university-college-

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ എസ്. എഫ്. ഐ. യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്തും സെക്രട്ടറി നസീമും ചേർന്നാണ് തന്നെ കുത്തിയതെന്ന് വെള്ളിയാഴ്ച മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചയുടൻ അഖിൽ ചന്ദ്രൻ ഡോക്ടർമാരോട് പറഞ്ഞെന്ന വിവരം പുറത്തു വന്നു. നസീം ഉൾപ്പെടെയുള്ളവർ പിടിച്ചുവച്ചു കൊടുത്തപ്പോൾ ശിവരഞ്ജിത്ത് കുത്തിയെന്ന് അഖിൽ പറഞ്ഞതായാണ് പൊലീസ് വിശദീകരണം.

എന്നാൽ എസ്.എഫ്.ഐ നേതാക്കൾ സ്വന്തം പ്രവർത്തകനെ കുത്തിവീഴ്‌ത്തിയ ഞെട്ടിക്കുന്ന സംഭവം നടന്ന് രണ്ട് ദിവസമായിട്ടും വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടിയ പ്രതികളെ പൊലീസിന് അറസ്റ്റ് ചെയ്യാനായില്ല. അതേസമയം, ഇന്നലെയും വിദ്യാർത്ഥികൾ പ്രതിഷേധവുമായി നിരത്തിലിറങ്ങി.

അഖിലിനെ കൊല്ലുകയെന്ന ഉദ്ദേശ്യത്തോടെയായിരുന്നു ആക്രമണമെന്ന് പൊലീസിന്റെ എഫ്.ഐ.ആറിൽ പറയുന്നു. 'കോളേജിൽ കിടന്ന് വിളഞ്ഞാൽ കുത്തിക്കൊല്ലുമെടാ' എന്നു പറഞ്ഞ് ശിവരഞ്ജിത്ത് അഖിലിന്റെ നെഞ്ചിന് ആഞ്ഞു കുത്തുകയായിരുന്നു. ശിവരഞ്ജിത്ത്, നസിം, അമർ, അദ്വൈത്, ആദിൽ, ആരോമൽ, ഇബ്രാഹിം എന്നിവർക്ക് നേരിട്ട് കൃത്യത്തിൽ പങ്കുണ്ടെന്ന സാക്ഷിമൊഴികളും എഫ്. ഐ.ആറിലുണ്ട്. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകളാണ് ചേ‌ർത്തിട്ടുള്ളത്. മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നും പറയുന്നു.

അതേസമയം, പൊലീസ് കോൺസ്റ്റബിൾ സെലക്‌ഷൻ ലഭിച്ച നസീമിനെയും ശിവരഞ്ജിത്തിനെയും രക്ഷിക്കാൻ കേസ് ഒതുക്കി തീർക്കാനും ശ്രമം നടക്കുന്നതായി ആക്ഷേപമുണ്ട്. ഇക്കാര്യം സി.പി.എം ജില്ലാനേതാക്കൾ നിഷേധിച്ചു. കേസുമായി മുന്നോട്ട് പോകുമെന്ന് ആക്രമണത്തിനിരയായ അഖിലിന്റെ പിതാവ് ചന്ദ്രൻ പറഞ്ഞു. ട്രാഫിക് പൊലീസിനെ നടുറോഡിൽ ആക്രമിച്ച കേസിലടക്കം പ്രതിയാണ് നസീം. ശിവരഞ്ജിത്തും മറ്റ് കേസുകളിൽ പ്രതിയാണ്.

കോളേജ് കാന്റീനിൽ പാട്ടുപാടിയതിന്റെ പേരിലുണ്ടായ പ്രശ്നങ്ങളാണ് എസ്.എഫ്.ഐ പ്രവർത്തകനും മൂന്നാം വർഷ ബിരുദവിദ്യാർത്ഥിയുമായ അഖിലിനെ ആക്രമിക്കുന്നതിൽ കലാശിച്ചത്. നെഞ്ചിൽ ഗുരുതരമായി കുത്തേറ്റ അഖിൽ മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ശസ്ത്രക്രിയയ്‌ക്കു ശേഷം അപകടനില തരണം ചെയ്തെങ്കിലും പ്രതികരിക്കാനാവാത്ത സ്ഥിതിയിലാണ്. അതിനാൽ പൊലീസിന് മൊഴി രേഖപ്പെടുത്താനായില്ല.

