തിരുവനന്തപുരം: ദേശീയ നഗര ഉപജീവന ദൗത്യത്തിന്റെ (എൻ.യു.എൽ.എം) ഭാഗമായി നഗരപ്രദേശങ്ങളിലെ നിർദ്ധന യുവാക്കൾക്കായുള്ള സൗജന്യ തൊഴിൽ പരിശീലന പദ്ധതിയുടെ (ഇ.എസ്.പി.ടി) മൂന്നാം ഘട്ടം ആരംഭിച്ചു. സംസ്ഥാനത്ത് കുടുംബശ്രീ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്.
93 നഗരങ്ങളിലെ 12,000 പേർക്ക് പരിശീലനം നൽകാൻ 35 ഏജൻസികളുമായി കുടുംബശ്രീ ധാരണയിലെത്തി.
എട്ടാം ക്ലാസ്സ് മുതൽ ബിരുദം വരെ യോഗ്യതയുള്ള യുവതീയുവാക്കൾക്ക് വിവിധ കോഴ്സുകളിൽ പരിശീലനം നേടാം. മൂന്നു മാസം മുതൽ എട്ടരമാസം വരെയാണ് കോഴ്സുകളുടെ കാലാവധി. വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് എൻ.എസ്.ഡി.സി (നാഷണൽ സ്കിൽ ഡവലപ്പ്മെന്റ് കോർപ്പറേഷൻ) സർട്ടിഫിക്കറ്റ് ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്ന 5300 പേർക്ക് റസിഡൻഷ്യൽ രീതിയിൽ സൗജന്യ താമസ, ഭക്ഷണ സൗകര്യങ്ങളോടെ പരിശീലനം നേടാനാകും.
നഗരസഭകളിലെ കുടുംബശ്രീയുടെ സി.ഡി.എസ് ഓഫീസുകളിൽ നിന്നോ കുടുംബശ്രീ ദേശീയ നഗര ഉപജീവന ദൗത്യം ഓഫീസിൽ നിന്നോ 155330 എന്ന ടോൾഫ്രീ നമ്പരിലോ വിവരങ്ങൾ ലഭിക്കും. ഐ.ടി, ടെലികോം, ഓട്ടോമോട്ടീവ്, ടൂറിസം, അക്കൗണ്ടിംഗ്, ഇലക്ട്രോണിക്സ്, ആയുർവേദം എന്നിങ്ങനെ വ്യത്യസ്ത മേഖലകളിലായി അക്കൗണ്ടന്റ്, ഫീൽഡ് എൻജിനീയർ- ഇലക്ട്രോണിക്സ്, ആയുർവേദ സ്പാ തെറാപ്പിസ്റ്റ്, ജൂനിയർ സോഫ്ട്വെയർ ഡവലപ്പർ, ഫാഷൻ ഡിസൈനർ തുടങ്ങി 54 കോഴ്സുകളിലാണ് പരിശീലന സൗകര്യം.