ഉള്ളൂർ: മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്കുള്ള ജലവിതരണം തടസപ്പെട്ടതോടെ പോസ്റ്റുമോർട്ടം നടപടികൾ വൈകി. ഇന്നലെ രാവിലെ 8 മുതൽ ആരംഭിക്കേണ്ട പോസ്റ്റുമോർട്ടം നടപടികളാണ് തടസപ്പെട്ടത്. ഇത് പ്രതിഷേധത്തിന് ഇടയാക്കി. മൾട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിലേക്ക് ജലമെത്തിക്കുന്ന രണ്ട് പമ്പുകൾ അറ്റകുറ്റപ്പണിക്കായി നീക്കം ചെയ്‌തിരുന്നു. പകരം സ്ഥാപിച്ചിരുന്ന മോട്ടോർ അപ്രതീക്ഷിതമായി പ്രവർത്തനരഹിതമായതാണ് കാരണം. മൃതദേഹങ്ങളുടെ പോസ്റ്റുമോർട്ടം വൈകിയതിനെത്തുടർന്ന് ബന്ധുക്കൾ ബഹളംവച്ചു. ആശുപത്രി സൂപ്രണ്ട് ഡോ.എം.എസ്. ഷർമ്മദും മെഡിക്കൽ കോളേജ് പൊലീസും സ്ഥലത്തെത്തി സംസാരിച്ചശേഷമാണ് പ്രതിഷേധം അവസാനിച്ചത്. ഉച്ചയ്‌ക്ക് 12ഓടെ ടാങ്കറുകളിൽ വെള്ളമെത്തിച്ചെങ്കിലും സാങ്കേതികതടസം കാരണം മോർച്ചറി യൂണിറ്റിൽ സജ്ജീകരിച്ചിട്ടുള്ള ജലസംഭരണികളിൽ വെള്ളം നിറയ്ക്കാനായില്ല. തുടർന്ന് ചെറിയ വാട്ടർടാങ്കുകൾ താത്കാലികമായി മോർച്ചറിയിലെത്തിച്ചാണ് പ്രശ്‌നം പരിഹരിച്ചത്. തുടർന്ന് ഒന്നോടെ പോസ്റ്റുമോർട്ടം നടപടികൾ ആരംഭിച്ചു.