കണ്ണൂർ: ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ ഭാര്യ ബീന സി.പി.എമ്മിനെതിരെ ആരോപണവുമായി രംഗത്ത്. തനിക്കും കുടുംബത്തിനുമെതിരെ പാർട്ടി അപവാദപ്രചാരണം നടത്തുകയാണെന്നും, ഇതു തുടർന്നാൽ ഭർത്താവ് പോയ വഴയിൽ മക്കളെയും കൊണ്ട് തനിക്കും പോകേണ്ടിവരുമെന്നും ബിന പറഞ്ഞു. വീട്ടിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.
കൺവെൻഷൻ സെന്ററിന് നഗരസഭ അനുമതി നൽകാൻ വൈകിയതുകൊണ്ടല്ല, കുടുംബപ്രശ്നങ്ങൾ കാരണമാണ് സാജൻ ആത്മഹത്യ ചെയ്തതെന്നും ഇത് സൂചിപ്പിക്കുന്ന ഫോൺകാൾ രേഖകൾ പൊലീസിനു കിട്ടിയെന്നുമാണ് പാർട്ടി കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നത്. ഇല്ലാക്കഥയുണ്ടാക്കി കേസ് വഴിതിരിച്ചുവിടാനാണ് അവരുടെ ശ്രമം. മകൾ പൊലീസിനോടു പറഞ്ഞ കാര്യങ്ങൾ തെറ്റായി വ്യാഖ്യാനിച്ച് പ്രചരിപ്പിക്കുകയാണ്.
മകൻ ഉപയോഗിച്ചിരുന്ന ഫോണിലെ വിളികളുടെ പേരിലാണ് എനിക്കെതിരെ ഇപ്പോഴത്തെ അപവാദം. സാജൻ ജീവനൊടുക്കിയ ദിവസം വീട്ടിൽ വഴക്കുണ്ടായിട്ടില്ല. മകൾ അങ്ങനെ മൊഴി നൽകിയിട്ടുമില്ല. സാജൻ ആരുമായും വഴക്കിടുന്ന പ്രകൃതക്കാരനല്ല. സമാധാനത്തോടെയാണ് ഞങ്ങൾ ജീവിച്ചിരുന്നത്. പ്രശ്നങ്ങൾ ഉണ്ടായാൽത്തന്നെ സാജൻ ആത്മഹത്യ ചെയ്യില്ലെന്ന് എനിക്കും കുട്ടികൾക്കും ഉറപ്പാണ്. എന്തു കാരണമുള്ള പക തീർക്കലാണ് ഇതെന്ന് അറിയില്ല. സാജൻ മരിച്ചതിന്റെ ആഘാതം വിട്ടുമാറാതിരിക്കുമ്പോഴാണ് പാർട്ടിയിൽ നിന്ന് ഇത്തരം മാനസിക പീഡനം.
പാർട്ടിയെ വല്ലാതെ സ്നേഹിച്ച വ്യക്തിയായിരുന്നു സാജൻ. കേസ് അന്വേഷണം ശരിയായ രീതിയിലാണെന്ന് തോന്നുന്നില്ലെന്നും ബീന പറഞ്ഞു.