തിരുവനന്തപുരം : യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാർത്ഥി അഖിലിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളെ പിടികൂടണമെന്നും കോളേജിൽ സംഘടനാ സ്വാതന്ത്ര്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് എ.ഐ.എസ്.എഫിന്റെ നേതൃത്വത്തിൽ ഇന്നലെ നടന്ന സെക്രട്ടേറിയറ്റ് മാർച്ച് അക്രമാസക്തമായി. ബാരിക്കേഡ് മറികടന്ന് സെക്രട്ടേറിയറ്റിനുള്ളിലേക്ക് തള്ളിക്കയറാനുള്ള ശ്രമത്തിനിടെ പൊലീസിന്റെ ജലപീരങ്കി പ്രയോഗത്തിൽ തെറിച്ചുവീണ പ്രവർത്തകന് പരിക്കേറ്റു. ഇന്നലെ ഉച്ചയോടെയാണ് നൂറോളം വരുന്ന എ.ഐ.എസ് എഫ് പ്രവർത്തകർ എ.ഐ.ടി.യു.സി ജില്ലാ കമ്മിറ്റി ഒാഫീസിന് മുന്നിൽ നിന്നാണ് പ്രകടനം ആരംഭിച്ചത്. യൂണിവേഴ്സിറ്റി കോളേജിന് മുന്നിലെത്തി കാമ്പസ് ഗുണ്ടായിസത്തിനെതിരെ മുദ്യാവാക്യം മുഴക്കിയ ശേഷമാണ് സെക്രട്ടേറിയറ്റിന് മുന്നിലേക്ക് എത്തിയത്. ബാരിക്കേഡ് തള്ളിക്കടന്ന് ഉള്ളിലേക്ക് കയറാനുള്ള ശ്രമം തടയാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു . പ്രവർത്തകർ പിരിഞ്ഞു പോകാൻ കൂട്ടാക്കാത്തതോടെ രണ്ടു തവണകൂടി ജലപീരങ്കി പ്രയോഗിച്ചു. വെള്ളത്തിന്റെ ശക്തിയിൽ തെറിച്ചുവീണ എ.ഐ.എസ്.എഫ് അരുവിക്കര മണ്ഡലം പ്രസിഡന്റ് അതുലിന്റെ (22) തലയുടെ പിൻഭാഗം നിലത്തിടിച്ച് പൊട്ടി. രക്തം വാർന്ന നിലയിലായ അതുലിനെ ഉടനെ പൊലീസ് ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. മാർച്ച് എ.ഐ.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ആർ.എസ്.രാഹുൽരാജ് ഉദ്‌ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ശരൺ ശശാങ്കൻ, സെക്രട്ടറി കണ്ണൻ എസ്. ലാൽ, ജോയിന്റ് സെക്രട്ടറിമാരായ രാഹുൽ, തൃപ്തിരാജ്, അനീസ് എന്നിവർ നേതൃത്വം നൽകി.