ആയിരം കോടിയോളം രൂപ മുതൽ മുടക്കി ഇന്ത്യ ചന്ദ്രനിലേക്ക് വീണ്ടും പേടകത്തെ അയയ്ക്കുന്നത് കേവലം ശാസ്ത്രകൗതുകം കൊണ്ട് മാത്രമല്ല. ഭൂമിയുടെ ഉത്പത്തിയറിയാനും പ്രപഞ്ചരഹസ്യത്തിന്റെ ചുരുളഴിക്കാനും ഇന്ത്യക്കാർ പൗരാണിക കാലം മുതൽ ശ്രമിച്ചു വരുന്നതാണ്. എന്നാൽ പുതിയ കാലത്ത് ഇത്തരം പരീക്ഷണങ്ങൾക്ക് മുതിരുമ്പോൾ ലക്ഷ്യങ്ങളും മോഹങ്ങളും വാനോളമാണ്.
ചന്ദ്രയാൻ 2 വിജയിച്ചാൽ അത് ഇന്ത്യയുടെ അഭിമാന വിജയമായിരിക്കും. ബഹിരാകാശ ഗവേഷണ മേഖലയിൽ വൻ കുതിച്ചുചാട്ടമായിരിക്കും രാജ്യം നടത്തുക. അമേരിക്ക ചന്ദ്രനിൽ കാലുകുത്തിയിട്ട് 50 വർഷം തികയുന്ന ദിവസമാണ് ജൂലായ് 20. അൻപത് വർഷം തികയുന്ന വേളയിൽ ഇന്ത്യ രണ്ടാംചന്ദ്രയാൻ അയയ്ക്കുന്നത് ഒരു ഒാർമ്മപ്പെടുത്തലാണ്. നമുക്ക് നഷ്ടമായ വർഷങ്ങൾ മറികടക്കാനുള്ള മോഹവുമാണ്. ഒരു ഗ്രഹാന്തര ഗവേഷണത്തിന്റെ രീതി ഇങ്ങനെയാണ്. ആദ്യം ഒാർബിറ്റർ അയയ്ക്കും. പിന്നെ ഒാർബിറ്റ് ഇംപാക്ടർ, തുടർന്ന് ഒാർബിറ്റർ, ലാൻഡർ, പിന്നെ ഒാർബിറ്റർ , ലാൻഡർ,റോവർ എന്നിവ ഒരുമിച്ച്. തുടർന്ന് സാമ്പിൾ കൊണ്ടുവരാനുള്ള ശ്രമം. അതിന് ശേഷം മനുഷ്യനുള്ള ഒാർബിറ്റർ അയയ്ക്കും. പിന്നീട് സ്പെയ്സ് ഫ്ളൈറ്റിൽ ആളെ ഇറക്കും. അതിന് ശേഷം ഗ്രഹത്തിൽ ആളെ കുറച്ചുകാലം താമസിപ്പിക്കാനുള്ള ശ്രമം നടത്തും.അമേരിക്ക ഇതിന്റെ അവസാനഘട്ടത്തിൽ ശ്രമം നടത്തുകയാണ്. 2008 ൽ ആദ്യഘട്ടത്തിന് തുടക്കമിട്ട ഇന്ത്യ രണ്ടാമത് ശ്രമിക്കുന്നത് ഇപ്പോഴാണ്. അത് 2013 ലെങ്കിലും നടത്തേണ്ടതായിരുന്നു. എന്നിരുന്നാലും റോവർ ഘട്ടത്തിലേക്കാണ് രണ്ടാം ചുവട് വയ്ക്കുന്നതെന്നത് നേട്ടമാണ്. അത് വിജയിച്ചാൽ ചന്ദ്രനിൽ പര്യവേക്ഷണത്തിന് റോബോട്ടിക് റോവറിനെ അയച്ച രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറും. ബഹിരാകാശ മേഖലയിൽ ഇന്ത്യ നിർണായക ലോകശക്തിയായി മാറാൻ ഇത് വഴിയൊരുക്കും. നിലവിൽ റഷ്യ, അമേരിക്ക, ചൈന എന്നീ രാജ്യങ്ങൾ മാത്രമാണ് ചന്ദ്രനിൽ പര്യവേക്ഷണം നടത്തിയിട്ടുള്ളത്.
