നെയ്യാറ്റിൻകര: രോഗബാധയുള്ളതും മൃതപ്രായമായതും ചത്തതുമായ അറവുമൃഗങ്ങളെ അമരവിളയും മറ്റ് 11 ചെക്പോസ്റ്റുകൾ വഴി കടത്തിക്കൊണ്ടുവരുന്നതായി പരാതി. മാംസാവശ്യത്തിനായി കൊണ്ടുവരുന്ന കന്നുകാലികളെ പരിശേധിക്കാൻ പാറശാലയിൽ സ്ഥാപിച്ചിട്ടുള്ള മൃഗസംരക്ഷണ വകുപ്പിന്റെ ചെക്പോസ്റ്റ് വെട്ടിച്ചാണ് ഈ വാണിജ്യ ചെക്പോസ്റ്റുകൾ വഴി കന്നുകാലികളെ കടത്തുന്നത്. തമിഴ്നാട്ടിലെ തേനി, മധുര ജില്ലകളിലെ വൻകിട ഡയറിഫാമുകളിൽ കറവ കഴിഞ്ഞതും രോഗം ബാധിച്ചവയുമായ കന്നുകാലികളാണ് ഇവയിൽ ഏറെയും. പൂവാർ, പാലക്കടവ്, മാവിളക്കടവ്, പിരായുമൂട്, അരുവിപ്പുറം, കള്ളിക്കാട്, ഒറ്റശേഖരമംഗലം, ആറാട്ടുമൂല തുടങ്ങിയ ചെക്പോസ്റ്റുകൾ വഴിയാണ് നെയ്യാറ്റിൻകര താലൂക്കിലേക്കും ജില്ലയിലെ മറ്റ് സ്ഥലങ്ങളിലേക്കും
കന്നുകാലികളെ എത്തിക്കുന്നത്. ഇവിടെയാകട്ടെ വാണിജ്യ വകുപ്പിന്റെയും എക്സൈസിന്റെയും ചെക്പോസ്റ്റുകൾ അല്ലാതെ മൃഗസംരക്ഷണ വകുപ്പിന്റെ പരിശോധനാ സംവിധാനങ്ങൾ ഇല്ല. കന്നുകാലികളുമായി എത്തുന്ന ചുരുക്കം വാഹനങ്ങൾ മാത്രമാണ് പരിശേധനയ്ക്കും വാക്സിനേഷനും വേണ്ടി ഇവിടെ നിറുത്തുന്നത്. ഇവിടെ ചാപ്പ കുത്താൻ ഒരു മൃഗത്തിന് 5 രൂപ നിരക്കിൽ ചാർജ്ജ് ഈടാക്കുന്നുണ്ട്.
തമിഴ്നാട്ടിൽ ഇടയ്ക്ക് മൃഗങ്ങൾക്ക് കുളമ്പ് രോഗവും ആന്ത്രാക്സും കണ്ടെത്തിയിട്ടുണ്ട്. ഇത്തരം മൃഗങ്ങളെ മാംസാവശ്യത്തിനായി മറ്റ് സംസ്ഥാനങ്ങളിലേക്ക് കയറ്റി വിടുന്നതായും പരാതികളുണ്ട്. ഇത്തരം മൃഗങ്ങളുടെ മാംസഭക്ഷിച്ചാൽ നിരവധി അസുഖങ്ങൾക്ക് ഇടയാക്കും.
പകരുന്ന രോഗങ്ങൾ
കാലിപ്ലേഗ്.........കാലിവസന്ത എന്നപേരിലും അറിയപ്പെടുന്ന ഈ രോഗത്തിന് കാരണം അതിസൂക്ഷ്മജീവികളായ റിൻഡർ പെസ്റ്റ് വൈറസുകളാണ്. രോഗബാധമൂലം അന്നനാളത്തിനുള്ളിലെ മുഴുവൻ ശ്ലേഷ്മസ്തരവും തകരാറിലാകുന്നു. വായ്, ആമാശയത്തിന്റെ അറകൾ, കുടലുകൾ, മലാശയം എന്നിവിടങ്ങളിലെ പ്രവർത്തനങ്ങൾ തകരാറിലാക്കും.
2. കുളമ്പൂരോഗം..... ഫുട്ട് ആൻഡ് മൗത്ത് ഡിസീസ് എന്നറിയപ്പെടുന്ന കുളമ്പ്‌രോഗം പരത്തുന്നത് ഫുട്ട് ആൻഡ് മൗത്ത് വൈറസുകളാണ്. ഒ, എ, സി എന്നീ മൂന്ന് ജനുസുകളിലുള്ള ഈ വൈറസുകളിൽ ഏറ്റവും മാരകം സി ജനുസിൽ ഉള്ള വൈറസാണ്.
3. ഗോവസൂരി...... സമ്പർക്കത്തിലൂടെയാണ് ഈ രോഗം പടരുന്നത്. മനുഷ്യരിലേക്കും ഈ രോഗം പടരാറുണ്ട്. ഗോവസൂരി ബാധിച്ച പശുക്കളിൽ നിന്നും ഈ രോഗം പകരാം.
4. ആന്ത്രാക്സ്........... ബാസില്ലസ് ആന്ത്രാസിസ് എന്ന ബാക്ടീരിയായാണ് ഈ രോഗത്തിന് കാരണം. മൃഗങ്ങൾക്ക് ബാധിക്കുന്ന ഈ രോഗം ഇതിന്റെ മാംസം ഭക്ഷിക്കുന്നതിലൂടെ മനുഷ്യരിലേക്കും പകരും. വളരെ ഫലപ്രദമായ വാക്സിനുകൾകൊണ്ടും ആന്റിബയോട്ടിക് മരുന്നുകൾ കൊണ്ടും ചിലതരം ആന്ത്രാക്സ് പൂർണ്ണമായം ഭേദമാക്കാം.