർത്തകരും ഒളിവിൽ കഴിയുന്നത് കാമ്പസിനകത്താണ്. പൊലീസിനെ ആക്രമിച്ച കേസിലെ പ്രതികൾ ഒളിച്ചുപാർത്തതും കാമ്പസിനകത്താണ്. ഇത് വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും പ്രിൻസിപ്പലിനുമറിയാം. പക്ഷേ, ആരും മിണ്ടില്ല- വീട്ടിലെത്തിയ മാദ്ധ്യമപ്രവർത്തകരോട് നിഖില പറഞ്ഞു.
കോളേജിലെ എല്ലാം കാര്യങ്ങളും തീരുമാനിക്കുന്നത് തങ്ങളാണെന്നാണ് യൂണിറ്റ് മെമ്പർമാർ വിദ്യാർത്ഥികളോട് പറഞ്ഞിരുന്നത്. ചോദ്യം ചെയ്താൽ പരീക്ഷ എഴുതിക്കില്ലെന്നും ജീവിതം നശിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തും. സമരങ്ങൾക്കും പ്രകടനങ്ങൾക്കും നിർബന്ധിച്ച് കൊണ്ടുപോകും. സമരപരിപാടികൾക്ക് പങ്കെടുക്കുന്നു എന്ന് ഉറപ്പുവരുത്താൻ ഡിപ്പാർട്ട്‌മെന്റിൽ വേറെ വിദ്യാർത്ഥികളെ ഏർപ്പാടാക്കിയിരുന്നു.
യൂണിറ്റ് റൂമെന്ന് പറയുന്ന ഇടിമുറി കോളേജിനകത്തുണ്ട്. അവിടെ കൊണ്ടുപോയി ആൺകുട്ടികളെ ഇടിക്കും. രാത്രിയും പകലും അവർ കോളേജിലുണ്ടാകും. അവർക്ക് എന്തുമാകാം. മറ്റ് ആൺകുട്ടികളും പെൺകുട്ടികളും തമ്മിൽ മിണ്ടിയാലോ അടുത്തിരുന്നാലോ അവർ സദാചാര പൊലീസാവും. അസഭ്യവും ആക്രമണവുമുണ്ടാകും. കാന്റീനിൽ ഒന്നാംവർഷ വിദ്യാർത്ഥികളെ ഇരിക്കാൻ സമ്മതിക്കില്ല. യൂണിറ്റ് കമ്മിറ്റിയിലുള്ളവർ ക്ലാസിൽ കയറാറേയില്ല. പക്ഷേ, മറ്റു കുട്ടികളെ ക്ലാസിന് പുറത്തുകണ്ടാൽ അവർ ആക്രമിക്കും.
പഠനസാഹചര്യം നഷ്ടപ്പെടുത്തുന്ന എസ്.എഫ്.ഐ നയങ്ങളിൽ എതിർപ്പ് അറിയിച്ചപ്പോൾ അദ്ധ്യാപകർ പോലും ഒപ്പം നിന്നില്ല. അവരങ്ങനെയാണെന്ന പ്രതികരണമാണ് അവരിൽനിന്ന് ഉണ്ടായത്. തെരഞ്ഞുപിടിച്ച് ഉപദ്രവം പതിവായപ്പോൾ പ്രിൻസിപ്പലിനെ കണ്ട് കാര്യങ്ങൾ കരഞ്ഞുപറഞ്ഞു. പ്രിൻസിപ്പലിന്റെ പ്രതികരണം തീർത്തും മോശമായിരുന്നു. അങ്ങേയറ്റം മനസ് മടുത്താണ് ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. കൂട്ടുകാർക്കെങ്കിലും മികച്ച പഠനത്തിന് അവസരം കിട്ടട്ടെ എന്നു കരുതിയാണ് അങ്ങനെ ചെയ്തത്. നല്ല രീതിയിൽ പഠിക്കണം എന്ന് ആഗ്രഹിച്ചാണ് മികച്ച ലൈബ്രറി സംവിധാനം അടക്കമുള്ള യൂണിവേഴ്സിറ്റി കോളേജിലെത്തിയത്. എന്നാൽ പ്രതീക്ഷിച്ചതോ സ്വപ്നം കണ്ടതോ ആയ അനുഭവമല്ല നേരിടേണ്ടിവന്നതെന്നും നിഖില പറഞ്ഞു.