photo

നെടുമങ്ങാട്: നേർവഴി ഉപദേശിക്കേണ്ട ഗുരുനാഥന്റെ ക്രൂരമർദ്ദനത്തിൽ വാരിയെല്ല് തകർന്ന ബുദ്ധിമാന്ദ്യമുള്ള മകനെയോർത്ത് വിലപിക്കുകയാണ് അഴിക്കോട് മുപ്പറ അമീൻ മൻസിലിൽ സൗദാബീവി. കുളിക്കാതെ പള്ളിയിൽ കയറിയെന്ന് ആരോപിച്ച് മകനെ മർദ്ദിച്ച ഉസ്‌താദിനെതിരെ നടപടി ആവശ്യപ്പെട്ട് ഒരുവർഷമായി അധികൃതരുടെ വാതിലുകൾ മുട്ടുകയാണ് ഈ അമ്മ. മകൻ അൽഅമീൻ (32)​ വീടിന് സമീപത്തെ പള്ളിയിൽ വൈകിട്ടത്തെ നമസ്‌കാരത്തിന് പോയപ്പോഴായിരുന്നു സംഭവം. മതപാഠശാലയുടെ ചുമതലയുള്ള ഉ‌സ്‌താദ് തടഞ്ഞുനിറുത്തി അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്‌തെന്നാണ് പരാതി. മർദ്ദനത്തിൽ വലതുവശത്തെ വാരിയെല്ലിന് പരിക്കുണ്ട്. 2018 ആഗസ്റ്റ് 16നാണ് സംഭവം. സംസാരശേഷിയില്ലാത്ത അൽ അമീൻ ആംഗ്യഭാഷയിലൂടെ വിവരങ്ങൾ മാതാവിനെയും സഹോദരിമാരെയും അറിയിക്കുകയായിരുന്നു. ഇതേക്കുറിച്ച് പള്ളിക്കമ്മിറ്റി ഭാരവാഹികൾക്കും അംഗപരിമിതർക്കായുള്ള സംസ്ഥാന കമ്മിഷണറേറ്റിലും പരാതി നൽകിയെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് ഇപ്പോഴും ചികിത്സയിലാണ്. മത്സ്യക്കച്ചവടക്കാരനും പൊതുപ്രവർത്തകനുമായിരുന്ന ബഷീറിന്റെ മകനാണ് അൽ അമീൻ. വാർദ്ധക്യസഹജമായ രോഗങ്ങൾ കാരണം ബഷീർ ഏറെനാളായി വീട്ടിൽ കിടപ്പിലാണ്. സൗദാബീവി വീട്ടുജോലിക്ക് പോയാണ് മകനും ഭർത്താവും രണ്ടു പെൺമക്കളും അടങ്ങുന്ന കുടുംബം നോക്കുന്നത്.