മൺസൂണിന്റെ കവാടവും മഴയുടെ നാടുമായ കേരളത്തിൽ കാലവർഷം ഉൾപ്പെടെയുള്ള മഴക്കാലത്തിന്റെ താളംതെറ്റുന്നു. വർഷത്തിൽ ജൂൺ മുതൽ സെപ്തംബർ വരെയുള്ള കാലവർഷമാണ് വാർഷിക മഴയുടെ 70 ശതമാനവും സംസ്ഥാനത്ത് പെയ്ത്തുമഴയായി എത്തേണ്ടത്. ഇൗവർഷം ഇതുവരെ 43 ശതമാനം മഴ കുറവാണ് അനുഭവപ്പെട്ടത്.
വർഷത്തിൽ 120 ദിവസം വരെ മഴ ലഭിച്ചിരുന്ന കേരളത്തിൽ മഴദിനങ്ങളുടെ എണ്ണത്തിൽ കുറവുണ്ടാകുന്നതായാണ് കാണുന്നത്. അതിവൃഷ്ടിയും മഴയില്ലായ്മയും കേരളത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. സാധാരണയായി വേനൽ മഴയിൽ കുറവുണ്ടാകുമ്പോഴാണ് പ്രതിസന്ധികൾ രൂപപ്പെടുന്നത്. 140 വർഷത്തെ ഏറ്റവും വലിയ വരൾച്ചയാണ് 2016 ൽ നാം നേരിട്ടത്. 2018 ലാകട്ടെ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയവും. വേനൽമഴയിലെ കുറവും തുലാവർഷത്തിലെ വർദ്ധനയുമാണ് മുൻപ് അനുഭവപ്പെട്ടത്. കഴിഞ്ഞ വർഷമാകട്ടെ ജൂലായിലും ആഗസ്റ്റിലും വലിയ മഴ ലഭിച്ചു. 2019 ജൂലായ് ആകുമ്പോൾ മഴ മാറുകയാണ്.
ജൂലായ് മാസത്തെ മഴ ആഗസ്റ്റിലുണ്ടാകുമെന്നാണ് പ്രവചനം. വാർഷിക കണക്കെടുപ്പിൽ എല്ലാം ശരിയാകും. പക്ഷേ കേരളം പോലുള്ള ഭൂപ്രദേശത്ത് കുറഞ്ഞ കാലയളവിൽ കൂടുതൽ മഴ ലഭിച്ചാൽ മഴക്കാലത്ത് വെള്ളപ്പൊക്കവും പ്രളയവും, മഴ മാറിയാൽ വരൾച്ചയും ജലക്ഷാമവുമെന്നതാകും സ്ഥിതി. 2018 ഡിസംബർ, 2019 ജനുവരി മാസങ്ങളിൽ അനുഭവപ്പെട്ട അതിശൈത്യവും ശുഭലക്ഷണമല്ല . തീവ്രമഴയും കഠിനശൈത്യവും വരൾച്ചയും മാറിമാറി വരുന്നത് ദീർഘകാലയളവിൽ മരുവത്കരണത്തിലേക്ക് മാറും.
കേരളത്തിന്റെ ഭൂഘടനയിൽ ഗൗരവമായ മാറ്റങ്ങളാണുണ്ടാകുന്നത്. കാടിന്റെ വിസ്തൃതി മലനാട്ടിൽ അനുദിനം കുറഞ്ഞുവരികയാണ്. ഇടനാടൻ കുന്നുകൾ, ജലാർദ്രപ്രദേശങ്ങൾ എന്നിവയും കളമൊഴിയുകയാണ്. അന്തരീക്ഷത്തിന്റെ സൂക്ഷ്മ താപനില വർദ്ധിപ്പിക്കുന്ന നിലയിൽ സിമന്റിടമായി നിർമാണമേഖലയും മുന്നിലുണ്ട്. പ്രകൃതിദത്ത ഘടകങ്ങളെല്ലാം ഇല്ലാതാവുകയാണ്. മണ്ണിന്റെ ജലാഗിരണ ശേഷിയിലും കുറവുണ്ടാകുന്നത് വെല്ലുവിളികളുടെ സങ്കീർണത വർദ്ധിപ്പിക്കും. കണിക്കൊന്ന പൂക്കുന്നതിന് പ്രത്യേക കാലമില്ലാതായതും മാവ്, പ്ളാവ്, മറ്റ് സസ്യങ്ങൾ എന്നിവയുടെ പൂക്കാലം മാറിയതും നാം അറിഞ്ഞതാണ്. കേരളത്തിന്റെ മണ്ണിനും വായുവിനും എന്തൊക്കെ മാറ്റമാണ് സംഭവിച്ചതെന്ന് വിലയിരുത്തപ്പെടണം.