ഇതുവരെ ആരും കടന്നുചെല്ലാത്ത ദക്ഷിണധ്രുവത്തിലാണ് പര്യവേക്ഷണമെന്നതും ശ്രദ്ധേയമാണ്. ദക്ഷിണധ്രുവത്തിൽ കൂടുതൽ വെള്ളത്തിന്റെ സാന്നിധ്യം പ്രതീക്ഷിക്കുന്നുണ്ട്.
ഹീലിയം മൂന്ന് ഐസോടോപ്പ് സാദ്ധ്യതയും ലക്ഷ്യം
ഐ.എസ്.ആർ.ഒയുടെ രണ്ടാം ചാന്ദ്രദൗത്യം ലക്ഷ്യമിടുന്നത് ചന്ദ്രനിലെ ഹീലിയം മൂന്ന് ഐസോടോപ്പിന്റെ സാദ്ധ്യതകളാണെന്ന് റിപ്പോർട്ട്. മാലിന്യമുക്തമായ ഊർജസ്രോതസ് എന്നാണ് ഹീലിയത്തെ കണക്കാക്കുന്നത്. ഇതിന്റെ ഖനനസാധ്യതകൾ ചന്ദ്രയാൻ 2 ന്റെ ലക്ഷ്യങ്ങളിലൊന്നാണ്.
ഭൂമിയെപ്പോലെ കാന്തികമണ്ഡലത്തിന്റെ രക്ഷാകവചമില്ലാത്തതിനാൽ, സൗരവാതത്തിന്റെ സ്വാധീനം മൂലമാണ് ചന്ദ്രനിൽ ഹീലിയം 3 നിക്ഷേപിക്കപ്പെടുന്നതെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ചന്ദ്രനിൽ സുലഭമായി കാണുന്ന ഒന്നാണ് ഹീലിയം 3 ഐസോടോപ്പ്. ചന്ദ്രനിൽ ഏകദേശം 10 ലക്ഷം മെട്രിക് ടൺ ഹീലിയം മൂന്നിന്റെ നിക്ഷേപമുണ്ടെന്നാണ് കണക്ക്. ഒരു ടണ്ണിന് ഏകദേശം 500 കോടി ഡോളറാണ് നിലവിൽ മൂല്യമായി കണക്കാക്കുന്നത്.
ഇതിൽ കാൽഭാഗത്തോളം ഭൂമിയിലെത്തിക്കാൻ സാധിച്ചാൽ അത് വലിയ നേട്ടമായിരിക്കും. ഇപ്പോഴത്തെ ഊർജ്ജഉപഭോഗം കണക്കിലെടുത്താൽ ചന്ദ്രനിലെ ഹീലിയം മൂന്ന് പൂർണമായും ഉപയോഗിക്കാൻ സാധിച്ചാൽ, മൂന്ന് നൂറ്റാണ്ടോളം ഭൂമിയിലെ ഊർജ്ജാവശ്യം നിറവേറ്റാൻ സാധിക്കും. അതിനാൽത്തന്നെ ആ ഊർജ്ജസ്രോതസിനെ ഭൂമിയിലെത്തിക്കാൻ ശേഷി നേടുന്നത് ഏത് രാജ്യമാണോ അവർ വലിയ നേട്ടമാണ് കൈവരിക്കുക. ഇക്കാര്യം മുന്നിൽക്കണ്ടാണ് ഐ.എസ്.ആർ.ഒയുടെ ചുവടുവയ്പ്. നിലവിലെ സാങ്കേതികവിദ്യകൾ ഹീലിയം മൂന്നിനെ ഭൂമിയിലെത്തിക്കാൻ പര്യാപ്തമല്ല. ന്യൂക്ലിയർ ഫ്യൂഷൻ റിയാക്ടറുകളിൽ ഊർജോത്പാദനം എളുപ്പമാക്കാൻ ഹീലിയം മൂന്നിന് സാധിക്കും.
