01

കുളത്തൂർ: ടെക്‌നോപാർക്കിലെ ഐ.ടി ജീവനക്കാർ ആശ്രയിക്കുന്ന ട്രെയിനുകളിലൊന്നായ വഞ്ചിനാട് എക്‌സ്‌പ്രസിന്റെ കഴക്കൂട്ടം സ്റ്റേഷനിൽ നിറുത്തുന്ന സമയം രണ്ട് മിനിട്ടായി നീട്ടണമെന്ന ആവശ്യം ശക്തമാകുന്നു. നിലവിൽ ഒരു മിനിട്ടാണ് വഞ്ചിനാടിന് കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിൽ അനുവദിച്ചിട്ടുള്ളത്. വെള്ളിയാഴ്ച ദിവസം ദൂരസ്ഥലങ്ങളിലെ വീടുകളിലേക്ക് മടങ്ങുന്ന ടെക്കികൾ ഉൾപ്പെടെയുള്ള സ്ഥിരംയാത്രക്കാർ വഞ്ചിനാടിൽ കയറിപ്പറ്റാൻ കഷ്ടപ്പെടുന്നത് ഒരു സ്ഥിരം കാഴ്ചയാണ്. അതുപോലെയാണ് തിങ്കളാഴ്ച രാവിലെ കഴക്കൂട്ടത്ത് ട്രെയിൻ ഇറങ്ങുന്നതിനുള്ള ബുദ്ധിമുട്ടും. ഇക്കഴിഞ്ഞ 8ന് യാത്രക്കാർ ഇറങ്ങിത്തീരും മുമ്പ് ട്രെയിൻ നീങ്ങിത്തുടങ്ങിയിരുന്നു. ധൃതിയിൽ ചാടിയിറങ്ങിയ ഐ.ടി ജീവനക്കാരുൾപ്പെടെയുള്ള പലർക്കും പരിക്കേറ്റിരുന്നു. നിലവിലെ ഒരുമിനിറ്റ് സ്റ്റോപ്പ് രണ്ട് മിനിട്ടാക്കി വർദ്ധിപ്പിക്കണമെന്നാണ് ടെക്നോപാർക്ക് ഐ.ടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിദ്ധ്വനിയുടെ ആവശ്യം. പ്രതിദ്ധ്വനി ട്രെയിൻ ഫോറത്തിന്റെ ജോയിന്റ് കൺവീനർ പ്രിജേഷിന്റെ നേതൃത്വത്തിൽ ജീവനക്കാർ കഴക്കൂട്ടം സ്റ്റേഷനിലെത്തി അപകടത്തെക്കുറിച്ച് സ്റ്റേഷൻ മാസ്റ്റർക്ക് പരാതി നൽകിയിരുന്നു. പ്രശ്‌നത്തിൽ അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്നാണ് യാത്രക്കാരുടെ ആവശ്യം.