മാറുന്നതും ഏറുന്നതും കുറയുന്നതുമായ മഴ ബാധിക്കുന്നത് നമ്മുടെ വിവിധ വികസന മേഖലകളെത്തന്നെയാണ്. 2030 കളോടുകൂടി ഭാരത്തിൽ കടുത്ത ജലസമ്മർദ്ദം (water stress) ഉണ്ടാകുമെന്ന മുന്നറിയിപ്പുണ്ടായിട്ട് ഒരു ദശകമായി. ചെന്നൈയും ഡൽഹിയും ബാംഗ്ളൂരും സീറോ വാട്ടർ മണിക്കൂറിലേക്ക് മാറിയതും വാർത്തകളിൽ ഇടംപിടിച്ചു. ദാഹനീരില്ലാതെ ഒരു ജനതയുടെ വിലാപം എത്ര ദയനീയമായിരുന്നു. ഉറക്കമില്ലാത്ത രാവുകളെക്കുറിച്ചുള്ള ജനങ്ങളുടെ ദീനരോദനം നമ്മുടെ കണ്ണുതുറപ്പിക്കണം.
കേരളത്തിലെ കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം നാമിനിയും ഗൗരവമായി എടുത്തിട്ടില്ല എന്നതാണ് ദു:ഖകരമായ സത്യം. മൺസൂണിനെ ആശ്രയിച്ച് രൂപപ്പെടുത്തിയ കാർഷിക വിളകൾക്കും കൃഷിരീതികൾക്കും ഇനി എത്രകാലം ആയുസുണ്ടാകുമെന്ന് പറയാനാവില്ല. കുടിവെള്ളം മുതൽ പരിസ്ഥിതിയുടെയും ആവാസ വ്യവസ്ഥകളുടെയും നിലനിൽപ്പിനുൾപ്പെടെ ധാരാളം ജലം ആവശ്യമാണ്. വർഷത്തിൽ എപ്പോഴെങ്കിലും കണക്കുകളൊപ്പിച്ച് മഴ ലഭിച്ചിട്ട് കാര്യമില്ല.
സമഗ്രവും ശാസ്ത്രീയവുമായ ജലസംരക്ഷണ, സംഭരണമാർഗങ്ങൾ രൂപപ്പെടുത്തിയേ കഴിയൂ. പ്രകൃതിവിഭവങ്ങളും ആവാസ വ്യവസ്ഥകളും പരമാവധി സംരക്ഷിക്കപ്പെടണം. സൂക്ഷ്മകാലാവസ്ഥയെ സ്വാധീനിക്കാൻ ഇനിയുമേറെ പച്ചപ്പുണ്ടാകേണ്ടിയിരിക്കുന്നു. ജലത്തിന്റെ ഉപയോഗത്തിലും പുനരുപയോഗത്തിലും പുതിയ മാർഗങ്ങളും രീതികളും ഇനിയും ധാരാളമുണ്ടാകണം. ജലമലിനീകരണത്തിന്റെ സാദ്ധ്യതകൾ പരമാവധി കുറയ്ക്കാൻ കഴിയേണ്ടതാണ്.
