തിരുവനന്തപുരം: ആക്രമണം തടയുന്നതിൽ യൂണിവേഴ്സിറ്റി കോളേജ് പ്രിൻസിപ്പലിന് വീഴ്ച പറ്റിയെന്ന് സൂചിപ്പിച്ച് കോളേജ് വിദ്യാഭ്യാസ ഡയറക്ടർ ഹരിതാ വി. കുമാർ സർക്കാരിന് പ്രാഥമിക റിപ്പോർട്ട് നൽകി. കോളേജിൽ വിദ്യാർത്ഥിക്ക് കുത്തേറ്റ് അതീവഗുരുതര സംഭവമുണ്ടായിട്ടും പ്രിൻസിപ്പൽ വിവരമറിയിച്ചില്ല. ഏറെക്കഴിഞ്ഞ് മാദ്ധ്യമങ്ങളിലൂടെയാണ് വിവരമറിഞ്ഞത്. കത്തിക്കുത്ത് നടന്നത് അറിഞ്ഞില്ലെന്നും വിദ്യാർത്ഥി പ്രവേശനത്തിന്റെ തിരക്കിലായിരുന്നെന്നുമാണ് പ്രിൻസിപ്പൽ മാദ്ധ്യമങ്ങളോട് പറഞ്ഞത്.
കുത്തേറ്റ അഖിലിന്റെ മൊഴിയെടുക്കാനാവാത്തതിനാൽ പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ റിപ്പോർട്ടിലില്ല. കുട്ടികൾ തമ്മിൽ രണ്ടുമൂന്ന് ദിവസമായുള്ള തർക്കത്തിന്റെ തുടർച്ചയായാണ് അനിഷ്ടസംഭവങ്ങളുണ്ടായത്. കോളേജിൽ സംഭവിച്ചതെന്താണെന്ന് മാത്രമാണ് പ്രാഥമിക റിപ്പോർട്ടിലുള്ളതെന്നും ഡയറക്ടറുടെ അന്വേഷണം തുടരുമെന്നും ഉന്നതവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
കോളേജിൽ തിങ്കളാഴ്ച മുതൽ ക്ലാസ് നടത്തുന്നതിനെക്കുറിച്ച് സർക്കാർ ഇന്ന് തീരുമാനമെടുക്കും. സമാധാനപരമായ അന്തരീക്ഷത്തിലേ ക്ലാസ് നടത്തൂ. എന്നാൽ കൂടുതൽ അദ്ധ്യയന ദിനങ്ങൾ നഷ്ടമാകാനും പാടില്ല. ഇക്കാര്യങ്ങൾ അവലോകനം ചെയ്ത് തീരുമാനമെടുക്കുമെന്ന് മന്ത്രി കെ.ടി. ജലീലിന്റെ ഓഫീസ് അറിയിച്ചു. അതേസമയം, കത്തിക്കുത്ത് അടക്കമുള്ള പ്രശ്‌നങ്ങൾ ചർച്ചചെയ്യാൻ തിങ്കളാഴ്ച കോളേജ് കൗൺസിൽ വിളിച്ചുചേർക്കാൻ കോളേജ് വിദ്യാഭ്യാസ ഡയറക്ടർ നിർദ്ദേശിച്ചു. പൊലീസ് കേസിൽ പ്രതികളായ വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്യുമെന്ന് പ്രിൻസിപ്പലും വ്യക്തമാക്കി.