kodiyeri-balakrishnan

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥിക്ക് കുത്തേറ്റ സംഭവം അത്യന്തം ദൗർഭാഗ്യകരമാണെന്നും പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കുത്തേറ്റ് ചികിത്സയിൽ കഴിയുന്ന അഖിൽ ചന്ദ്രനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാർട്ടി പ്രതികളെ സംരക്ഷിക്കുന്നുവെന്നത് പ്രതിപക്ഷത്തിന്റെ ആരോപണം മാത്രമാണ്. പൊലീസ് അന്വേഷണം ഫലപ്രദമായി നടക്കുന്നുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസിന് എവിടെയും പരിശോധന നടത്താം. സംഘർഷത്തിന്റെ പേരിൽ കോളേജ് മാറ്റി സ്ഥാപിക്കേണ്ട ആവശ്യമില്ല. തെറ്റ് സംഭവിച്ചാൽ കർശന നടപടികൾ സ്വീകരിക്കുകയും തിരുത്തൽ നടപടികൾ കൈകൊള്ളുകയുമാണ് വേണ്ടത്. കുറ്റക്കാർക്കെതിരെ എസ്.എഫ്.ഐ തന്നെ നടപടി സ്വീകരിച്ചിട്ടുണ്ട്. യൂണിറ്റ് പുനഃസംഘടിപ്പിക്കാനുള്ള ക്രമീകരണങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു.

സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി,​ കേന്ദ്ര കമ്മിറ്റി അംഗം എം.വി. ഗോവിന്ദൻ,​ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു,​ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി വി. ശിവൻകുട്ടി,​ എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി.എ. വിനീഷ്,​ സെക്രട്ടറി കെ.എം. സച്ചിൻദേവ്,​ ജില്ലാ സെക്രട്ടറി റിയാസ് വഹാബ് എന്നിവരും കോടിയേരിക്കൊപ്പം എത്തിയിരുന്നു.