vembayam

വെഞ്ഞാറമൂട്: എം.സി റോഡിലെ വാഹനയാത്രക്കാർക്ക് ഇനി ഭയമില്ലാതെ യാത്ര ചെയ്യാം. ഈ റോഡിലെ അപകടക്കെണിയായി മാറിയിരുന്ന സംരക്ഷണഭിത്തിയും കൈവരികളും ഇല്ലാത്ത പാലങ്ങൾ നേരേയാക്കാൻ പൊതുമരാമത്ത് വകുപ്പ് നടപടികളെടുത്തു തുടങ്ങി. റോഡിൽ അപകടക്കെണിയായ പാലങ്ങളെക്കുറിച്ച് സംരക്ഷണ ഭിത്തിയില്ലാത്ത പാലങ്ങൾ എന്ന തലക്കെട്ടിൽ കേരളകൗമുദി ദിനപത്രത്തിൽ വന്ന വാർത്തയെ തുടർന്നാണ് നടപടി. എം.സി റോഡിൽ വെമ്പായം ജംഗ്ഷനിലെ പാലത്തിന്റെ തകർന്ന സംരക്ഷണ ഭിത്തികൾ പുനർനിർമ്മിക്കുന്നതിന്റെ ജോലികളാണ് ഇപ്പോൾ നടക്കുന്നത്. തുരുമ്പെടുത്ത ഭാഗം കോൺക്രീറ്റ് ചെയ്യുന്നതുൾപ്പെടെയുള്ള അറ്റകുറ്റപ്പണികൾക്ക് 4 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. എന്നാൽ തൈക്കാട് ബൈപാസിലേക്ക് കയറുന്നതിന് മുൻപേയുള്ള പാലം, പെരുങ്കൂർ പാലം എന്നിവ ഇപ്പോഴും പഴയ അവസ്ഥയിൽ തുടരുകയാണ്. ഇവ കൂടി അറ്റകുറ്റപ്പണികൾ നടത്തി അപകടങ്ങൾ ഒഴിവാക്കാനുള്ള നടപടികൾ അധികൃതരുടെ ഭാഗത്ത് നിന്നും അടിയന്തരമായി ഉണ്ടാകണം എന്നാണ് നാട്ടുകാരുടെ ആവശ്യം. തൈക്കാട് ബൈപാസും എം.സി റോഡും ചേരുന്ന ഭാഗത്താണ് കൈവരി തകർന്ന പാലമുള്ളത്. തൈക്കാട് ഹയർസെക്കൻഡറി സ്കൂൾ കുട്ടികൾ അടക്കം നിരവധി യാത്രക്കാരാണ് ഈ ഇടുങ്ങിയ പാലത്തിലൂടെ ദിനംപ്രതി കടന്ന് പോകുന്നത്. രാത്രിയിൽ അജ്ഞാത വാഹനം ഇടിച്ചാണ് പാലത്തിന്റെ കൈവരികൾ തകർന്നത്. ഇവിടെ കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ നിരവധി വാഹന അപകടങ്ങൾ ഉണ്ടായിട്ടും അധികൃതർ അനങ്ങാപാറ നയമാണ് സ്വീകരിക്കുന്നതെന്ന് ആക്ഷേപമുയർന്നിരുന്നു. എം.സി റോഡിൽ പെരുങ്കൂരിന് സമീപത്തുള്ള പാലത്തിന്റെ ഇരുവശത്തെയും കൈവരികൾ തകർന്ന നിലയിലാണ്. ഇവിടെ ശ്രദ്ധയൊന്ന് മാറിയാൽ നേരെ തോട്ടിലേക്ക് വീഴുന്ന സ്ഥിതിയാണ്. കാൽ നടയാത്രക്കാരും രാത്രി കാലത്ത് യാത്ര ചെയ്യുന്ന വാഹനയാത്രക്കാരും എറെ ബുദ്ധിമുട്ടിലാണ്.