തിരുവനന്തപുരം: തന്നെ കുത്തിയത് എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്താണെന്ന് പരിക്കേറ്റ് തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന യൂണിവേഴ്സിറ്റി കോളേജ് വിദ്യാർത്ഥി അഖിൽ പറഞ്ഞു. കഴിഞ്ഞ ദിവസം ശസ്ത്രക്രിയയ്ക്ക് മുമ്പാണ് അഖിൽ മെഡിക്കൽ കോളേജിലെ ഡോക്ടർമാരോട് ഇക്കാര്യം പറഞ്ഞത്. ഡോക്ടർമാർ വിവരം അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്.
യൂണിറ്റ് സെക്രട്ടറി നസീമും ആക്രമണ സമയത്ത് ഒപ്പമുണ്ടായിരുന്നെന്ന് അഖിൽ പറഞ്ഞു. ഇതിന് മുമ്പും തന്നെ കൊല്ലുമെന്ന് ശിവരഞ്ജിത്ത് ഭീഷണി മുഴക്കിയിരുന്നു. അത് ചെയ്‌തോളാനാണ് അപ്പോൾ മറുപടി നൽകിയത്. കേസിലെ മറ്റൊരു പ്രതിയായ അരോമലിന്റെ നേതൃത്വത്തിൽ ഒരു വർഷം മുമ്പ് അഖിലിനെ ആക്രമിച്ചിരുന്നു. അന്ന് സി.പി.എം ജില്ലാ നേതൃത്വം ഇടപെട്ട് ഒത്തുതീർപ്പുണ്ടാക്കി.
തിവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന അഖിലിന് വിശ്രമം ആവശ്യമുള്ളതിനാൽ പൊലീസിന് മൊഴിയെടുക്കാനായില്ല. കൂടുതൽ നേരം സംസാരിക്കാനുള്ള ശേഷി അഖിലിനില്ലെന്നാണ് ഡോക്ടർമാർ പൊലീസിനെ അറിയിച്ചത്. എന്നാൽ അപകടനില തരണം ചെയ്തിട്ടുണ്ട്. ഒമ്പത് സാക്ഷിമൊഴികളാണ് പൊലീസ് രേഖപ്പെടുത്തിയത്. കുത്തിയത് ശിവരഞ്ജിത്ത് തന്നെയെന്നാണ് ഇവരുടെയും മൊഴി.