കുടുംബശ്രീ പ്രോഗ്രാം ഓഫീസർ ഒഴിവ്
സംസ്ഥാന ദാരിദ്ര്യ നിർമ്മാർജ്ജന മിഷന്റെ (കുടുംബശ്രീ) സംസ്ഥാന മിഷൻ ഓഫീസിൽ പ്രോഗ്രാം ഓഫീസർ തസ്തികയിൽ ഒരൊഴിവ് ഉണ്ട്. ഡെപ്യൂട്ടേഷൻ നിയമനത്തിന് യോഗ്യരായ സംസ്ഥാന സർക്കാർ/ അർദ്ധസർക്കാർ ജീവനക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
യോഗ്യതയുള്ള ജീവനക്കാർ കെ.എസ്.ആർ ചട്ടങ്ങൾ പ്രകാരം എൻ.ഒ.സി സഹിതം അപേക്ഷിക്കണം. ശമ്പള സ്‌കെയിൽ: 42500-87000 (പുതുക്കിയത്). അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. സാമൂഹിക വികസന പരിപാടികളും ദാരിദ്ര്യ നിർമ്മാർജ്ജന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഗ്രാമവികസനം, കൃഷി, മൃഗസംരക്ഷണം, ഡയറി വികസന, സാമൂഹികക്ഷേമം, പട്ടികജാതി/ പട്ടികവർഗ വികസനം, ഫിഷറീസ് തുടങ്ങിയ വകുപ്പുകളിൽ കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം. മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ സെക്രട്ടറിമാർക്ക് മുൻഗണന. കമ്പ്യൂട്ടറിൽ പ്രായോഗിക പരിജ്ഞാനം ഉണ്ടായിരിക്കണം.
എഴുത്തുപരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. അപേക്ഷകൾ എക്സിക്യൂട്ടീവ് ഡയറക്ടർ, കുടുംബശ്രീ, ട്രിഡ ബിൽഡിംഗ്, ചാലക്കുഴി ലെയിൻ, മെഡിക്കൽ കോളേജ്, തിരുവനന്തപുരം - 695011 എന്ന വിലാസത്തിൽ ജൂലൈ 30 വൈകിട്ട് നാലിനകം ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.kudumbashree.org.
കുടുംബശ്രീ ഓഫീസ് സെക്രട്ടേറിയൽ സ്റ്റാഫ്
സംസ്ഥാന ദാരിദ്ര്യ നിർമ്മാർജ്ജന മിഷനിലെ (കുടുംബശ്രീ) ഒഴിവ് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നികത്തുന്നതിനും പട്ടിക തയ്യാറാക്കുന്നതിനുമായി യോഗ്യരായ കേന്ദ്ര-സംസ്ഥാന സർക്കാർ/ അർദ്ധസർക്കാർ ജീവനക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കുടുംബശ്രീ മിഷനിലെ ഓഫീസ് സെക്രട്ടേറിയൽ സ്റ്റാഫ് തസ്തികയിലേക്കാണ് നിയമനം. യോഗ്യതയുള്ള ജീവനക്കാർ എൻ.ഒ.സി സഹിതം അപേക്ഷിക്കണം. എൻ.ഒ.സി ഒരാഴ്ചയ്ക്കകം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെങ്കിലും അപേക്ഷ നൽകാം. 14 ഒഴിവുണ്ട്. തിരുവനന്തപുരം -1, പത്തനംതിട്ട 1, കോട്ടയം 2, ഇടുക്കി 1, എറണാകുളം -1, തൃശൂർ -2, പാലക്കാട് -2, മലപ്പുറം -1, കോഴിക്കോട് -1, കണ്ണൂർ -1, കാസർകോട് -1. ശമ്പള സ്‌കെയിൽ: 19000-43600 (പുതുക്കിയത്). അപേക്ഷകർ ഇതേ ശമ്പള സ്‌കെയിലിൽ ഇപ്പോൾ ജോലി ചെയ്തു വരുന്നവരായിരിക്കണം. അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ബിരുദമാണ് യോഗ്യത. ബിരുദാനന്തര ബിരുദം നേടിയവർക്ക് മുൻഗണന. കമ്പ്യൂട്ടറിൽ പ്രായോഗിക പരിജ്ഞാനം ഉണ്ടായിരിക്കണം. അപേക്ഷകൾ എക്സിക്യൂട്ടീവ് ഡയറക്ടർ, കുടുംബശ്രീ, ട്രിഡ ബിൽഡിംഗ്, ചാലക്കുഴി ലെയിൻ, മെഡിക്കൽ കോളേജ്, തിരുവനന്തപുരം - 695011 എന്ന വിലാസത്തിൽ ജൂലൈ 30 വൈകിട്ട് അഞ്ചിനകം ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.kudumbashree.org.