ശിവരഞ്ജിത്ത്, നസീം, അമർ, അദ്വൈത്, ആദിൽ, ആരോമൽ, ഇബ്രാഹിം എന്നീ എസ്.എഫ്.ഐ നേതാക്കൾക്കും കണ്ടലറിയാവുന്ന 30 പേർക്കുമെതിരെയാണ് പൊലീസ് കേസെടുത്തത്. പ്രതികളുടെ വീടുകളിൽ പരിശോധന നടത്തിയിട്ട് കണ്ടെത്താനായില്ലെന്നാണ് പൊലീസ് വിശദീകരണം. പ്രതികൾ എസ്.എഫ്.ഐ നിയന്ത്രണത്തിലുള്ള സ്റ്റുഡന്റ്സ് സെന്ററിലും സംഘടനാ ഒാഫീസിലുമുണ്ടെന്ന് വിദ്യാർത്ഥികൾ പറയുന്നുണ്ടെങ്കിലും അവിടൊന്നും പൊലീസ് പരിശോധന നടത്തിയില്ല.

യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐ യൂണിറ്റ് ഒാഫീസിൽ പരിശോധന നടത്തിയ പൊലീസ് കത്തികളും ഇരുമ്പുവടികളും ഒട്ടേറെ ബിയർകുപ്പികളും മറ്റും കണ്ടെത്തി. ഇത്രയൊക്കെയായിട്ടും കോളേജ് കാമ്പസ് സമാധാനപരമാണെന്നും കഴിഞ്ഞ ദിവസമുണ്ടായത് ഒറ്റപ്പെട്ട സംഭവമാണെന്നുമാണ് പ്രിൻസിപ്പൽ മാദ്ധ്യമങ്ങളോട് പറഞ്ഞത്. കേസിലുൾപ്പെട്ട വിദ്യാർത്ഥികൾക്കെതിരെ നടപടിയെടുക്കുമെന്നും പ്രിൻസിപ്പൽ പറഞ്ഞു.

അഖിലിനെ മർദ്ദിച്ചതിനെതിരെ കോളേജിലെ വിദ്യാർത്ഥികൾ ഒന്നടങ്കം പ്രതിഷേധിച്ചതോടെയാണ് പ്രശ്നം കാമ്പസിന് പുറത്തേക്ക് വ്യാപിച്ചത്. അക്രമത്തിൽ പ്രതിഷേധിച്ച് എ.ഐ.എസ്.എഫിന്റെ നേതൃത്വത്തിൽ ഇന്നലെ നടത്തിയ മാർച്ച് അക്രമാസക്തമായി. രണ്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. എ.ബി.വി.പി, കെ.എസ്.യു സംഘടനകളും ഇന്നലെ മാർച്ച് നടത്തി. അക്രമത്തെ തുടർന്ന് കോളേജിലെ എസ്.എഫ്.ഐ. യൂണിറ്റ് പിരിച്ചുവിട്ടതായി എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി സച്ചിൻ ദേവ് പറഞ്ഞു.

സംഭവത്തെ അപലപിച്ച് വിവിധ രാഷ്ട്രീയ നേതാക്കൾ രംഗത്തെത്തി. സ്പീക്കർ പി. ശ്രീരാമകൃഷ്ണനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അക്രമത്തെ അപലപിച്ചു. ബി.ജെ.പി. എം.എൽ.എ ഒ. രാജഗോപാൽ അഖിലിനെ ആശുപത്രിയിൽ സന്ദർശിച്ചു. കോളേജിനോട് വിശദീകരണം തേടുമെന്ന് മന്ത്രി കെ.ടി. ജലീൽ പറഞ്ഞു.