പുതിയ വിത്തിനങ്ങൾ ജലസേചന മാർഗങ്ങൾ ജലസംരക്ഷണ മാർഗങ്ങൾ എന്നീ മേഖലകളിൽ പുതിയ രീതികൾ ധാരാളമായി വികസിപ്പിക്കേണ്ടതുണ്ട്. ജലവും പരിസ്ഥിതിയും സംരക്ഷിക്കപ്പെടുന്ന നിർമ്മാണ രീതികൾ വികസിപ്പിക്കേണ്ടതാണ്. തികച്ചും വികേന്ദ്രീകൃതമായ ജലവിതരണ സംവിധാനങ്ങൾ, വ്യത്യസ്ത ആവശ്യങ്ങൾക്ക് വിവിധ ഗുണനിലവാരമുള്ള ജലത്തിന്റെ സാദ്ധ്യതകൾ എന്നിവയൊക്കെ പരിഗണിക്കേണ്ട വിഷയങ്ങളാണ്. മഴവെള്ള സംഭരണ, കൃത്രിമ ഭൂജലവർദ്ധന പ്രവർത്തനങ്ങൾ വ്യാപകമാക്കേണ്ടതുണ്ട്. ജലക്ഷാമവും ദാരിദ്ര്യവും മനസിലാക്കിയുള്ള ഹ്രസ്വകാല പ്രവർത്തനങ്ങളിലൂടെ താത്കാലിക ജലപ്രതിസന്ധികൾ പരിഹരിക്കാനാവും. സുസ്ഥിരമായ ജലപരിസ്ഥിതി സുരക്ഷയ്ക്കായി ദീർഘകാലയളവിലുള്ള വിപുലമായ പ്രവർത്തനങ്ങൾ ആവശ്യമാണ്. നാമിന്നു തുടരുന്ന വികസന കാഴ്ചപ്പാടുകളും അവയിലൂന്നിയ പ്രവർത്തനങ്ങളിലൂടെയും വർദ്ധിച്ചുവരുന്ന പ്രതിസന്ധികൾ പരിഹരിക്കാനാവില്ല. കാലാവസ്ഥാ മാറ്റവും അത് ഒാരോ മേഖലയിലും സൃഷ്ടിക്കാവുന്ന ഗുണദോഷങ്ങളും വിലയിരുത്തപ്പെടണം. അതിനനുസരിച്ചുള്ള പഠന ഗവേഷണങ്ങൾ, മാതൃകകൾ എന്നിവയും ഉണ്ടാകണം. നിലവിലുള്ള സംവിധാനങ്ങളുപയോഗിച്ച് അധികദൂരം പോകാനാവില്ല എന്നതാണ് യാഥാർത്ഥ്യം. കാലത്തിനനുസരിച്ച് സർക്കാർ മേഖലയിലും വകുപ്പുകളിലും അനിവാര്യമായ മാറ്റം കൊണ്ടുവരണം. പരമ്പരാഗത ശൈലിയും സംവിധാനങ്ങളും ഉപയോഗിച്ച് പുതിയ പ്രശ്നങ്ങൾ പരിഹരിക്കാനാവില്ല. പഴയ ആയുധങ്ങൾ മൂർച്ചകൂട്ടിയിട്ട് കാര്യമില്ല. പ്രശ്നങ്ങളുടെ സങ്കീർണത ഒരിക്കലും പരിഹരിക്കാനാവാതെ പുതിയ പ്രശ്നങ്ങൾ കൂടിയുണ്ടാകും എന്നതാകും സ്ഥിതി. കാലം മാറുന്നു, കാലാവസ്ഥയും. പുതിയ രൂപങ്ങൾക്കനുസരിച്ച് നാം മാറേണ്ടതുണ്ട്. അത് കാലത്തിന്റെ ആവശ്യം കൂടിയാണ്, നിലനിൽപ്പിന്റെയും.
ജൂൺ ഒന്നുമുതൽ ജൂലായ് പതിനൊന്നുവരെ കേരളത്തിലെ വിവിധ ജില്ലകളിലെ മഴക്കുറവ് മി. മീറ്റർ
ജില്ല
തിരുവനന്തപുരം 402.6 305.7 24
കൊല്ലം
പത്തനംതിട്ട 710.2 334.3 53
ആലപ്പുഴ 776 462.5 40
കോട്ടയം 868.5
ഇടുക്കി 1090.4
എറണാകുളം 930.8
തൃശൂർ 1024 508 50
പാലക്കാട് 670.7
മലപ്പുറം 913.4
വയനാട് 1064.7
കോഴിക്കോട് 1218.2
കണ്ണൂർ 1242
കാസർകോട് 1388.4 751.4 46
കേരളം ആകെ മഴകുറവ് 43
ലേഖകൻ പരിസ്ഥിതി ശാസ്ത്രജ്ഞനാണ് ഫോൺ : 9847547881