തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ മകൻ അഖിൽ കുത്തേറ്റു വീണതറിഞ്ഞ് അലറിക്കരഞ്ഞാണ് അമ്മ ജിജിലയും അച്ഛൻ ചന്ദ്രനും മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയത്. മകൻ ജീവനും മരണത്തിനുമിടയിലൂടെ കടന്നുപോയ മണിക്കൂറുകളിൽ ഭർത്താവിന്റെ തോളിൽ ചാരി തളർന്നിരിപ്പായിരുന്നു ആ അമ്മ. ഇപ്പോൾ ഐ.സി.യുവിൽ മകനു കാവൽ നിൽക്കുകയാണ് ഈ അച്ഛനമ്മമാർ.
ദേശീയ പവർ ലിഫ്ടിംഗ് താരമാണ് അഖിൽ. നെഞ്ചിൽ ആഴത്തിൽ മുറിവേറ്റ അഖിലിന് ഇനി എങ്ങനെ മത്സരങ്ങളിൽ പങ്കെടുക്കാനാകുമെന്ന് ചന്ദ്രനും ജിജിലയും ചോദിക്കുന്നു. മകന്റെ കായികഭാവിയാണ് എസ്.എഫ്.ഐക്കാരായി കാമ്പസിൽ അഴിഞ്ഞാടിയവർ തകർത്തത്. ആറ്റുകാലിലെ അഖിലിന്റെ വീട്ടിൽ പവർലിഫ്ടിംഗ് മത്സരങ്ങൾക്കു ലഭിച്ച ട്രോഫികൾ നിരത്തി വച്ചിരിക്കുന്നതു കാണാം. സി.പി.എം പ്രവർത്തകനാണ് അഖിലിന്റെ അച്ഛൻ ചന്ദ്രൻ കേസ് ദുർബലപ്പെടുത്താൻ ചന്ദ്രനെ സ്വാധീനിക്കാൻ പാർട്ടി ശ്രമിക്കുന്നതായി ആരോപണങ്ങളുണ്ട്.