തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ എസ്.എഫ്.ഐ നടത്തിയ കാടത്തത്തിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.എം നേതാക്കളും ഇടതുപക്ഷ സഹയാത്രികരുമടക്കം കൂടുതൽ പേർ രംഗത്തെത്തി. സംഭവത്തെ ന്യായീകരിക്കില്ലെന്നും തെറ്റുതിരുത്താൻ എസ്.എഫ്.ഐ തയ്യാറാവണമെന്നും കോടിയേരി ബാലകൃഷ്ണനും എസ്.എഫ്.ഐയുടേത് മുട്ടാളത്തമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിയും അഭിപ്രായപ്പെട്ടു. നിരൂപകനും മുൻ കോളേജ് അദ്ധ്യാപകനുമായ പ്രൊഫ. എം.കെ. സാനുവും നിശിതമായ ഭാഷയിൽ സംഭവത്തെ വിമർശിച്ചു.
തികച്ചും അപമാനകരം
എസ്.എഫ്.ഐയുടെ സമീപനത്തിന് വിരുദ്ധമായതാണ് യൂണിവേഴ്‌സിറ്റി കോളേജിൽ സംഭവിച്ചത്. തികച്ചും അപമാനകരവുമാണ്. ഇത് തിരുത്തും. ഈ സംഭവത്തിന്റെ അടിസ്ഥാനത്തിൽ എസ്.എഫ്.ഐ ആകെ മോശമെന്ന് പറയാൻ കഴിയില്ല. കാമ്പസ് അക്രമങ്ങളിൽ കൂടുതൽ ഇരയായിട്ടുള്ളത് എസ്.എഫ്.ഐയാണ്.
-മന്ത്രി തോമസ് ഐസക്
ഇത് മുട്ടാളത്തം, തുടർനടപടി വേണം
ഇടതുപക്ഷത്തെ ആക്രമിക്കുന്നവരെ സഹായിക്കുന്ന സമീപനമാണ് യൂണിവേഴ്സിറ്റി കോളേജിൽ ഉണ്ടായത്. കോളേജിൽ മറ്റ് സംഘടനകളെ അനുവദിക്കില്ലെന്ന് പറയുന്നത് മുട്ടാളത്തമാണ്. എസ്.എഫ്.ഐയുടെ സമീപനത്തിന് വിരുദ്ധമായ നടപടിയാണത്. മറ്റൊരു സംഘടനയ്ക്ക് പ്രവർത്തനം അനുവദിക്കാത്ത നയം എസ്.എഫ്.ഐക്കാരുടേതല്ല, എസ്.എഫ്.ഐ വേഷധാരികളുടേതാണ്. യൂണിറ്റ് പിരിച്ചുവിട്ടാൽ പോരാ, തുടർനടപടി വേണം. അക്രമികൾക്ക് അവസരം കൊടുത്തത് കുറ്റകരമാണ്. എസ്.എഫ്.ഐക്ക് നാണക്കേടുണ്ടാക്കരുത്. സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്നതിന്റെ ശരിയായ അർത്ഥം അറിയാവുന്നവർ നേതൃനിരയിലേക്ക് വരണം.
-എം.എ. ബേബി
സി.പി.എം പോളിറ്റ് ബ്യൂറോ അംഗം
ചരിത്രസ്മാരകമാക്കണം
ക്രിമിനലുകളെ ഉണ്ടാക്കുന്ന സ്ഥാപനമായി യൂണിവേഴ്‌സിറ്റി കോളേജ് മാറി. യൂണിവേഴ്‌സിറ്റി കോളേജ് ചരിത്രസ്മാരകമായി മാറ്റുകയാണ് ഏക പരിഹാരം.
-കെ. മുരളീധരൻ എം.എൽ.എ
അനിഷ്ടമല്ല, നികൃഷ്ടം
യൂണിവേഴ്‍സിറ്റി കോളേജിലുണ്ടായത് അനിഷ്ട സംഭവമെന്നല്ല, നികൃഷ്ട സംഭവമെന്നാണ് പറയേണ്ടത്. ഇത്തരം കൃത്യങ്ങളെ ഞങ്ങളെപ്പോലുള്ള പൊതുപ്രവർത്തകർ ഒരിക്കലും ന്യായീകരിക്കാറില്ല. അഭിപ്രായ വ്യത്യാസങ്ങൾ സംഘടനാപരമായും അല്ലാതെയും ഉണ്ടാകും. ആ വ്യത്യാസങ്ങളെയൊക്കെ അതിവർത്തിച്ച് വിദ്യാർത്ഥികൾ സഹോദരങ്ങളായി കഴിയണമെന്നാണ് അദ്ധ്യാപകനെന്ന നിലയിൽ എനിക്ക് പറയാനുള്ളത്. സർക്കാർ കുറ്റവാളികളെ കണ്ടെത്തി അർഹമായ ശിക്ഷ നൽകണം. ശിക്ഷകളുണ്ടായാലേ ക്രമസമാധാനം പാലിക്കപ്പെടൂ. അത് പാലിക്കണം എന്നാണ് സർക്കാരിനോട് ആവശ്യപ്പെടുന്നത്.
- പ്രൊഫ. എം.കെ. സാനു