തിരുവനന്തപുരം: തലസ്ഥാനത്ത് യൂണിവേഴ്സിറ്റി കോളേജിൽ എസ്.എഫ്.ഐ പ്രവർത്തകനെ സ്വന്തം സംഘടനക്കാർ തന്നെ കുത്തിവീഴ്‌ത്തിയ സംഭവത്തിനു പിന്നാലെ, കോളേജിൽ എസ്.എഫ്.ഐയുടെ ഏകാധിപത്യ വാഴ്ചയ്‌ക്കെതിരെ പരാതിപ്രളയം. സംഘടനാ മുദ്രാവാക്യമായി എസ്.എഫ്.ഐ ഉയർത്തിപ്പിടിക്കുന്ന സ്വാതന്ത്ര്യവും ജനാധിപത്യവും കാമ്പസിൽ ഇല്ലേയില്ല. എതിർക്കുന്നവരെ മർദ്ദിച്ചൊതുക്കുന്നതിലാണ് നേതാക്കളുടെ സമത്വമെന്ന് വിദ്യാർത്ഥികൾ പറയുന്നു.
ശത്രുപക്ഷത്തുള്ള കെ.എസ്.യുക്കാരെയോ എ.ബി.വി.പിക്കാരെയോ മാത്രമല്ല, ഇടതുസംഘടനയായ എ.ഐ.എസ്.എഫുകാരെപ്പോലും യൂണിവേഴ്സിറ്റി കോളേജിൽ നിലംതൊടീച്ച ചരിത്രമില്ല. കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തെ തുടർന്നാണ് എ.ഐ.എസ്.എഫിന്റെ യൂണിറ്റ് തുടങ്ങുന്നതായിപ്പോലും പ്രഖ്യാപനമുണ്ടായത്. കോളേജിൽ സംഘടനാ കാര്യത്തിന് എത്തിയ എ.ഐ.എസ്.എഫിന്റെ ഇപ്പോഴത്തെ സംസ്ഥാന പ്രസിഡന്റ് അരുണിനെ എസ്.എഫ്.ഐക്കാർ ഉടുമുണ്ടു പറിച്ചെടുത്ത് തുരത്തിയ സംഭവമുണ്ട്. മൂന്നു വർഷം മുമ്പായിരുന്നു അത്.
എസ്.എഫ്.ഐ അല്ലാതെ മറ്റാർക്കും കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുമതിയില്ല. അപ്പോഴാണ് യൂണിവേഴ്സിറ്റി കോളേജ് വിദ്യാർഥിയും മൂന്നാറിലെ എ.ഐ.എസ്.എഫ് മണ്ഡലം സെക്രട്ടറിയുമായിരുന്ന മണിമേഖല മത്സരത്തിന് നോമിനേഷൻ നൽകിയത്. ഒപ്പമെത്തിയതായിരുന്നു അരുൺ. മണിമേഖലയുടെ നോമിനേഷൻ പിടിച്ചുവാങ്ങി വലിച്ചുകീറിയ എസ്.എഫ്.ഐ നേതാക്കൾ അരുണിനെയും കൂടെ വന്ന പ്രവർത്തകരെയും ആക്രമിക്കുകയുമായിരുന്നു. അരുണിന്റെ ഇടുമുണ്ട് ഉരിഞ്ഞെടുത്തവർ ആ മുണ്ടുമായി കാമ്പസിൽ പ്രകടനം നടത്തി. ഒടുവിൽ പൊലീസ് ജീപ്പിൽ ഓടിക്കയറിയാണ് അരുൺ അന്നു രക്ഷപ്പെട്ടത്. സംഭവം വാർത്തയും വിവാദവുമായിട്ടും യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐ വാഴ്ചയ്ക്ക് മാറ്റമുണ്ടായില്ല.
2000 നവംബറിലാണ് വിവാദമായ ചാപ്പകുത്ത് സംഭവം. അന്ന് നിലമേൽ എൻ.എസ്.എസ് കോളജ് യൂണിയൻ ജനറൽ സെക്രട്ടറിയായിരുന്ന നിഷാദ്
യൂണിവേഴ്സിറ്റി കോളേജിലെത്തിയത് കോളേജ് യൂണിയൻ പരിപാടിക്ക് ആളെ ക്ഷണിക്കാൻ. പിടിച്ചുകൊണ്ടുപോയി ക്രൂരമായി മർദിച്ച ശേഷം നിഷാദിന്റെ മുതുകിൽ കത്തികൊണ്ട് എസ്.എഫ്.ഐ എന്ന് എഴുതുകയായിരുന്നു. അവശനായ നിഷാദിനെ രാത്രി തമ്പാനൂർ സ്റ്റാൻഡിൽ ഉപേക്ഷിച്ച് എസ്.എഫ്.ഐ അക്രമികൾ കടന്നു. നിലമേൽ എത്തിയ നിഷാദ് സുഹൃത്തുക്കളോട് വിവരം പറയുമ്പോഴാണ് പുറംലോകം സംഭവമറിയുന്നത്. കേസിൽ തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി നാലു പ്രതികൾക്ക് രണ്ടു വർഷം തടവും 20,000 രൂപ പിഴയും വിധിച്ചെങ്കിലും മേൽക്കോടതി വെറുതെവിട്ടു.