തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐ യൂണിറ്റ് ഓഫീസിൽ കത്തികളും മദ്യക്കുപ്പികളും ഇരുമ്പ് ദണ്ഡും ബൈക്കിന്റെ സൈലൻസറും, ഗ്യാസ് അടുപ്പും സിലിണ്ടറും. ഇടിമുറിയെന്ന് വിശേഷിപ്പിക്കുന്ന ഓഫീസിലും കാമ്പസിന്റെ വിവിധയിടങ്ങളിലും ദൃക്സാക്ഷികളോടൊപ്പം പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്.
കോളേജ് യൂണിയൻ ഓഫീസ് എന്ന വ്യാജേനയാണ് യൂണിറ്റ് ഓഫീസ് ഇവിടെ പ്രവർത്തിക്കുന്നത്. മൂന്നാം വർഷ വിദ്യാർത്ഥി അഖിലിനെ കുത്തി പരിക്കേൽപ്പിച്ചതുമായി ബന്ധപ്പെട്ട് മഹസർ തയ്യാറാക്കാനാണ് പൊലീസ് സംഘം ഇന്നലെ യൂണിവേഴ്സിറ്റി കോളേജിൽ എത്തിയത്. മാദ്ധ്യമങ്ങൾക്കും പൊലീസിനും വിലക്ക് കൽപ്പിച്ചിരുന്ന യൂണിവേഴ്സിറ്റി കോളേജിൽ പൊലീസ് ആദ്യമായാണ് പരിശോധന നടത്തിയത്.
കണ്ടെടുത്തതിനെക്കാളധികം ആയുധങ്ങൾ കാമ്പസിന്റെ വിവിധ ഭാഗങ്ങളിലുണ്ടെന്ന് വിദ്യാർത്ഥികൾ പൊലീസിനോട് പറഞ്ഞു. പൊലീസ് പരിശോധന മുന്നിൽകണ്ട് എസ്.എഫ്.ഐക്കാർ ആയുധങ്ങളിൽ അധികവും ഇവിടെ നിന്ന് മാറ്റിയതാണെന്നും വടിവാളുകൾ പോലും യൂണിറ്റ് റൂമിൽ കണ്ടിട്ടുണ്ടെന്നും അവർ പറയുന്നു. ചെടികൾക്കിടയിൽ ഒളിപ്പിച്ച നിലയിലും മണ്ണിൽ കുഴിച്ചിട്ട നിലയിലും ആയുധങ്ങൾ കോളേജ് വളപ്പിലുണ്ടെന്നും പരസ്യമായി ലഹരി ഉപയോഗവും മദ്യപാനവും പതിവാണെന്നും വിദ്യാർത്ഥികൾ പറയുന്നു.
കോളേജ് ഓഡിറ്റോറിയത്തിന് പിറകിലാണ് എസ്.എഫ്.ഐയുടെ ഇടിമുറി. യൂണിയന്റെ ചൊൽപ്പടിക്ക് നിൽക്കാത്ത വിദ്യാർത്ഥികളെ ഇവിടെ കൊണ്ടുവന്ന് ക്രൂരമായി മർദ്ദിക്കും.കേസുകളിൽ പ്രതികളായ എസ്.എഫ്.ഐ പ്രവർത്തകരും ക്രിമിനൽ പശ്ചാത്തലമുള്ളവരും ഈ റൂമിലാണ് തമ്പടിക്കുന്നതും ഒളിവിൽ കഴിയുന്നതും.
അടുത്തിടെ പാളയത്ത് പൊലീസിനെ ആക്രമിച്ച സംഭവത്തിലെ പ്രതികൾ ഒളിവിൽ കഴിഞ്ഞതും ഇവിടെത്തന്നെ. കോളേജ് സമയം കഴിഞ്ഞാലും രാത്രിയിലും ഇവിടെ കഴിയുന്നവരുണ്ട്. സിഗരറ്റിന്റെ ഒഴിഞ്ഞ കവറുകളും ഉപയോഗിച്ച വസ്ത്രങ്ങളും മുറിയിൽ അങ്ങിങ്ങായി ചിതറിക്കിടക്കുന്നുണ്ട്. യൂണിറ്റ് മെമ്പർമാർക്കല്ലാതെ ഇങ്ങോട്ട് പ്രവേശനമില്ല. ഈ റൂമിലാണ് എസ്.എഫ്.ഐയുടെ യോഗങ്ങളും നടക്കുന്നത്.