university

തിരുവനന്തപുരം: വിദ്യാർത്ഥികളെ സംഘടനാ പരിപാടികളിൽ നിർബന്ധിച്ച് പങ്കെടുപ്പിക്കുന്ന യൂണിവേഴ്സിറ്രി കോളേജിലെ എസ്.എഫ്.ഐയുടെ പ്രവർത്തന 'മാതൃക' സർക്കാർ ഓഫീസുകളിലെ ജീവനക്കാരുടെ ചില സംഘടനകളും തുടർന്നുവരുന്നതായി ആക്ഷേപം. യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്തിനെ തുടർന്ന് ചില തുറന്നുപറച്ചിലുകൾ വിദ്യാർത്ഥികളുടെ ഭാഗത്തുനിന്ന് ഉണ്ടായതിന് പിന്നാലെയാണ് സർക്കാർ ജീവനക്കാരും ഒളിഞ്ഞും തെളിഞ്ഞും ഇക്കാര്യം ഉന്നയിക്കുന്നത്. പ്രകടനമോ യോഗങ്ങളോ ഉണ്ടെങ്കിൽ ചില സംഘടനകൾ ജീവനക്കാരെ ഓഫീസിലിരിക്കാൻ സമ്മതിക്കാതെ നിർബന്ധിച്ച് കൂട്ടിക്കൊണ്ടുപോകും. പങ്കെടുത്തില്ലെങ്കിൽ ഭീഷണിയും സമ്മർദ്ദവുമൊക്കെ ഉണ്ടാകും. അതിനാൽ, ഓഫീസിലെ ജോലിപോലും മാറ്റിവച്ച് ജീവനക്കാർക്ക് അതിൽ പങ്കെടുക്കേണ്ടിവരുന്നു. ഇക്കാര്യത്തിലുള്ള ജീവനക്കാരുടെ മുറുമുറുപ്പൊന്നും സംഘടനാ നേതാക്കൾ വകവയ്ക്കാറില്ലത്രേ. ഭരണ, പ്രതിപക്ഷ സംഘടനാ ഭേദമില്ലാതെയാണ് ഇത്തരം രീതികൾ സർക്കാർ ഓഫീസുകളിൽ അരങ്ങേറുന്നത്.

ഇതുമാത്രമല്ല, സംഘടനകൾ ആവശ്യപ്പെടുന്ന വൻപിരിവുകളും ജീവനക്കാർ നിർബന്ധമായും നൽകിയിരിക്കണം. പിരിവിനെ എതിർത്താൽ സ്ഥലംമാറ്റം ഉൾപ്പെടെ ഉണ്ടാകുമെന്ന ഭീഷണി പിന്നാലെവരും. അടുത്തിടെ ഒരു ഭരണാനുകൂല സംഘടനയുടെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രവർത്തന ഫണ്ടിലേക്ക് ഓരോ ജീവനക്കാരിൽ നിന്നും 1500 രൂപ വീതമാണ് പിരിച്ചത്. സ്ഥലംമാറ്റ ഭീഷണി ഭയന്ന് ചോദിക്കുന്ന തുക കൊടുക്കുകയാണ് പതിവെന്ന് ചില ജീവനക്കാർ പറയുന്നു. സംഘടനകളുടെ അംഗങ്ങളിൽ നിന്ന് മാത്രമല്ല, അല്ലാത്ത ജീവനക്കാരേയും പിരിവിൽ നിന്ന് പലപ്പോഴും ഒഴിവാക്കില്ല. കൊടുത്തില്ലെങ്കിൽ ഉണ്ടാവുന്ന പൊല്ലാപ്പ് ഭയന്ന് ജീവനക്കാർ ഇതിന് വഴങ്ങുകയാണ് ചെയ്യുന്നത്.

ജോലി സമയത്ത് ജീവനക്കാരെ പ്രകടനത്തിനും മറ്റുംകൊണ്ടുപോകുന്നത് തടയാൻ ഓഫീസ് മേധാവി വിചാരിച്ചാലും നടക്കില്ല. യൂണിവേഴ്സിറ്രി കോളേജിലെ അദ്ധ്യാപകരെവരെ ചില എസ്.എഫ്.ഐ നേതാക്കൾ വരച്ച വരയിൽ നിറുത്തുന്നതുപോലെ ഓഫീസ് മേധാവിക്കുമേലുമുണ്ടാവും സംഘടനക്കാരുടെ സമ്മർദ്ദം. ഇല്ലെങ്കിൽ അദ്ദേഹത്തിനും നേരിടേണ്ടിവരും സ്ഥലംമാറ്റം ഉൾപ്പെടെയുള്ള ഭീഷണി. ജീവനക്കാർ പ്രകടനത്തിനും സമ്മേളനത്തിനുമൊക്കെ പങ്കെടുത്തോ എന്നറിയാൻ സംഘടനാ നേതാക്കളുടെ നീരീക്ഷണവുമുണ്ടാവും. ജീവനക്കാർ മുങ്ങാതിരിക്കാൻ ഓഫീസ് ഗേറ്റുകളിലാവും പലപ്പോഴും നിരീക്ഷണം. ഒരാളുപോലും കുറയാതെ പ്രകടനങ്ങളിൽ തങ്ങളുടെ ശക്തി തെളിയിക്കാൻ ഇതല്ലാതെ മറ്റുവഴികളില്ലെന്നാണ് ചില സംഘടനാ നേതാക്കൾ പറയുന്നത്. നിർബന്ധിച്ചില്ലെങ്കിൽ ഒരുപക്ഷേ, പ്രകടനത്തിനും സമ്മേളനങ്ങൾക്കുമൊന്നും ആളെ കിട്ടിയില്ലെങ്കിലോ എന്ന ആശങ്കയും നേതാക്കളെ നയിക്കുന്നുണ്ടത്രേ.