തിരുവനന്തപുരം: പതിനൊന്ന് വർഷത്തെ കാത്തിരിപ്പിനൊടുവിൽ രണ്ടാം ചാന്ദ്രയാത്രയ്ക്കുള്ള 20 മണിക്കൂർ കൗണ്ട് ഡൗൺ ഇന്ന് രാവിലെ 6.51ന് ആരംഭിക്കും. നാളെ പുലർച്ചെ 2.51നാണ് വിക്ഷേപണം. ഐ.എസ്.ആർ.ഒ.യുടെ ഏറ്റവും ശക്തിയേറിയ ജി.എസ്.എൽ.വി.മാർക്ക് 3 എം. 1 റോക്കറ്റാണ് ചന്ദ്രയാൻ രണ്ടുമായി ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണത്തറയിൽ നിൽക്കുന്നത്.
ഇന്നലെ എല്ലാ ഉപകരണങ്ങളിലും വൈദ്യുതി ചാർജിംഗ് നടത്തി. ക്രയോ എൻജിനിൽ അവസാന പരിശോധനയും നടത്തി. തുടർന്ന് കൗണ്ട് ഡൗണിന് മുന്നോടിയായി പൂർണമായി ഒാഫ് ചെയ്ത് ഒാൺ ചെയ്തു. കുഴപ്പങ്ങളൊന്നുമില്ലെന്ന് ഉറപ്പാക്കിയ ശേഷമായിരിക്കും ഇന്ന് പുലർച്ചെ 6.51 ന് കൗണ്ട് ഡൗണിന് മണിമുഴക്കുക. ഇന്ന് രാത്രി 12 മണിക്ക് അവസാന പരിശോധന നടത്തി വിക്ഷേപണത്തിന് അനുമതി നൽകും. 2.51നാണ് വിക്ഷേപണം.
ഇക്കുറി 5000 ത്തോളം പേർക്കാണ് വിക്ഷേപണം കാണാൻ അവസരം നൽകിയിട്ടുണ്ട്. അവർക്ക് ശ്രീഹരിക്കോട്ടയിലെ കൂറ്റൻ ഗാലറിയിലിരുന്ന് ചന്ദ്രയാൻ 2 വിക്ഷേപണത്തിന് സാക്ഷിയാകാം. രാഷ്ട്രപതി രാംനാഥ് കോവിന്ദും കുടുംബവും എത്തുന്നുണ്ട്.
2008 ഒക്ടോബർ 22നാണ് ഇന്ത്യ ഒന്നാം ചാന്ദ്രയാത്ര നടത്തിയത്.
16 മിനിറ്റ് നിർണായകം
പതിനാറ് മിനിറ്റാണ് വിക്ഷേപണ സമയം.
ബഹിരാകാശത്ത് 40,400 കിലോമീറ്റർ ഉയരത്തിലുള്ള ഭൂസ്ഥിര ഭ്രമണപഥത്തിൽ ചന്ദ്രയാനെ ജി.എസ്.എൽ.വി പ്രതിഷ്‌ഠിക്കും
പിന്നീട് ചന്ദ്രയാന്റെ നിയന്ത്രണം ബംഗളൂരുവിലെ ഉപഗ്രഹനിയന്ത്രണ കേന്ദ്രം ഏറ്റെടുക്കും.
പതുക്കെ ഭ്രമണപഥം ഉയർത്തി രണ്ടാഴ്ചയിലേറെ എടുത്ത് ചന്ദ്രയാൻ 2 ഭൂമിയുടെ ആകർഷണം വിട്ട് ഗ്രഹാന്തരയാത്ര നടത്തും.
ഭൂമിയിൽ നിന്ന് 3.80 ലക്ഷം കിലോമീറ്റർ അകലെയുളള ചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്തുന്നതോടെ ആകർഷണം ചന്ദ്രനോടായിരിക്കും.
ചന്ദ്രന്റെ 100 കിലോമീറ്റർ അടുത്തുള്ള ഭ്രമണപഥത്തിൽ എത്തുമ്പോൾ ലാൻഡറിനെ നിലത്തിറക്കാനുള്ള നീക്കങ്ങൾക്ക് തുടക്കമാകും.
അപ്പോൾ ചന്ദ്രയാൻ പുറപ്പെട്ടിട്ട് 50 നാൾ പിന്നിട്ടിരിക്കും.
സെപ്‌തംബർ 6ന് ഇറങ്ങുന്ന ലാൻഡറിന്റെ കവാടം തുറന്ന് ട്രാക്ക് പുറത്തേക്കിട്ട് അതിലൂടെ റോവർ നിലത്തിറങ്ങും.
റോവർ ചന്ദ്രോപരിതലത്തിൽ സഞ്ചരിക്കും
റോവറിലെയും ലാൻഡറിലെയും മൂന്ന് വീതവും ചന്ദ്രനെ ചുറ്റുന്ന ഒാർബിറ്ററിലെ എട്ടും ഉപകരണങ്ങൾ ചന്ദ്രനെ പഠിക്കും.
പഠനവിവരങ്ങൾ അപ്പപ്പോൾ ബംഗളൂരുവിലെ കേന്ദ്രത്തിലേക്ക് അയയ്‌ക്കും.
ഒരുവർഷമാണ് ചന്ദ്രയാൻ 2 ന്റെ ആയുസ്.
ഇന്ധനവും വിനിമയ ബന്ധവും ഉണ്ടെങ്കിൽ അതിൽ കൂടുതൽ ചന്ദ്രയാൻ 2 ചന്ദ്രനിൽ തങ്ങും.