തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാർത്ഥിയായ അഖിലിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച എസ്.എഫ്‌.ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കെ.എസ്.യു ജില്ലാ കമ്മിറ്റി നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ നേരിയ സംഘർഷം. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പൊലീസുമായുണ്ടായ ഉന്തിലും തള്ളിലും ജില്ലാ പ്രസിഡന്റ് സെയ്ദലി കായ്പ്പാടി, ജില്ലാ ഭാരവാഹികളായ അജിൻ ദേവ്, വി.പി വിഷ്ണു, കെ.എസ്.യു നേതാക്കളായ തൗഫീഖ് രാജൻ, കൃഷ്ണകാന്ത് എന്നിവർക്ക് പരിക്കേറ്റു. പൊലീസുമായി വാക്കുതർക്കത്തിലേർപ്പെട്ട പ്രവർത്തകരെ അറസ്റ്റുചെയ്ത് നീക്കി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എസ്.എം. ബാലു മാർച്ച് ഉദ്ഘാടനം ചെയ്തു. പ്രവർത്തകർ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു. എം.എ. ആസിഫ്, സജന, പീറ്റർ സോളമൻ, യൂത്ത് കോൺഗ്രസ് നേതാക്കളായ അപീഷ് പി ആനന്ദ്, പ്രസാദ്, ഷൈജു, നിയാദുൽ അക്‌സർ, ഷാജി, കെ.എസ്.യു നേതാക്കളായ പ്രിയങ്ക ഫിലിപ്പ് എന്നിവർ സംസാരിച്ചു.