തിരുവനന്തപുരം: ട്രഷറിയിൽ നിന്ന് പണം പിൻവലിച്ച പെൻഷൻകാരന് കിട്ടിയ തുകയിൽ
2000 രൂപയുടെ കള്ളനോട്ടുണ്ടെന്ന് ആക്ഷേപം. കരുനാഗപ്പള്ളി സബ് ട്രഷറിയിലാണ് സംഭവം. വ്യാഴാഴ്ച ട്രഷറിയിൽ നിന്ന് പണം പിൻവലിച്ച ചവറ ഗവ. കോളേജ് മുൻ പ്രിൻസിപ്പലാണ് ആക്ഷേപമുന്നയിച്ചത്.
കള്ളനോട്ടാണെന്ന് കണ്ടെത്തി അറിയിച്ചിട്ടും ഒന്നും ചെയ്യാനാവില്ലെന്നും നോട്ട് മാറി നൽകാൻ കഴിയില്ലെന്നുമാണ് ട്രഷറി അധികൃതരുടെ നിലപാട്.
സ്വന്തം അക്കൗണ്ടിൽ നിന്ന് 3 ലക്ഷം രൂപ പിൻവലിച്ചപ്പോൾ രണ്ടായിരത്തിന്റെ ഒരു കെട്ടും 500 ന്റെ രണ്ട് കെട്ടുമാണ് നൽകിയത്. ഇത് മലബാർ ഗ്രാമീൺ ബാങ്കിൽ നിക്ഷേപിക്കാൻ എത്തിയപ്പോൾ ബാങ്ക് അധികൃതരാണ് 2000 ന്റെ കെട്ടിൽ ഒരെണ്ണം കള്ളനോട്ടാണെന്ന വിവരം അറിയിച്ചത്. അവർ തന്നെ വിവരം ട്രഷറിയിൽ വിളിച്ചറിയിക്കുകയും ചെയ്തു. എന്നാൽ അതൊന്നും പരിശോധിക്കാൻ ഇവിടെ സംവിധാനമില്ലെന്നും ഒന്നും ചെയ്യാനാവില്ലെന്നുമുള്ള ഒഴുക്കൻ മറുപടിയാണ് നൽകിയത്. സാധാരണ കള്ളനോട്ട് ബാങ്കിൽ നിക്ഷേപിക്കാനെത്തിയാൽ പൊലീസിൽ അറിയിക്കുകയാണ് രീതി. എന്നാൽ ട്രഷറിയുടെ സീലുള്ളതിനാൽ നടപടി വേണ്ടെന്ന് വയ്ക്കുകയായിരുന്നുവെന്ന് ബാങ്ക് അധികൃതർ പറഞ്ഞു. കള്ളനോട്ട് തിരിച്ച് ട്രഷറിയിൽ തന്നെ എത്തിച്ചുവെങ്കിലും അത് മാറി വേറെ നോട്ട് നൽകാൻ ട്രഷറി അധികൃതർ വിസമ്മതിച്ചു. കള്ളനോട്ടായി കിട്ടിയ പണം നഷ്ടപ്പെട്ട സ്ഥിതിയിലാണ് പെൻഷൻകാരൻ.
സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും വേതന, പെൻഷൻ വിതരണം ട്രഷറി സേവിംഗ്സ് അക്കൗണ്ടിലൂടെയാക്കുന്നത് നിർബന്ധമാക്കി സർക്കാർ ഉത്തരവിറക്കിയതിനിടെയാണ് കള്ളനോട്ട് നൽകിയ വിവരം പുറത്താകുന്നത്. ഇതേക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് അധികൃതർക്ക് പരാതി നൽകാനൊരുങ്ങുകയാണ് റിട്ട. ഗവ. കോളേജ് പ്രിൻസിപ്പൽ.