ബഹിരാകാശ ഗവേഷണം; ഇന്ത്യയുടെ നേട്ടങ്ങൾ
1969 ൽ ഐ.എസ്.ആർ.ഒ സ്ഥാപിതമായതു മുതൽ ഇന്ത്യ ബഹിരാകാശ രംഗത്ത് നേട്ടങ്ങൾ സ്വന്തമാക്കുകയാണ്. സ്വന്തമായി വിക്ഷേപണ വാഹനമായ പി.എസ്.എൽ.വിനിർമ്മിക്കുന്നതും സ്വന്തം ഉപഗ്രഹ വിക്ഷേപണ നിലയം ശ്രീഹരിക്കോട്ടയിൽ സ്ഥാപിച്ചതും കൂടുതൽ ഭാരമേറിയ ഉപഗ്രഹവിക്ഷേപണത്തിന് ജി.എസ്.എൽ.വി റോക്കറ്റ് നിർമ്മിച്ചതും റോക്കറ്റ് സാങ്കേതികവിദ്യയായ ക്രയോജനിക് എൻജിൻ സ്വന്തമായി വികസിപ്പിച്ചതും ഇന്ത്യയുടെയും ഐ.എസ്.ആർ.ഒയുടെയും നേട്ടങ്ങളാണ്. ഇന്നിപ്പോൾ 5000 കിലോഗ്രാം വരെ ഭാരമേറിയ ഉപഗ്രഹങ്ങൾ ബഹിരാകാശത്തെത്തിക്കാൻ ഇന്ത്യയ്ക്ക് ശേഷിയുണ്ട്. ചൊവ്വയിലേക്ക് ആദ്യശ്രമത്തിൽ തന്നെ പേടകത്തെ എത്തിച്ചതും ചന്ദ്രനിൽ പേടകത്തെ എത്തിക്കാനായതും നേട്ടങ്ങളുടെ പട്ടികയിലുണ്ട്. ഒറ്റ റോക്കറ്റിൽ 104 ഉപഗ്രഹങ്ങൾ വിക്ഷേപിച്ച് റെക്കോഡിട്ടു. കൂടാതെ ഒറ്റ റോക്കറ്റുപയോഗിച്ച് ഒന്നിലേറെ ഉപഗ്രഹങ്ങളെ വ്യത്യസ്ത ഭ്രമണപഥങ്ങളിൽ വിക്ഷേപിക്കാനും കഴിയും. അമേരിക്കയുടെ ജി.പി.എസ് പോലെ ഇന്ത്യൻ മേഖലയിൽ സ്വന്തമായ നാവിക് ഗതിനിർണയ സംവിധാനമുള്ള രാജ്യവും ഇന്ത്യയാണ്. ഇതുവരെ 113 ഉപഗ്രഹങ്ങളാണ് ഇന്ത്യയുടേതായി ബഹിരാകാശത്തെത്തിയത്. ഇതിൽ 106 എണ്ണവും ഇന്ത്യയിൽ നിന്ന് തന്നെ വിക്ഷേപിച്ചവയാണ്. കൂടാതെ 28 രാജ്യങ്ങളുടെ 239 ഉപഗ്രഹങ്ങളും ഇന്ത്യ ഇതിനകം ബഹിരാകാശത്ത് എത്തിച്ചിട്ടുണ്ട്.
ഐ.എസ്.ആർ.ഒയുടെ നാഴികക്കല്ലുകൾ
1981 ജൂൺ 19ന് ആദ്യ പരീക്ഷണ വാർത്താവിനിമയ ഉപഗ്രഹം ആപ്പിൾ വിക്ഷേപിച്ചാണ് നേട്ടങ്ങൾക്ക് ഐ.എസ്.ആർ.ഒ. തുടക്കമിട്ടത്.1982 ഏപ്രിൽ 10 ന് ഇൻസാറ്റ് എ.യു. വിക്ഷേപിച്ച് ഇൻസാറ്റ് പരമ്പരയ്ക്ക് തുടക്കമിട്ടു. 1988 മാർച്ച് 17ന് ഐ.ആർ.എസ് 1എ എന്ന ആദ്യ വിദൂര സംവേദന ഉപഗ്രഹം ഭ്രമണപഥത്തിൽ എത്തിച്ചു. 1991ൽ പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ പി എസ് എൽ വി വികസിപ്പിച്ചെടുത്തു. 2004 ൽ ജി.എസ്.എൽ.വി. വിജയകരമായി വിക്ഷേപിച്ചു.
2008 ഒക്ടോബർ 22ന് ചന്ദ്രയാൻ 1 വിക്ഷേപിച്ചു. 2013 ൽ മംഗൾയാൻ വിക്ഷേപിച്ചു. 2016 ൽ 104 ഉപഗ്രഹങ്ങളെ ഒറ്റ റോക്കറ്റിൽ വിക്ഷേപിച്ച് ലോകത്തെ വിസ്മയിപ്പിച്ചു. 2017 ൽ നാവിക് ഗതിനിർണയ സംവിധാനം സ്ഥാപിച്ചു. 2019 ൽ രണ്ടാം ചന്ദ്രയാൻ വിക്ഷേപണം.
( അവസാനിച്ചു )