കല്ലമ്പലം: ആളില്ലാതിരുന്ന വീട് രാത്രിയിൽ കത്തി നശിച്ചു. മണമ്പൂർ മുള്ളറംകോട് പന്തുവിള കാവുവിള പുത്ത൯ വീട്ടിൽ എസ്. പൂമണിയുടെ വീടാണ് കത്തിയത്. വസ്തുവിന്റെ ആധാരം, സ്കൂട്ടർ, മക്കളുടെ ബിരുദ സർട്ടിഫിക്കറ്റുകൾ, പമ്പുസെറ്റ്, അലമാര, ടിവി, കസേര തുടങ്ങിയവ മുഴുവനും കത്തിനശിച്ചു. സംഭവസമയം പൂമണിയും കുടുംബവും ചാത്തമ്പാറയുള്ള ബന്ധുവീട്ടിലായിരുന്നു. ശാരീരിക അസ്വസ്ഥതയെ തുടർന്ന്‍ രണ്ടുദിവസമായി ബന്ധു വീട്ടിൽ തന്നെയായിരുന്നു പൂമണിയും മക്കളും. കഴിഞ്ഞ ദിവസം പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. അയൽവാസികൾ അറിയിച്ചതിനെതുടർന്ന് പൂമണി സ്ഥലത്തെ ത്തിയപ്പോഴേക്കും നാട്ടുകാർ തീകെടുത്തി. എങ്കിലും ഷീറ്റ് കൊണ്ട് നിർമ്മിച്ച വീട് പൂർണമായും കത്തി. 3 ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി പൂമണി `പറഞ്ഞു. രാത്രി ഒരുമണിക്ക് വീട് എങ്ങനെ കത്തിയെന്നതിൽ ദുരൂഹതയുണ്ടെന്നും ആരോ കത്തിച്ചതാകാമെന്നും പൂമണി പറഞ്ഞു. കല്ലമ്പലം പൊലീസും കെ.എസ്.ഇ. ബി ജീവനക്കാരും പരിശോധന നടത്തി.