university-college
university college

തിരുവനന്തപുരം: സ്വന്തം സംഘടനയിലുള്ള വിദ്യാർത്ഥിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച് നാണക്കേടിലേക്ക് കൂപ്പുകുത്തിയ യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റിയെ ഇന്നലെ സംഘടനയുടെ സംസ്ഥാനകമ്മിറ്റി യോഗം അടിയന്തരമായി ചേർന്ന് പിരിച്ചുവിട്ടു. സംഭവത്തിൽ പ്രതി ചേർക്കപ്പെട്ട ആറ് പേരെ എസ്.എഫ്.ഐയുടെ അംഗത്വത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഘടകങ്ങളിൽ നിന്നും പുറത്താക്കുകയും ചെയ്തു. എ.എൻ. നസിം, ശിവരഞ്ജിത്, മുഹമ്മദ് ഇബ്രാഹിം, അദ്വൈത് മണികണ്ഠൻ, അമർ, ആരോമൽ എന്നിവരെയാണ് പുറത്താക്കിയത്.

കോളേജിൽ എസ്.എഫ്.ഐയുടെ മറവിൽ ക്രിമിനൽ പ്രവർത്തനം വച്ചുപൊറുപ്പിക്കേണ്ടെന്ന നിലപാടിലാണ് സർക്കാരും. ഇന്നലെ പൊലീസിന് കാമ്പസിൽ കടന്ന് പരിശോധനയ്ക്ക് പൂർണ സ്വാതന്ത്ര്യം അനുവദിച്ചതും യൂണിറ്റ് കമ്മിറ്റി ഓഫീസിലടക്കം കടന്നുചെന്ന് മാദ്ധ്യമപ്രവർത്തകർക്ക് ചിത്രീകരണത്തിന് അവസരമുണ്ടായതും ഇതിന്റെ സൂചനയാണ്.

യൂണിവേഴ്സിറ്റി കോളേജ് സംഭവം എസ്.എഫ്.ഐയുടെ പ്രതിച്ഛായക്ക് തന്നെ മങ്ങലേല്പിച്ചെന്ന തിരിച്ചറിവിലാണ് നേതൃത്വത്തിന്റെ ശക്തമായ ഇടപെടലുണ്ടായത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെയുണ്ടായ സംഭവം സി.പി.എം നേതൃത്വത്തെയും സമ്മർദ്ദത്തിലാക്കി. സി.പി.ഐ നേതാക്കളും എ.ഐ.എസ്.എഫും എസ്.എഫ്.ഐക്കെതിരെ ശക്തമായി രംഗത്തെത്തിയതും സി.പി.എമ്മിനു മേൽ സമ്മർദ്ദം കൂട്ടി.

വിശ്വാസം വീണ്ടെടുക്കൽ

എസ്.എഫ്.ഐക്ക് വെല്ലുവിളി

യൂണിവേഴ്സിറ്റി കോളേജിൽ നഷ്ടപ്പെട്ട പ്രതിച്ഛായ തിരിച്ചുപിടിച്ച് ശുദ്ധീകരണം നടത്തുകയെന്ന കനത്ത വെല്ലുവിളിയാണ് എസ്.എഫ്.ഐക്ക് മുന്നിലുള്ളത്. കോളേജിലെ യൂണിറ്റ് കമ്മിറ്റി നേതൃത്വത്തിനെതിരെ വിദ്യാർത്ഥികൾ ഒന്നടങ്കം സംഘടിച്ച് തെരുവിലിറങ്ങിയത് നേതൃത്വത്തെ ശരിക്കും ഞെട്ടിച്ചു. ഈ സാഹചര്യത്തിൽ കൂടിയാണ് 'അടിയന്തര ശസ്ത്രക്രിയ'യ്ക്ക് നേതൃത്വം തയ്യാറായതെന്ന് വേണം കരുതാൻ. ഇന്നലെ രാവിലെ സംസ്ഥാന സെക്രട്ടറി കെ.എം. സച്ചിൻദേവിന്റെയും പ്രസിഡന്റ് വി.എ. വിനീഷിന്റെയും സാന്നിദ്ധ്യത്തിൽ എസ്.എഫ്.ഐ ജില്ലാ സെക്രട്ടേറിയറ്റ് വിളിച്ചുചേർത്ത് നടപടിയെടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം തെരുവിലിറങ്ങിയ വിദ്യാർത്ഥികൾ വിളിച്ചുപറഞ്ഞത് തങ്ങളാണ് യഥാർത്ഥ എസ്.എഫ്.ഐ എന്നാണ്. അവരുടെയെല്ലാം വിശ്വാസം വീണ്ടെടുക്കേണ്ടതുണ്ട്.

ശബരിമല വിഷയത്തിന്റെയു മറ്റും പേരിൽ തലസ്ഥാന ജില്ലയിൽ പാർട്ടി കുടുംബങ്ങളിലടക്കം വോട്ട് ചോർന്നിരുന്നു. ഇങ്ങനെ മാറിപ്പോയ കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളിലൂടെ എ.ബി.വി.പിയെ കാമ്പസിൽ വളർത്തിയെടുക്കാൻ ശ്രമമുണ്ടാകുമോയെന്ന ആശങ്ക ജില്ലയിലെ സി.പി.എം, എസ്.എഫ്.ഐ നേതൃത്വങ്ങൾക്കുമുണ്ട്. മറുവശത്ത് കാമ്പസ് ഫ്രണ്ട് പോലുള്ള സംഘടനകളുടെ നുഴഞ്ഞുകയറ്റത്തെയും കാണണം. ഇത്തരം വെല്ലുവിളികളെയെല്ലാം അതിജീവിച്ചുവേണം എസ്.എഫ്.ഐക്ക് ഇനി കളം തിരിച്ചുപിടിക്കാൻ.