തിരുവനന്തപുരം: ഒരു കോടി രൂപ വിലയുള്ള മൂന്ന് കിലോ സ്വർണവുമായി ആറ് തമിഴ്‌നാട് സ്വദേശികളെ ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലജൻസ് പിടികൂടി. ചെന്നൈ, രാമനാഥപുരം എന്നിവിടങ്ങളിൽ നിന്നുള്ള ഷാഹുൽ ഹമീദ് (32), ഷാരൂഖ്ഖാൻ (20), ജിന്ന (30), ബാസിർ (47), അൻസാരി (45), യാക്കൂബ് അലി (41) എന്നിവരെയാണ് ഡി.ആർ.ഐയുടെ തിരുവനന്തപുരം യൂണിറ്റ് പിടികൂടിയത്. വിവിധ തൂക്കത്തിലുളള ആറ് കഷണങ്ങളാക്കിയ സ്വർണം ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താനാണ് ഇവർ ശ്രമിച്ചത്. മാലദ്വീപിൽ നിന്ന് തിരുവനന്തപുരത്തെത്തിയ എയർഇന്ത്യ 264 വിമാനത്തിലെ യാത്രക്കാരായിരുന്നു ഇവർ. മൂന്ന് കിലോ സ്വർണം പൊടിച്ച് തരിയാക്കി പ്രോട്ടീൻ പൗഡറും മറ്റ് രാസവസ്തുക്കളുമായി കൂട്ടിച്ചേർത്ത് കുഴമ്പാക്കിയശേഷം സിലിണ്ടർ രൂപത്തിലാക്കി മലദ്വാരത്തിനുള്ളിലാക്കിയാണ് കടത്തിയത്. ഇവർ സ്ഥിരമായി സ്വർണം കടത്തുന്ന സംഘത്തിലുളളവരാണെന്ന് ഡി.ആർ.ഐ പറഞ്ഞു. രാമനാഥപുരത്ത് ഇവർക്ക് ഇത്തരത്തിൽ സ്വർണം കടത്തുന്നതിനുളള പരീശീലനം ലഭിച്ചിട്ടുണ്ട്. മൂന്നുമാസം വരെയാണ് പരിശീലനം. തുടർന്ന് സ്വർണക്കടത്ത് സംഘങ്ങൾ ഇവരെ വാടകയ്ക്കെടുക്കമെന്നും അധികൃതർ പറഞ്ഞു. ഡി.ആർ.ഐ കേസെടുത്തു.