ഹോട്ടലുകളിൽ വില തോന്നിയപോലെ
തിരുവനന്തപുരം:സാധാരണ ജനങ്ങളെ ദുരിതത്തിലാക്കി പൊതുവിപണിയിൽ പകുതിയോളം അവശ്യസാധനങ്ങൾക്ക് വില കൂടുന്നു. ഹോട്ടലുകളിലും ബേക്കറികളിലുമെല്ലാം വില തോന്നും പോലെയാണ് കൂട്ടുന്നത്. രണ്ടാഴ്ചയായി പച്ചക്കറി വില കൂടുകയാണ്. ചില പലവ്യഞ്ജനങ്ങൾക്കും വില കയറി. ചിലതിനൊക്കെ വില കുറഞ്ഞു.
അരിക്ക് വില കുറഞ്ഞിട്ടും ഹോട്ടലുകളിലെല്ലാം ഊണിനു വില കൂട്ടി. ചെറുകിട ഹോട്ടലുകളിൽ 50ൽ നിന്ന് 60 ആക്കി. മുന്തിയ ഹോട്ടലിൽ 120ൽ നിന്ന്150 ആക്കി. വെജിറ്റബിൾ ഫ്രൈഡ് റൈസിന് 90-100ൽ നിന്ന് 120-130 രൂപയായി. 'പ്യൂർ വെജിറ്റേറിയൻ' ഹോട്ടലുകളാണ് കൊള്ള വില വാങ്ങുന്നത്.
ഉഴുന്നിന് കഴിഞ്ഞ വർഷം 79.29 രൂപയായിരുന്നു. ഇപ്പോൾ 92.07 ആണ്. കഴിഞ്ഞ മാസം 91.25 രൂപയായിരുന്നു. ഉഴുന്ന് ചേർക്കുന്ന ദോശ വിഭവങ്ങളുടെ വില 30ശതമാനം കൂടി. 50 രൂപയായിരുന്ന മസാലദോശയ്ക്ക് 65 രൂപയായി. ഒണിയൻ ദോശ 55 ൽ നിന്ന് 70 ആയി.
ഗോതമ്പിന് വില കൂടിയിട്ടേ ഇല്ല. എന്നിട്ടും 40 രൂപയായിരുന്ന ഒരു സെറ്റ് ചപ്പാത്തിയുടെ വില 50 ആയി. സിംഗിൾ ചപ്പാത്തി വില 10ൽ നിന്ന് 12 ആയി.
പച്ചക്കറി വില കൂടുന്നതുകൊണ്ടാണ് വിഭവങ്ങൾക്ക് വില കൂട്ടുന്നത് എന്നാണ് ഹോട്ടലുകാരുടെ ന്യായം. മിക്ക കടകളും മുന്തിയ പച്ചക്കറികൾ ഒഴിവാക്കും. കഴിഞ്ഞ വർഷം 27.57രൂപയായിരുന്ന കാബേജിന് ഇപ്പോൾ 43.86 രൂപയാണ്. കഴിഞ്ഞ മാസം 39.14 രൂപയും. രണ്ടാം സ്ഥാനം കാരറ്റിനാണ് - 45ൽ നിന്ന് 68 ആയി.
വില കൂടിയത് *
ഇനം ഇപ്പോൾ കഴിഞ്ഞ ജൂലായിൽ
ഉഴുന്ന് 92.07 79.29
പയർ 72.88 61.13
പരിപ്പ് 67.00 49.00
കരിപ്പോട്ടി 155.00 149.00
വനസ്പതി 100.00 95.00
മല്ലി 102.71 84.79
വറ്റൽ മുളക് 133.70 125.29
ചേന 39.21 36.93
ചേമ്പ് 69.00 60.57
കാരറ്റ് 68.07 45.07
ബീറ്ററൂട്ട് 46.50 43.79
മത്തങ്ങ 29.07 22.86
കാബേജ് 43.86 27.57
വില കുറഞ്ഞത്
കുമ്പളങ്ങ 23.07 30.64
വെള്ളരിക്ക 21.71 27.36
ഉരുളക്കിഴങ്ങ് 27.43 31.86
പുളി 142.21 162.50
ചെറിയ ഉള്ളി 64.86 66.86
വെളിച്ചെണ്ണ 169.07 205.86
ശർക്കര 50.43 53.07
പഞ്ചസാര 37.93 39.00
തേങ്ങ (10എണ്ണം ) 157.27 198.91
പച്ചമുളക് (100ഗ്രാം ) 6.36 7.36
അരിവില
മട്ട 37.93 39.93
ചമ്പാവ് 40.00 44.00
റോസ് 38.65 40.30
വെള്ള 30.00 31.00
(*സർക്കാരിന്റെ എക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്ട്മെന്റിന്റെ കണക്ക് )