തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ സംഘർഷത്തിനിടെ അഖിലിന് കുത്തേറ്റ സംഭവത്തിൽ സുഹൃത്തുക്കളിൽ നിന്ന് പൊലീസ് മൊഴിയെടുത്തു. ഫിലോസഫി ഡിപ്പാർട്ട്‌മെന്റിന് സമീപം വച്ചാണ് അഖിലിനെ കുത്തിവീഴ്ത്തിയതെന്ന് അഖിലിന്റെ സുഹൃത്ത് ഉമൈർ പൊലീസിന് മൊഴി നൽകി. നസീമിന്റെയും ശിവരഞ്ജിത്തിന്റെയും കയ്യിൽ കത്തി ഉണ്ടായിരുന്നു. എന്നാൽ കുത്തിവീഴ്ത്തിയത് ആരെന്ന് കണ്ടില്ല. കുത്തേറ്റശേഷം പുറകിലോട്ട് നടന്ന അഖിൽ പിന്നീട് കുഴഞ്ഞുവീണു. എന്നിട്ട് പോലും അഖിലിനെ പിടിച്ചെഴുന്നേൽപ്പിക്കാനോ സഹായത്തിനെത്താനോ ശ്രമിക്കാതെ നേതാക്കൾ എല്ലാം കണ്ടു നിൽക്കുകയായിരുന്നു. സുഹൃത്തുക്കൾ ചേർന്ന് താങ്ങിയെടുത്താണ് അഖിലിനെ ആശുപത്രിയിലേക്ക് എത്തിക്കുന്നത്.
യൂണിറ്റ് മുറി കേന്ദ്രീകരിച്ചാണ് എസ്.എഫ്.ഐക്കാരുടെ അക്രമങ്ങൾ അരങ്ങേറുന്നതെന്നും വിദ്യാർത്ഥികൾ പൊലീസിന് മൊഴി നൽകി. പലപ്പോഴും പട്ടിയെ തല്ലുന്നത് പോലെ തങ്ങളെ എസ്.എഫ്.ഐക്കാർ തല്ലിയിട്ടുണ്ടെന്നും വിദ്യാർത്ഥികൾ പറഞ്ഞു.
കേസ് ഒതുക്കിത്തീർക്കാൻ ജില്ലാ കമ്മിറ്റി ഇടപെട്ടു: ജിതിൻ
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിനകത്ത് സഹപാഠിയായ അഖിലിന് കുത്തേറ്റ സംഭവം നടന്ന അന്ന് തന്നെ കേസ് ഒതുക്കിത്തീർക്കാൻ എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി ഇടപെട്ടുവെന്ന് അഖിലിന്റെ സുഹൃത്ത് ജിതിന്റെ വെളിപ്പെടുത്തൽ. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി റിയാസ് വഹാബ് അടക്കം പ്രശ്നത്തിൽ ഇടപെട്ടു സംസാരിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ വെളിപ്പെടുത്തൽ നടത്തിയതിനാൽ ജീവനിൽ പേടിയുണ്ടെന്നും ജിതിൻ പറഞ്ഞു.