കെൽട്രോണിൽ ഡിപ്ലോമ കോഴ്സ്
കെൽട്രോണിന്റെ നോളഡ്ജ് സെന്ററിൽ ഒരു വർഷത്തെ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈചെയ്ൻ മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെൽട്രോൺ നോളഡ്ജ് സെന്ററിൽ അപേക്ഷ സമർപ്പിക്കണം. ksg.keltron.in ലും അപേക്ഷാഫോം ലഭ്യമാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി ജൂലായ് 30. വിശദവിവരങ്ങൾക്ക്: 0471-2325154/4016555. വിലാസം: കെൽട്രോൺ നോളഡ്ജ് സെന്റർ, രണ്ടാം നില, ചെമ്പിക്കലം ബിൽഡിംഗ്, ബേക്കറി-വിമൻസ് കോളേജ് റോഡ്, വഴുതയ്ക്കാട്.പി.ഒ. തിരുവനന്തപുരം.
സൗജന്യ തൊഴിൽ നൈപുണ്യ പരിശീലനം നൽകും
കുടുംബശ്രീ മുഖേന കേരളത്തിൽ നടപ്പിലാക്കുന്ന ദേശീയ നഗര ഉപജീവന ദൗത്യത്തിന്റെ (എൻ.യു.എൽ.എം) ഭാഗമായി നഗരപ്രദേശങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന യുവതീയുവാക്കൾക്ക് സൗജന്യ നൈപുണ്യ പരിശീലനവും തൊഴിലും നൽകുന്ന എംപ്ലോയ്‌മെന്റ് ത്രൂ സ്‌കിൽ ട്രെയ്നിംഗ് ആൻഡ് പ്ലേസ്‌മെന്റ് (ഇ.എസ്.ടി.പി) പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് തുടക്കമായി. മൂന്നാം ഘട്ടത്തിൽ 93 നഗരങ്ങളിലെ 12000 പേർക്ക് നൈപുണ്യ പരിശീലനം നൽകുന്നതിനായി 35 പരിശീലന ഏജൻസികളുമായി കുടുംബശ്രീ ധാരണയിലെത്തി.എട്ടാം ക്ലാസ് മുതൽ ബിരുദം വരെ യോഗ്യതയുള്ളവർക്ക് പദ്ധതിയുടെ ഭാഗമായി വിവിധ കോഴ്സുകളിൽ പരിശീലനം നേടാനാകും. മൂന്ന് മാസം മുതൽ എട്ടരമാസം വരെ കാലാവധിയുള്ള കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് നാഷണൽ സ്‌കിൽ ഡെവലപ്പ്‌മെന്റ് കോർപ്പറേഷന്റെ സർട്ടിഫിക്കറ്റ് ലഭിക്കും. 12000 ൽ 5300 പേർക്ക് റസിഡൻഷ്യൽ രീതിയിൽ പരിശീലനം നേടാനാകും. താമസവും ഭക്ഷണവും സൗജന്യമാണ്.
അതത് നഗരസഭകളിലെ കുടുംബശ്രീയുടെ സി.ഡി.എസ് ഓഫീസുകളിൽ നിന്നോ കുടുംബശ്രീ ദേശീയ നഗര ഉപജീവന ദൗത്യം ഓഫീസിൽ നിന്നോ 155330 എന്ന ടോൾഫ്രീ നമ്പരിൽ നിന്നോ വിശദവിവരങ്ങൾ ലഭിക്കും. അക്കൗണ്ടന്റ്, ഫീൽഡ് എൻജിനിയർ - ഇലക്ട്രോണിക്സ്, ആയുർവേദ സ്പാ തെറാപ്പിസ്റ്റ്, ജൂനിയർ സോഫ്ട്‌വെയർ ഡെവലപ്പർ, ഫാഷൻ ഡിസൈനർ, കാഡ് ഡിസൈനർ തുടങ്ങി 54 കോഴ്സുകളിലാണ് പരിശീലനം നൽകുന്നത്.